2000ന്റെ നോട്ടിനോട് മോദിക്ക് താൽപര്യമുണ്ടായിരുന്നില്ല, സമ്മതിച്ചത് മനസില്ലാമനസോടെ: മുൻ പ്രിൻസിപ്പൽ സെക്രട്ടറി
കള്ളപ്പണം തടയാനാണ് ശ്രമമെന്നും വലിയ നോട്ട് വന്നാൽ പൂഴ്ത്തിവെക്കാനുള്ള ശേഷി വർധിക്കുമെന്നും പ്രധാനമന്ത്രി മോദിക്ക് അന്നേ തോന്നിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദില്ലി: നോട്ടുനിരോധനത്തിന് ശേഷം 2000 രൂപയുടെ നോട്ടുകൾ പുറത്തിറക്കുന്നതിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താൽപര്യമുണ്ടായിരുന്നില്ലെന്ന് മുൻ പ്രിൻസിപ്പൽ സെക്രട്ടറി. 2000 രൂപ നോട്ടുകൾ ഇറക്കുന്നതിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുകൂലിച്ചില്ല. എന്നാൽ പരിമിതമായ സമയത്തിനുള്ളിൽ നോട്ട് നിരോധനം നടപ്പാക്കേണ്ടതിനാലും ചെറിയ മൂല്യമുള്ള കറൻസി നോട്ടുകൾ അച്ചടിക്കാനുള്ള ശേഷിക്കുറവും സമയക്കുറവും കാരണമാണ് മനസ്സില്ലാമനസ്സോടെ മോദി 2000 രൂപയുടെ നോട്ടുകൾ ഇറക്കാൻ സമ്മതിച്ചതെന്നും മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
മോദി ഒരിക്കലും 2000 രൂപ നോട്ടിനെ പാവപ്പെട്ടവരുടെ നോട്ടായി കണക്കാക്കിയിട്ടുണ്ടായിരുന്നില്ല. 2000 നോട്ടിനെ പൂഴ്ത്തിവെക്കാൻ ഉപയോഗിച്ചേക്കാമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നെന്നും മിശ്ര പറഞ്ഞു. രാജ്യത്തിന് പുറത്ത് കറൻസി നോട്ടുകൾ അച്ചടിക്കുന്നതിനെ പ്രധാനമന്ത്രി അനുകൂലിച്ചിരുന്നില്ല. നോട്ടുനിരോധനത്തിന് ശേഷം നിലവിലെ കറൻസി നോട്ടുകൾക്ക് പകരം പുതിയ നോട്ടുകൾ നൽകണമെന്ന് തീരുമാനിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
1000, 500 നോട്ടുകൾ പിൻവലിച്ചതിനെ തുടർന്ന് കുറച്ചുകാലത്തേക്കു പുതിയ നോട്ടുകൾ ഇറക്കേണ്ടിയിരുന്നു. അസാധുവാക്കപ്പെട്ട നോട്ടുകൾ സ്വീകരിക്കുകയും പുതിയ നോട്ടുകൾ പുറത്തുകൊണ്ടുവരുകയും ചെയ്യുന്ന സന്ദർഭത്തിൽ പുതിയ നോട്ടുകൾ അച്ചടിക്കാനുള്ള ശേഷി കുറവായിരുന്നു. അങ്ങനെയാണ് 2000 രൂപയുടെ നോട്ട് എന്ന തീരുമാനത്തിലെത്തുന്നത്. കള്ളപ്പണം തടയാനാണ് ശ്രമമെന്നും വലിയ നോട്ട് വന്നാൽ പൂഴ്ത്തിവെക്കാനുള്ള ശേഷി വർധിക്കുമെന്നും പ്രധാനമന്ത്രി മോദിക്ക് അന്നേ തോന്നിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചെറിയ മൂല്യമുള്ള കറൻസി നോട്ടുകൾ അച്ചടി രണ്ടോ മൂന്നോ ഷിഫ്റ്റുകൾ നടത്തിയാലും ലക്ഷ്യം നേടാനാകില്ലെന്നും അദ്ദേഹത്തോട് പറഞ്ഞപ്പോൾ പരിമിതമായ കാലയളവിലേക്ക് 2000 രൂപ നോട്ട് അച്ചടിക്കാൻ മാത്രമാണ് അനുമതി തന്നത്. തത്ത്വത്തിൽ എതിർത്തിരുന്നുവെങ്കിലും പ്രായോഗിക പരിഗണനകൾക്കായി അദ്ദേഹം മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. ഭാവിയിൽ മതിയായ ശേഷിയുണ്ടെങ്കിൽ 2000 രൂപ നോട്ട് നിർത്തലാക്കണമെന്ന് അദ്ദേഹത്തിന് സംശയമുണ്ടായിരുന്നില്ലെന്നും മിശ്ര പറഞ്ഞു.
2018 മുതൽ 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നില്ല. ബാങ്കുകളിൽ നിന്ന് വന്ന 2000 രൂപ നോട്ടുകൾ ആർബിഐയും തിരികെ വിപണിയിൽ എത്തിച്ചിട്ടില്ല. മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകൾ മതിയായ അളവിൽ ലഭ്യമായതോടെ 2000 രൂപ നോട്ടുകളുടെ ലക്ഷ്യം പൂർത്തീകരിച്ചെന്നും അതുകൊണ്ടാണ് പൂർണമായി പിൻവലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഐഡി പ്രൂഫും, അപേക്ഷാ ഫോമും വേണ്ടെന്ന് എസ്ബിഐ; 2000 ത്തിന്റെ നോട്ട് ഇന്ന് മുതൽ മാറ്റിയെടുക്കാം