സംശയം വേണ്ട, സ്ഥിര നിക്ഷേപത്തേക്കാൾ മികച്ചതു തന്നെ; അറിയാം ഈ കേന്ദ്ര സർക്കാർ പദ്ധതിയെ
ഉറപ്പുള്ള റിട്ടേണുകളുള്ള സുരക്ഷിതവും വിശ്വസനീയവുമായ ഒരു സ്ഥിര-വരുമാന നിക്ഷേപ സ്‌കീം ആണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്.
ഒട്ടനവധി നിക്ഷേപ ഓപ്ഷനുകൾ ഇന്ന് നിലവിലുണ്ട്. ആകർഷകമായി പലിശനിരക്കിൽ, കേന്ദ്രസർക്കാർ സുരക്ഷയിൽ നിരവധി സ്കീമുകൾ നിലവിലുണ്ട്. നിശ്ചിത ഇടവേളകളിൽ ഇത്തരം ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സർക്കാർ പുതുക്കാറുമുണ്ട്. ഉറപ്പുള്ള റിട്ടേണുകളുള്ള സുരക്ഷിതവും വിശ്വസനീയവുമായ ഒരു സ്ഥിര-വരുമാന നിക്ഷേപ സ്‌കീം ആണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്. 2023-24 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ജൂൺ പാദത്തിലാണ്, നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റിന്റെ പലിശ നിരക്ക് കേന്ദ്രസർക്കാർ 7.7 ശതമാനം ആയി ഉയർത്തിയത്. നേരത്തെ ഇത് 7 ശതമാനം ആയിരുന്നു. നിലവിൽ 5 വർഷത്തെ ബാങ്ക് സ്ഥിരനിക്ഷേപങ്ങൾ, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, കിസാൻ വികാസ് പത്ര, പോസ്റ്റ് ഓഫീസ് ആർഡി, പ്രതിമാസ വരുമാന അക്കൗണ്ടുകൾ എന്നിവയെക്കാളും മികച്ച പലിശ നിരക്കാണ് എൻഎസ്‌സി സ്കീം വാഗ്ദാനം ചെയ്യുന്നത്.
എത്ര രൂപ സമ്പാദിക്കാം
ഒരു ഇന്ത്യൻ പൗരന്1,000 രൂപ അടച്ചുകൊണ്ട് നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റിൽ അംഗമാകാം. നിക്ഷേപത്തിന് ഉയർന്ന പരിധി ഇല്ല. അഞ്ച് വർഷമാണ് പദ്ദതി കാലാവധി. നിലവിലെ 7.7 ശതമാനം പലിശയിൽ, 10,000 രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ 14,490 രൂപയായി കയ്യിൽകിട്ടും. ഇനി നിങ്ങൾ എൻ സ് സി അക്കൗണ്ടിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ, 5 വർഷത്തിന് ശേഷം, കാലാവധി പൂർത്തിയാകുമ്പോൾ 1,44,900 രൂപയാണ് ലഭിക്കുക.
സംശയം വേണ്ട, സ്ഥിര നിക്ഷേപത്തേക്കാൾ മികച്ചതു തന്നെ
ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം ഈ സ്കീമിൽ ഒരാൾക്ക് 1.5 ലക്ഷം രൂപ വരെ നികുതിയിളവ് അവകാശപ്പെടാം. മാത്രമല്ല എൻഎസ്‌സി പലിശ പ്രതിവർഷം കേന്ദ്രസർക്കാർ പുതുക്കാറുമുണ്ട്. എൻ എസ് സി സ്കീമിന്റെ നിലവിലെ പലിശ നിരക്ക് ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന 5 വർഷത്തെ സ്ഥിരനിക്ഷേപങ്ങളെക്കാൾ മികച്ചതാണ് എന്ന കാര്യം കൂടി നിക്ഷേപകർ ഓർക്കേണ്ടതുണ്ട്.
സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (എസ്‌സിഎസ്എസ്), സുകന്യ സമൃദ്ധി യോജന, കിസാൻ വികാസ് പത്ര, പോസ്റ്റ് ഓഫീസ് ഫിക്സഡ് ഡിപ്പോസിറ്റുകൾ, പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി, പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കും സർക്കാർ ഏപ്രിൽ- ജൂൺ പാദത്തിൽ പുതുക്കിയിട്ടുണ്ട്