മികച്ച പലിശ നൽകുന്ന എസ്ബിഐയുടെ മൂന്ന് സ്പെഷ്യൽ എഫ്ഡി സ്‌കീം; എങ്ങനെ അംഗമാകാം
ആകർഷകമായ പലിശനിരക്കിൽ എസ്ബിഐ അവതരിപ്പിച്ച മൂന്ന് സ്പെഷ്യൽ എഫ്ഡി സ്കീമുകൾ. ഓരോ സ്കീമുകളുടെയും കാലാവധിയും സവിശേഷതകളും പലിശനിരക്കുകളുമെല്ലാം വ്യത്യസ്തവുമാണ്.
വ്യക്തിഗത നിക്ഷേപകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആകർഷകമായ പലിശനിരക്കിൽ വിവിധ തരം സ്ഥിര നിക്ഷേപ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. എസ്ബിഐ വി കെയർ, എസ്ബിഐ അമൃത് കലശ്, എസ്ബിഐ സർവോത്തം എന്നിവയാണ് എസ്ബിഐയുടെ പ്രത്യേക സ്ഥിരനിക്ഷേപ സ്കീമുകൾ. എന്നാൽ ഓരോ സ്കീമുകളുടെയും കാലാവധിയും സവിശേഷതകളും പലിശനിരക്കുകളുമെല്ലാം വ്യത്യസ്തവുമാണ്. എസ്ബിഐയുടെ സ്പെഷ്യൽ സ്കീമുകളെക്കുറിച്ച് വിശദമായി അറിയാം
എസ്ബിഐ അമൃത് കലശ്
400 ദിവസത്തെ ഹ്രസ്വകാല സ്ഥിര നിക്ഷേപത്തിന് ഉയർന്ന പലിശനിരക്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. പൊതു നിക്ഷേപകർക്ക് 7.10 ശതമാനം നിരക്കിലാണ് പലിശ നൽകുക. എന്നാൽ മുതിർന്ന പൗരൻമാർക്ക് 7.60 ശതമാനം നിരക്കിൽ പലിശ നൽകുന്നുണ്ട് അമൃത് കലശ് സ്ഥിര നിക്ഷേപപദ്ധതി. പൊതുവെ കാലാവധി കുറഞ്ഞ സഥിര നിക്ഷേപങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കാണ് നൽകാറുള്ളത്. പ്രവാസികൾക്കും പദ്ധതിയിൽ നിക്ഷേപം നടത്താം. എസ്ബിഐ ബ്രാഞ്ച്, വഴിയോ, ഇന്റർനെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ എസ്ബിഐ യോനോ ആപ്പ് മുഖേനയോ പദ്ധതിയിൽ അംഗമാകാം. ഏപ്രിൽ 12-ന് ബാങ്ക് പുനരവതരിപ്പിച്ച അമൃത് കലശ് സ്ഥിര നിക്ഷേപപദ്ധതിയുടെ കാലാവധി നിലവിൽ ആഗസ്ത് 15 വരെയാണ്.
എസ്ബിഐ സര്‍വോത്തം നിക്ഷേപം
ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന സ്ഥിരനിക്ഷേപ പദ്ധതിയാണിത്.ഈ പദ്ധതിയിലൂടെ നിക്ഷേപകര്‍ക്ക് സാധാരണ സ്ഥിര നിക്ഷേപങ്ങളേക്കാള്‍ ഉയര്‍ന്ന പലിശനിരക്ക് ലഭിക്കും. ഒരു വർഷം മുതല്‍ 2 വർഷം വരെ കാലാവധിയുള്ളതാണ് സർവോത്തം സ്ഥിര നിക്ഷേപങ്ങൾ. രണ്ട് വര്‍ഷത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.9 ശതമാനം പലിശ ലഭിക്കും. ഒരു വര്‍ഷത്തെ കാലാവധിയില്‍ ബാങ്കില്‍ 7.6 ശതമാനം പലിശ ലഭിക്കും. 15 ലക്ഷത്തിന് മുകളില്‍ 2 കോടി വരെയുള്ള നിക്ഷേപങ്ങളും 2 കോടിക്ക് മുകളിൽ 5 കോടി വരെയുള്ള ബൾക്ക് നിക്ഷേപങ്ങളുമാണ് സർവോത്തം നിക്ഷേപ പദ്ധതിക്ക് കീഴിൽ വരുന്നത്.
എസ്ബിഐ വീ കെയർ
എസ്ബിഐ മുതിർന്ന പൗരൻമാർക്കായി അവതരിപ്പിച്ച, എസ്ബിഐ വീകെയർ നിക്ഷേപ പദ്ധതിയിൽ 2023 സെപ്തംബർ 30 വരെ അക്കൗണ്ട് തുറക്കാം.അഞ്ച് മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് വീ കെയർ പദ്ധതി അനുസരിച്ച് 7.50 ശതമാനമാണ് മുതിർന്ന പൗരൻമാർക്കുളള പലിശനിരക്ക്. ഈ സ്ഥിര നിക്ഷേപ പദ്ധതിയുടെ പ്രധാന ലക്ഷ്യം മുതിർന്ന പൗരന്മാരുടെ ടേം ഡെപ്പോസിറ്റുകൾക്ക് അധിക പലിശ നൽകിക്കൊണ്ട് അവരുടെ വരുമാനം സംരക്ഷിക്കുക എന്നതാണ്. ബ്രാഞ്ച് സന്ദർശിച്ചോ നെറ്റ് ബാങ്കിംഗ് ഉപയോഗിച്ചോ യോനോ ആപ്പ് ഉപയോഗിച്ചോ വീ കെയർ എഫ്ഡി ബുക്ക് ചെയ്യാം.
വീ കെയർ സ്ഥിര നിക്ഷേപ പദ്ധതിയുടെ പലിശ മാസത്തിലൊരിക്കൽ വാങ്ങാം. അല്ലെങ്കിൽ വർഷത്തിൽ തവണകളായും വാങ്ങാം. കാലാവധി പൂർത്തിയാകുമ്പോൾ , പലിശവരുമാനം അക്കൗണ്ടിലെത്തും. എന്നാൽ പലിശ ,നിശ്ചിത തുകയിൽ കൂടുതലാണെങ്കിൽ ടിഡിഎസ് അടക്കേണ്ടിവരും.60 വയസ്സിനും അതിന് മുകളിലും പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് മാത്രമേ ഈ സ്‌കീമിൽ നിക്ഷേപിക്കാൻ കഴിയൂ. ഈ സ്‌കീം ഒരു ആഭ്യന്തര ടേം ഡെപ്പോസിറ്റാണ്, അതിനാൽ എൻആർഐ ആയിട്ടുള്ള മുതിർന്ന പൗരന്മാർക്ക് പദ്ധതിയിൽ നിക്ഷേപിക്കാൻ അർഹതയില്ല. പരമാവധി 10 വർഷമാണ് നിക്ഷേപ കാലാവധി .