മുതിർന്ന പൗരനാണോ? നിക്ഷേപിക്കുന്നതിന് മുൻപ് ഈ നിയമങ്ങൾ അറിയൂ
സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിന്റെ ചില പ്രധാന മാനദണ്ഡങ്ങളിൽ കേന്ദ്രം മാറ്റം വരുത്തി. സംശയങ്ങള്‍ തീർക്കാം
അറുപത് വയസ്സ് പ്രായമുള്ള വ്യക്തികൾക്കോ 55 വയസ്സിന് മുകളിലുള്ള 60 വയസ്സിന് താഴെയുള്ള ജീവനക്കാർക്കോ വേണ്ടിയുള്ളതാണ് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (എസ്‌സിഎസ്എസ്) . പ്രതിവർഷം 8.2 ശതമാനം പലിശയാണ് ഈ നിക്ഷേപത്തിലൂടെ ലഭിക്കുക. സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിന്റെ ചില പ്രധാന മാനദണ്ഡങ്ങളിൽ കേന്ദ്രം മാറ്റം വരുത്തി.
1. നിലവിൽ, റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ലഭിച്ച് ഒരു മാസത്തിനുള്ളിൽ നിക്ഷേപം നടത്തണം. ഇത് മൂന്ന് മാസമാക്കി വർധിപ്പിച്ചു.
2.ജോലിക്കിടെ മരണമടഞ്ഞ സർക്കാർ ജീവനക്കാരുടെ ജീവിതപങ്കാളിക്കും പദ്ധതിയിൽ നിക്ഷേപിക്കാൻ പുതിയ നിയമങ്ങൾ അനുമതി നൽകുന്നു. മരിച്ച സർക്കാർ ജീവനക്കാരന് അൻപത് വയസ്സ് തികഞ്ഞതാണെങ്കിൽ, ഇത് അനുവദിക്കും. വിരമിക്കൽ ആനുകൂല്യത്തിനോ മരണ നഷ്ടപരിഹാരത്തിനോ അർഹതയുള്ള എല്ലാ കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർക്കും ഈ ആനുകൂല്യം നൽകും.ഇത് യോഗ്യതയുടെ വ്യാപ്തി വർദ്ധിപ്പിക്കുകയും മരണമടഞ്ഞ സർക്കാർ ജീവനക്കാരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സുരക്ഷ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
3.പുതിയ ചട്ടങ്ങൾ അനുസരിച്ച്, നിക്ഷേപത്തിന്റെ ഒരു വർഷത്തെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്താൽ, നിക്ഷേപത്തിന്റെ ഒരു ശതമാനം തടഞ്ഞുവയ്ക്കപ്പെടും. ഒരു വർഷം കഴിയുന്നതിന് മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്താൽ മുഴുവൻ തുകയും അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കുമെന്നതായിരുന്നു നേരത്തെയുള്ള ചട്ടം
4.അക്കൗണ്ട് ഉടമകൾക്ക് ഇപ്പോൾ എത്ര ബ്ലോക്കുകളിലേക്കും അക്കൗണ്ട് വിപുലീകരിക്കാൻ കഴിയും, ഓരോ ബ്ലോക്കും മൂന്ന് വർഷം നീണ്ടുനിൽക്കും. മുമ്പ് ഒരു തവണ മാത്രമാണ് നീട്ടൽ അനുവദിച്ചിരുന്നത്.
5. കാലാവധി പൂർത്തിയാകുമ്പോൾ നീട്ടുന്ന നിക്ഷേപങ്ങൾക്ക് ബാധകമായ പലിശ നിരക്ക് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. മെച്യൂരിറ്റി തീയതിയിലോ നീട്ടിയ മെച്യൂരിറ്റി തീയതിയിലോ ബാധകമായ പലിശ നിരക്ക് ലഭിക്കും..
6. പ്രൊവിഡന്റ് ഫണ്ട് കുടിശ്ശികകൾ, ഗ്രാറ്റുവിറ്റികൾ, കമ്മ്യൂട്ടഡ് പെൻഷൻ എന്നിവ പോലുള്ളവ ഉൾക്കൊള്ളുന്ന റിട്ടയർമെന്റ് ആനുകൂല്യങ്ങളുടെ വ്യാപ്തി സർക്കാർ നിർവചിച്ചിട്ടുണ്ട്. റിട്ടയർമെന്റ് അല്ലെങ്കിൽ സൂപ്പർആനുവേഷൻ കാരണം വ്യക്തികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ എസ്‌സിഎസ്എസിലെ നിക്ഷേപത്തിന് യോഗ്യമാണെന്ന് ഇതിലൂടെ ഉറപ്പാക്കുന്നു.