ബജറ്റ് പ്രസംഗത്തിലും രാമക്ഷേത്രം പരാമർശിച്ച് ധനകാര്യ മന്ത്രി
ഒരു കോടി വീടുകളിൽ പുറപ്പുറ സോളാർ പദ്ധതി നടപ്പാക്കുമെന്നായിരുന്നു ബജറ്റിലെ പ്രഖ്യാപനം.
ദില്ലി: പാര്‍ലമെന്റിൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തിലും അയോദ്ധ്യയിലെ രാമ ക്ഷേത്രം പരാമര്‍ശിച്ച് ധനകാര്യ മന്ത്രി നിര്‍മല സീതാരാമൻ. പുരപ്പുറ സോളാര്‍ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനത്തിലാണ് രാമ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനം അനുസരിച്ചുള്ളതാണ് ഈ പദ്ധതിയെന്ന് ധനകാര്യ മന്ത്രി വിശദീകരിച്ചത്. ഒരു കോടി വീടുകളിൽ പുറപ്പുറ സോളാർ പദ്ധതി നടപ്പാക്കുമെന്നായിരുന്നു ബജറ്റിലെ പ്രഖ്യാപനം.
വീടുകളിൽ സോളാര്‍ പദ്ധതി നടപ്പാക്കുക വഴി പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭിക്കും. ഇതിലൂടെ വര്‍ഷം 15,000 മുതല്‍ 18,000 രൂപ വരെ ഓരോ വീടുകള്‍ക്കും ലാഭിക്കാന്‍ സാധിക്കും. ഇതിന് പുറമെ അധികമുള്ള വൈദ്യുതി വിതരണ കമ്പനികള്‍ക്ക് വില്‍ക്കാനുള്ള അവസരം കൈവരുന്നു. വൈദ്യുത വാഹനങ്ങളുടെ ചാര്‍ജിങിനും സോളാര്‍ പ്ലാന്റുകള്‍ സഹായകമാവും.
സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനും അതിന്റെ ഭാഗങ്ങള്‍ എത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള വലിയ സംരംഭകത്വ അവസരങ്ങളും പദ്ധതിക്ക് അനുബന്ധമായി കൈവരും. സോളാര്‍ പ്ലാന്റുകളുടെ ഘടകങ്ങളുടെ നിര്‍മാണം, സ്ഥാപനം, അറ്റകുറ്റപ്പണികള്‍ എന്നിവയിൽ സാങ്കേതിക വൈഭവമുള്ള യുവാക്കൾക്ക് തൊഴിൽ അവസരങ്ങളും ഈ പദ്ധതിയിലൂടെ കൈവരുമെന്നും ബജറ്റ് പ്രസംഗത്തിൽ വിശദീകരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...