അഞ്ച് ബില്യൺ ഡോളർ വലിപ്പമുള്ള ആഗോള കമ്പനിയാവാൻ റോയൽ എൻഫീൽഡ്
ഓരോ സാമ്പത്തിക വർഷത്തിലും മൂന്ന് മാസം കൂടുമ്പോൾ ഓരോ മോഡലുകൾ വിപണിയിലിറക്കി സ്വാധീനം വർധിപ്പിക്കാനാണ് ലക്ഷ്യം
ദില്ലി: ലോകത്താകമാനം വൻ സ്വാധീനമുള്ള കമ്പനിയാവാൻ റോയൽ എൻഫീൽഡ്. അഞ്ച് ബില്യൺ ഡോളർ വലിപ്പമുള്ള കമ്പനിയാവാനാണ് ലക്ഷ്യം. ഓരോ സാമ്പത്തിക വർഷത്തിലും മൂന്ന് മാസം കൂടുമ്പോൾ ഓരോ മോഡലുകൾ വിപണിയിലിറക്കി സ്വാധീനം വർധിപ്പിക്കാനാണ് ലക്ഷ്യം.
ബ്രോക്കറേജ് മോട്ടിലാൽ ഓസ്‌വാളാണ് റോയൽ എൻഫീൽഡ് എംഡി വിനോദ് കെ ദസരിയെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ എത്ര കാലത്തിനുള്ളിൽ അഞ്ച് ബില്യൺ ഡോളർ വലിപ്പമുള്ള കമ്പനിയാവാനാണ് ശ്രമമെന്ന് വെളിപ്പെടുത്തിയിട്ടില്ല. ആഭ്യന്തര വിപണിയിലും കയറ്റുമതിയിലും കൂടുതൽ ശ്രദ്ധ ചെലുത്തി മുന്നോട്ട് പോകാനാണ് ആലോചന. അടുത്ത 5 മുതൽ ഏഴ് വർഷത്തേക്ക് വളരെ കൃത്യമായ പ്ലാനിങോടെയാണ് കമ്പനി മുന്നോട്ട് പോകുന്നത്.
കമ്പനിയെ സംബന്ധിച്ച് വളരെ വിജയകരമാണ് സമീപകാലത്ത് പുറത്തിറക്കിയ പുതിയ മോഡലുകളെന്ന് വിനോദ് ദസരി പറഞ്ഞു. ഹിമാലയൻ, 650 സിസി ട്വിൻസ്, മീറ്റോ എന്നിവ വൻതോതിൽ വിറ്റഴിക്കപ്പെട്ടു. അടുത്തതായി പുറത്തുവരുന്ന മോഡലുകളും ഇരുകൈയ്യും നീട്ടി സ്വീകരിക്കപ്പെടുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.