165 കോടിയുടെ പുതിയ പദ്ധതി; 'എൻ വഴി തനി വഴി'യെന്ന് വീണ്ടും തെളിയിച്ച് രത്തൻ ടാറ്റ
165 കോടി രൂപ ചെലവിൽ അഞ്ച് നിലകളിലായാണ് ടാറ്റ ട്രസ്റ്റ് സ്‌മോൾ അനിമൽ ഹോസ്പിറ്റൽ നിർമ്മിച്ചത്. 200 രോഗികളെ പാർപ്പിക്കാനുള്ള സൗകര്യമുണ്ട്.
ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യവസായികളിൽ ഒരാളാണ് രത്തൻ ടാറ്റ. ഏകദേശം 3800 കോടി രൂപയുടെ ആസ്തിയുള്ള രത്തൻ ടാറ്റയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളും ഏറെ പ്രശസ്തമാണ്. ബിസിനസ്സ് ലോകത്ത് നേടിയ നേട്ടങ്ങൾക്ക് പുറമേ, രത്തൻ ടാറ്റ ഒരു മൃഗസ്നേഹി കൂടിയാണ്. പ്രത്യകിച്ച് നായകളോടുള്ള സ്നേഹം അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പലപ്പോഴും പങ്കുവെക്കാറുണ്ട്. മൃഗങ്ങളോട് സഹാനുഭൂതി കാണിക്കുന്ന ടാറ്റ പലപ്പോഴും ഈ അവബോധം വളർത്തുന്നതിനായി നിരവധി കാമ്പെയ്‌നുകൾ ആരംഭിച്ചിട്ടുണ്ട്. ഈ പാത ഇന്നും തുടരുന്ന രത്തൻ ടാറ്റ ഇന്ത്യയിലെ ഏറ്റവും വലിയ മൃഗാശുപത്രികളിൽ ഒന്ന് അടുത്ത മാസം ആരംഭിക്കും.
രത്തൻ ടാറ്റായുടെ ദീർഘകാല സ്വപ്ന പദ്ധതിയാണ് ഈ മൃഗാശുപത്രി. ടാറ്റ ട്രസ്റ്റ്സ് സ്മോൾ അനിമൽ ഹോസ്പിറ്റൽ എന്ന് വിളിക്കപ്പെടുന്ന, രത്തൻ ടാറ്റയുടെ 'പെറ്റ്' പദ്ധതി ഒരുങ്ങ്യന്നത് ഏകദേശം 165 കോടി ചെലവിലാണ്. 2.2 ഏക്കറിൽ പരന്നുകിടക്കുന്ന ആശുപത്രി നായ്ക്കൾക്കും പൂച്ചകൾക്കും മുയലുകൾക്കും മറ്റ് ചെറിയ മൃഗങ്ങൾക്കും വേണ്ടിയുള്ള ചുരുക്കം ചില ആശുപത്രികളിൽ ഒന്നായിരിക്കും. 24x7 സമയവും ഈ ആശുപത്രി പ്രവർത്തനക്ഷമമായിരിക്കും.
മാർച്ച് ആദ്യവാരം ആശുപത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ ഒരു ലോകോത്തര മൃഗാശുപത്രി തുറക്കുക എന്ന രത്തൻ ടാറ്റയുടെ സ്വപ്നം മഹാലക്ഷ്മിയിലെ ടാറ്റ ട്രസ്റ്റ്സ് സ്മോൾ അനിമൽ ഹോസ്പിറ്റലിൻ്റെ ഉദ്ഘാടനത്തോടെ യാഥാർത്ഥ്യമാകും
“ഒരു വളർത്തുമൃഗം ഇന്ന് ഒരാളുടെ കുടുംബത്തിലെ അംഗത്തിൽ നിന്ന് വ്യത്യസ്തമല്ല. എൻ്റെ ജീവിതത്തിലുടനീളം നിരവധി വളർത്തുമൃഗങ്ങളുടെ സംരക്ഷകനെന്ന നിലയിൽ, ഈ ആശുപത്രിയുടെ ആവശ്യകത ഞാൻ തിരിച്ചറിയുന്നു,” ടാറ്റ പറഞ്ഞു.
165 കോടി രൂപ ചെലവിൽ അഞ്ച് നിലകളിലായാണ് ടാറ്റ ട്രസ്റ്റ് സ്‌മോൾ അനിമൽ ഹോസ്പിറ്റൽ നിർമ്മിച്ചത്. 200 രോഗികളെ പാർപ്പിക്കാനുള്ള സൗകര്യമുണ്ട്. ബ്രിട്ടീഷ് വെറ്ററിനറി ഡോക്ടർ തോമസ് ഹീത്‌കോട്ട് ആണ് സംഘത്തെ നയിക്കുക. ആശുപത്രിക്കായി അദ്ദേഹം മുംബൈയിലേക്ക് താമസം മാറിയിട്ടുണ്ട്.
2017ൽ പദ്ധതി പ്രഖ്യാപിച്ചപ്പോൾ നവി മുംബൈയിലാണ് ആശുപത്രി നിർമ്മിക്കാൻ തീരുമാനിച്ചത്. എന്നാൽ ആശുപത്രിയിലേക്ക് എത്തുന്നവർക്ക് ദൂരം ഒരു തടസ്സമായി പ്രവർത്തിക്കുമെന്ന് രത്തൻ ടാറ്റ കരുതി, അതിനാൽ ആശുപത്രി കൂടുതൽ കേന്ദ്രീകൃത സ്ഥലത്തേക്ക് മാറ്റാൻ തീരുമാനിച്ചു.