പുതുവർഷത്തിൽ പിഴച്ചതാർക്ക്, മുകേഷ് അംബാനി, ഗൗതം അദാനി, ഇലോൺ മസ്‌ക്, ബിൽ ഗേറ്റ്‌സ് എന്നിവരുടെ ആസ്തി അറിയാം
ലോകത്തിലെ ഏറ്റവും വലിയ 10 ശതകോടീശ്വരന്മാരിൽ ഒമ്പത് പേരുടെ ആസ്തിയിൽ ഇടിവ് നേരിട്ടു. ആരൊക്കെയാണ് പുതുവർഷത്തിൽ പരാജയം രുചിച്ച വ്യവസായികൾ? .
പുതുവർഷത്തിൽ ലോകത്തിലെ മിക്ക ഓഹരി വിപണികളും അവധിയായിരുന്നു. ജനുവരി 2 ന് ഓഹരി വിപണി ആരംഭിച്ചപ്പോൾ സൂചികകൾ മാന്ദ്യത്തിലായിരുന്നു. വർഷത്തിന്റെ തുടക്കത്തിൽ തന്നെ ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളുടെ ആസ്തിയിൽ ഇത് കാരണം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ 10 ശതകോടീശ്വരന്മാരിൽ ഒമ്പത് പേരുടെ ആസ്തിയിൽ ഇടിവ് നേരിട്ടു. ആരൊക്കെയാണ് പുതുവർഷത്തിൽ പരാജയം രുചിച്ച വ്യവസായികൾ? .
ഏറ്റവും വലിയ നഷ്ടം നേരിട്ടത് ഫ്രഞ്ച് വ്യവസായി ബെർണാഡ് അർനോൾട്ടിനാണ്. 6.11 ബില്യൺ ഡോളറിന്റെ കുറവാണ് അർനോൾട്ടിന്റെ ആസ്തിയിൽ ഉണ്ടായത്. ഇതോടെ ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുനിന്നും ബെർണാഡ് അർനോൾട്ട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായ ഇലോൺ മസ്‌കിന്റെ ആസ്തിയിൽ വൻ ഇടിവുണ്ടായി. 2024 ന്റെ ആദ്യ പ്രവൃത്തി ദിനത്തിൽ 1.85 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഇലോൺ മസ്ക് നേരിട്ടത്. ഇതോടെ മസ്‌കിന്റെ ആസ്തി 227 ബില്യൺ ഡോളറായി
അതേസമയം, ആസ്തി മൂല്യത്തിൽ ഏറ്റവും വലിയ കുതിപ്പിന് സാക്ഷ്യം വഹിച്ചത് ഗൗതം അദാനിയാണ്. ആഭ്യന്തര വിപണിയിൽ മാന്ദ്യം ഉണ്ടായിരുന്നിട്ടും, മിക്ക അദാനി ഗ്രൂപ്പ് ഓഹരികളും ചൊവ്വാഴ്ച ഉയർന്ന നിലയിലായിരുന്നു. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം, അദാനിയുടെ ആസ്തി 1.63 ബില്യൺ ഡോളർ ഉയർന്നു. ഇതോടെ മൊത്തം ആസ്തി 85.9 ബില്യൺ ഡോളറായി.
ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന്നനായ വ്യക്തിയായ മുകേഷ് അംബാനിയുടെ ആസ്തിയും ഉയർന്നിട്ടുണ്ട്. 86.7 മില്യൺ ഡോളർ നേട്ടമുണ്ടാക്കികൊണ്ട് അംബാനിയുടെ ആസ്തി 97.2 ബില്യൺ ഡോളറിലെത്തി. ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയിൽ 13-ാം സ്ഥാനത്താണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനി.
മുൻനിര അമേരിക്കൻ നിക്ഷേപകനായ വാറൻ ബഫറ്റിന്റെ ആസ്തിയും ഉയർന്നു. 1.56 ബില്യൺ ഡോളറിന്റെ വർധനയോടെ ടോപ് 10 സമ്പന്നരുടെ പട്ടികയിൽ ഇടം പിടിക്കാൻ ബഫറ്റിനായി. സമ്പന്ന പട്ടികയിൽ ബിൽ ഗേറ്റ്‌സ്, സ്റ്റീവ് ബാൾമർ, മാർക്ക് സക്കർബർഗ്, ലാറി പേജ്, ലാറി എലിസൺ, വാറൻ ബഫറ്റ്, സെർജി ബ്രിൻ എന്നിവർ യഥാക്രമം നാലു മുതൽ പത്തു വരെ സ്ഥാനങ്ങളിൽ നിൽക്കുന്നു.