എഫ്ഡികൾക്ക് ആകർഷകമായ നിരക്ക്; പലിശനിരക്ക് പുതുക്കി ഈ പൊതുമേഖലാ ബാങ്ക്
നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ. അതും റിസ്കില്ലാതെ. ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർ പരിഷ്കരിച്ച പലിശ നിരക്ക് അറിഞ്ഞിരിക്കണം
ദില്ലി: രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി പൊതുമേഖലാ ബാങ്കായ പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് (പിഎസ്ബി). റഗുലർ നിക്ഷേപർക്ക് നിലവിൽ 2.80% മുതൽ 7.10% വരെ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. പുതുക്കിയ പലിശ നിരക്കുകൾ 2023 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു.
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എഫ്ഡി നിരക്കുകൾ
180 മുതൽ 364 ദിവസം വരെ കാലാവധിയിലെ നിക്ഷേപങ്ങൾക്ക് 6 ശതമാനം പലിശയും 1 വർഷത്തിനും 399 ദിവസത്തിനും ഇടയിലുള്ള നിക്ഷേപങ്ങൾക്ക് നിലവിൽ 6.40% പലിശയുമാണ് ബാങ്ക് ലഭ്യമാക്കുന്നത്. 400 ദിവസത്തെ കാലാവധിയുള്ള പ്രത്യേക സ്ഥിരനിക്ഷേപങ്ങൾക്ക് 7.10% നൽകുമ്പോൾ, 401 മുതൽ 554 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.40% പലിശയും നൽകുന്നുണ്ട്.
ALSO READ:മഴക്കാലത്ത് വാഹനം ഓടിക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക; അഭ്യർത്ഥനയുമായി രത്തൻ ടാറ്റ
555 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്കായ 7.35% ആണ് വാഗ്ദാനം ചെയ്യുന്നത്, എന്നാൽ 556 ദിവസം മുതൽ 600 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.40% ആണ്.
601 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് ഇപ്പോൾ 7% ലഭിക്കും, 602 ദിവസം മുതൽ രണ്ട് വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്കും, 602 ദിവസം മുതൽ രണ്ട് വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്കും ബാങ്ക് ഇപ്പോൾ 6.40% പലിശ വാഗ്ദാനം ചെയ്യുന്നു. എന്നാൽ 2 വർഷം മുതൽ 3 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.75% നിരക്ക് ആണ് വാഗ്ദാനം ചെയ്യുന്നത്. 601 ദിവസത്തെ കാലയളവിലെ 7% പലിശയുള്ള എഫ്ഡിയുടെയും, 400 ദിവസത്തിന്റെ 7.10% പലിശയും ഉള്ള നിക്ഷേപത്തിനും 2023 സെപ്റ്റംബർ 30 വരെ സമയപരിധിയുണ്ട്.. അതായത് സെപ്തംബർ 30 വരെ മാത്രമേ ഈ എഫ്ഡികളിൽ അംഗമാകാൻ കഴിയുകയുളളു എന്ന് ചുരുക്കം.
മുതിർന്ന പൗരൻമാർക്ക് അധികനിരക്ക്
2 കോടിയിൽ താഴെയുള്ള ടേം ഡെപ്പോസിറ്റുകൾക്ക് മുതിർന്ന പൗരന്മാർക്ക് 0.50% അധിക പലിശ നിരക്ക് ലഭിക്കും.സൂപ്പർ സീനിയർ സിറ്റിസൺസിന് നിശ്ചിത കാലയളവിലെ (അതായത് 400 ദിവസം, 555 ദിവസം, 601 ദിവസം) ടേം ഡെപ്പോസിറ്റുകൾക്ക് 0.15% അധിക പലിശയും ബാങ്ക് ലഭ്യമാക്കുന്നുണ്ട്.