ഗൂഗിള്‍ പേ ഉള്‍പ്പെടെയുള്ള യുപിഐ പ്ലാറ്റ്ഫോമുകളില്‍ പുതിയ മാറ്റങ്ങൾ ഇന്ന് മുതല്‍ പ്രാബല്യത്തിൽ

ഇടപാടുകള്‍ നടത്താത്തവരുടെ യുപിഐ ഐഡികള്‍ മരവിക്കുന്നതാണ്  ഈ വര്‍ഷം ആദ്യം പ്രാബല്യത്തില്‍ വരുന്ന പ്രധാന മാറ്റം,

New changes comes into effect in all upi platforms including google pay from today onwards afe

മുംബൈ: മൊബൈല്‍ ഉപകരണങ്ങള്‍ വഴി അതിവേഗം പണം കൈമാറാന്‍ സാധിക്കുന്ന യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) രാജ്യത്തെ ഏറ്റവും ജനപ്രിയ പണമിടപാട് സംവിധാനമായി മാറിക്കഴിഞ്ഞു. പ്രാബല്യത്തില്‍ വന്ന സമയം മുതല്‍ യുപിഐ ഇടപാടുകളുടെ  എണ്ണവും വലിയ തോതില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ കൂടുതല്‍ സുരക്ഷയും സൗകര്യവും ലക്ഷ്യമിട്ട് റിസര്‍വ് ബാങ്കും, യുപിഐ ഇടപാടുകള്‍ നിയന്ത്രിക്കുന്ന നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും ഈ സംവിധാനത്തില്‍ നിരവധി മാറ്റങ്ങള്‍ ഇതിനോടകം കൊണ്ടുവന്നിട്ടുണ്ട്.

നിലവില്‍ ഗൂഗിള്‍പേ, ഫോണ്‍ പേ, പേടിഎം എന്നിങ്ങനെ നിരവധി പ്ലാറ്റ്ഫോമുകളും ബാങ്കുകളുടെ ഡിജിറ്റല്‍ ചാനലുകളും യുപിഐ ഇടപാടുകള്‍ നടത്താന്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യമൊരുക്കുന്നു. അതേസമയം നേരത്തെ റിസര്‍വ് ബാങ്കും നാഷണല്‍ പേയ്മെന്റ് കോര്‍പറേഷനും യുപിഐ സംവിധാനത്തില്‍ പ്രഖ്യാപിച്ചിരുന്ന ചില മാറ്റങ്ങള്‍ 2024 ജനുവരി ഒന്നാം തീയ്യതി മുതല്‍ പ്രാബല്യത്തില്‍ വരികയാണ്. കഴിഞ്ഞ ഒരു വര്‍ഷമോ അതിലധികമോ യുപിഐ ഇടപാടുകള്‍ ഒന്നും നടത്താത്ത യുപിഐ ഐഡികള്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എല്ലാ ബാങ്കുകള്‍ക്കും ഗൂഗിള്‍ പേ ഉള്‍പ്പെടെയുള്ള യുപിഐ പ്ലാറ്റ്ഫോം കമ്പനികൾക്കും നല്‍കിയ നിര്‍ദേശമാണ് ഇതില്‍ പ്രധാനം. 

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു ഇടപാട് പോലും യുപിഐ സംവിധാനത്തിലൂടെ നടത്തിയിട്ടില്ലാത്തവരുടെ യുപിഐ ഐഡികള്‍ സ്വമേധയാ റദ്ദാവും. ഇനി ഇവര്‍ക്ക് യുപിഐ ഇടപാടുകൾ നടത്തണമെന്നുണ്ടെങ്കില്‍ ഒന്നുകൂടി രജിസ്റ്റര്‍ ചെയ്ത് ആദ്യം മുതല്‍ തുടങ്ങണം. ഫോണ്‍ നമ്പറുകള്‍ മാറുമ്പോഴും മറ്റും ഉപഭോക്താക്കള്‍ യഥാസമയം ബാങ്കുകളെ അറിയിക്കാതെയും സമാനമായ മറ്റ് സാഹചര്യങ്ങളിലും ഉണ്ടാവാന്‍ സാധ്യതയുള്ള തട്ടിപ്പുകള്‍ തടയാന്‍ വേണ്ടിയാണ് സുരക്ഷാ മാര്‍ഗമെന്ന നിലയില്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

നിലവില്‍ യുപിഐ ഇടപാടുകളുടെ പ്രതിദിന പരിധി ഒരു ലക്ഷം രൂപയാണെങ്കിലും ഡിസംബര്‍ എട്ടാം തീയ്യതി റിസര്‍വ് ബാങ്ക് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ചില ഇടപാടുകള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ഇനി യുപിഐ വഴി നടത്താന്‍ സാധിക്കും. ആശുപത്രികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നടത്തുന്ന പണമിടപാടുകള്‍ക്കാണ്ഈ ഇളവ് ബാധകമാനവുന്നത്. വലിയ പണമിടപാടുകള്‍ നടത്തേണ്ടിവരുന്ന സാഹചര്യങ്ങളിലും ഇനി യുപിഐ ഉപയോഗിക്കാമെന്നതാണ് ഇതിന്റെ സവിശേഷത. 

ഇതിന് പുറമെ ഓണ്‍ലൈന്‍ വാലറ്റുകള്‍ പോലെ പ്രീപെയ്ഡ് പേയ്മെന്റ് ഇന്‍സ്ട്രുമെന്റ്സ് (പിപിഐ) ഉപയോഗിച്ച് നടത്തുന്ന രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക്  1.1 ശതമാനം ഇന്റര്‍ചേഞ്ച് ഫീസും ഈടാക്കും. രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള ചില യുപിഐ ഇടപാടുകള്‍ക്ക് നാല് മണിക്കൂര്‍ സമയപരിധി നിശ്ചയിച്ചതാണ് മറ്റൊരു പ്രധാന മാറ്റം. ഒരു ഉപഭോക്താവ് ഇതുവരെ യുപിഐ വഴി പണമിടപാട് നടത്തിയിട്ടില്ലാത്ത മറ്റൊരാളുമായി ആദ്യമായി നടത്തുന്ന ഇടപാടിനാണ് ഈ കാത്തിരിപ്പ് സമയം ബാധകമാവുന്നത്. ഓണ്‍ലൈന്‍ പണമിടപാട് തട്ടിപ്പുകള്‍ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ഇതും. 

യുപിഐ ഉപയോക്താക്കള്‍ക്ക് ടാപ് ആന്റ് പേ സംവിധാനവും അധികം വൈകാതെ നിലവില്‍വരും. യുപിഐ എടിഎമ്മുകളാണ് അടുത്തിടെ വന്ന പ്രഖ്യാപനങ്ങളില്‍ പ്രധാനപ്പെട്ട മറ്റൊന്ന്. ജപ്പാനീസ് കമ്പനിയായ ഹിറ്റാച്ചിയുമായി ചേര്‍ന്ന് രാജ്യത്തുടനീളം യുപിഐ എടിഎമ്മുകള്‍ സ്ഥാപിക്കാനാണ് നീക്കം. ഇതിലൂടെ ഏത് ബാങ്ക് അക്കൗണ്ടില്‍ നിന്നും ക്യു.ആര്‍ കോഡ് സ്കാന്‍ ചെയ്ത് ഈ എടിഎമ്മുകള്‍ വഴി പണം പിന്‍വലിക്കാന്‍ സാധിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios