നാല് ബാങ്കുകള്‍ക്ക് പിഴ ചുമത്തി റിസര്‍വ് ബാങ്ക്; മിനിമം ബാലന്‍സില്ലാത്തതിന് പിഴ ഈടാക്കിയത് ഉള്‍പ്പെടെ കാരണം

ബാങ്കുകള്‍ക്കും ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകമായ നിയമങ്ങള്‍ പാലിക്കാത്തതിന്റെയും വീഴ്ച വരുത്തിയതിന്റെയും പേരിലാണ് നടപടി.

reserve bank imposed fine to four cooperative banks and one NBFCs for regulatory violations afe

മുംബൈ: വിവിധ സംസ്ഥാനങ്ങളിലെ നാല് സഹകരണ ബാങ്കുകള്‍ക്കും ഒരു ബാങ്ക് ഇതര ധനകാര്യ സ്ഥാപനത്തിനും (എന്‍.ബി.എഫ്.സി) പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പാലിക്കേണ്ട നിയമപരമായ ചട്ടങ്ങളില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. നാസിക് മര്‍ച്ചന്റ്സ് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, മെഹ്‍സാന അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, സാംഗ്ലി സഹകാരി ബാങ്ക് ലിമിറ്റഡ്, പുതുക്കോട്ടൈ കോ ഓപ്പറേറ്റീവ് ഠൗണ്‍ ബാങ്ക് എന്നിവയ്ക്കും സാപ്പേഴ്സ് ഫിനാന്‍സ് ആന്റ് കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡ് എന്ന ബാങ്ക് ഇതര ധനകാര്യ സ്ഥാപനത്തിനുമാണ് പിഴ ചുമത്തിയത്.

നാസിക് മര്‍ച്ചന്റ്സ് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് 48.30 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ ചട്ടപ്രകാരമുള്ള മേല്‍നോട്ട, റിപ്പോര്‍ട്ടിങ് സംവിധാനങ്ങളില്‍ മാറ്റം വരുത്തി കൃത്രിമം കാണിച്ചതിനും നിക്ഷേപ അക്കൗണ്ടുകള്‍ സംബന്ധിച്ച ക്രമക്കേടുകള്‍ക്കുമാണ് ഈ പിഴ. തട്ടിപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് കാലതാമസം വരുത്തിയതിനും ദീര്‍ഘകാലം ഉപയോഗിക്കാതിരിക്കുന്നതു വഴി പ്രവര്‍ത്തന രഹിതമായ സേവിങ്സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പിഴ ചുമത്തിയതിനും ഉള്‍പ്പെടെയാണ് നടപടി. മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ അക്കൗണ്ട് ഉടമകളെ അറിയിക്കാതെ ബാങ്ക് പിഴ ചുമത്തിയതായും റിസര്‍വ് ബാങ്ക് അറിയിച്ചു.

നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കിലെ പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മെഹ്സാന അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കിന് റിസര്‍വ് ബാങ്ക് 15 ലക്ഷം രൂപ പിഴ ചുമത്തിയത്. ആദായ നികുതി നിയമ പ്രകാരം മുഴുവന്‍ വരുമാനത്തിനും നികുതി ഇളവ് ലഭിക്കാത്ത ട്രസ്റ്റുകള്‍ക്ക് സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നതിനും ഈ ബാങ്കിനെതിരെ നടപടി എടുത്തിട്ടുണ്ട്. ബാങ്ക് ഡയറക്ടര്‍മാരില്‍ ഒരാളുടെ ബന്ധുവിന് നല്‍കിയ വായ്പ പുതുക്കി നല്‍കിയതിനാണ് സാംഗ്ലി സഹകാരി ബാങ്കിന് രണ്ട് ലക്ഷം രൂപ പിഴ ചുമത്തിയത്. ബാങ്കിങ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ബാങ്കിലെ ഒരു ഡയറക്ടര്‍ക്ക് തന്നെ വായ്പകള്‍ നല്‍കിയതിനാണ് തമിഴ്നാട്ടിലെ പുതുക്കോട്ടൈ കോഓപ്പറേറ്റീവ് ഠൗണ്‍ ബാങ്ക് ലിമിറ്റഡിന് 25,000 രൂപ റിസര്‍വ് ബാങ്ക് പിഴ ചുമത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios