ആർബിഐ നൽകിയ സമയപരിധി അടുക്കുന്നു, 'പതിനെട്ട് അടവും' പയറ്റി പേടിഎം
എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുമായി യുപിഐ പേയ്‌മെന്റുകൾക്കുള്ള പങ്കാളിത്തത്തിനായി ചർച്ചകൾ നടത്തി പേടിഎം
പ്രതിസന്ധി നേരിടുന്ന പേടിഎം യുപിഐ പേയ്‌മെന്റുകൾക്കുള്ള പങ്കാളിത്തത്തിനായി എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുമായി ചർച്ചകൾ നടത്തിവരികയാണെന്ന് സൂചന. പെട്ടെന്ന് തന്നെ ബാങ്കിംഗ് പങ്കാളിത്തം ആരംഭിക്കുന്നതിനാണ് കമ്പനിയുടെ ശ്രമം. ആർബിഐ നീട്ടി നൽകിയ സമയപരിധി അവസാനിക്കാൻ ഇനി ഒരു മാസത്തിൽ താഴെ മാത്രമാണ് ബാക്കി. റിപ്പോർട്ട് അനുസരിച്ച്, നിലവിലുള്ള എല്ലാ പേടിഎം ഉപഭോക്താക്കളെയും മറ്റൊരു പേയ്‌മെൻറ് സേവന ദാതാവിലേക്ക് മാറ്റാൻ മൂന്ന് മുതൽ ആറ് മാസം വരെ എടുത്തേക്കാം നിലവിൽ, പേടിഎം ഉപഭോക്താക്കൾക്ക് കമ്പനിയുടെ വിപിഎ വഴി അവരുടെ യുപിഐ പേയ്‌മെൻന്റുകൾ നടത്താൻ കഴിയും.
പേടിഎമ്മിന്റെ യുപിഐ പേയ്‌മെന്റുകൾ പേടിഎം പേയ്‌മെൻറ് ബാങ്ക് ലൈസൻസിന് കീഴിലാണ് പ്രവർത്തിക്കുന്നത്. ആർബിഐ ഈ ലൈസൻസ് റദ്ദാക്കുകയാണെങ്കിൽ, ഇത് പേടിഎം യുപിഐ ഇടപാടുകൾ പൂർണ്ണമായും നിർത്തലാക്കുന്നതിലേക്ക് നയിക്കും. നിലവിലുള്ള പ്രതിസന്ധികൾക്കിടയിൽ നാഷണൽ പേയ്‌മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് തേർഡ്-പാർട്ടി ആപ്ലിക്കേഷൻ പ്രൊവൈഡർ (ടിപിഎപി) ലൈസൻസിന് അപേക്ഷിക്കാൻ പേടിഎം ശ്രമിക്കുന്നതായി സൂചനയുണ്ട് . ഈ ലൈസൻസ് ലഭിക്കുന്നതിലൂടെ, ഉപഭോക്താക്കൾക്ക് ആപ്പ് വഴി യുപിഐ പേയ്‌മെൻറുകൾ നടത്താൻ കഴിയുമെന്ന് ഉറപ്പാക്കാൻ പേടിഎമ്മിന് കഴിയും.
മാർച്ച് 15 ന് ശേഷം അക്കൗണ്ടുകളിൽ നിന്നുള്ള നിക്ഷേപങ്ങളും ഇടപാടുകളും നിരോധിച്ചതിനാൽ പേടിഎം പേയ്‌മെന്റ് ബാങ്കിൻറെ ബാങ്കിംഗ് ലൈസൻസ് ആർബിഐ അസാധുവാക്കിയേക്കുമെന്ന് മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ആശങ്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ പുതിയ നീക്കം.