ബജറ്റ് മുഖത്തേറ്റ അടി പോലെയെന്ന് വ്യാപാരി സംഘടന; നിഷേധാത്മക സമീപനമൊന്നും സർക്കാരിനില്ലെന്ന് മന്ത്രി
നമുക്കൊരു പരിശോധന നടത്താം. എന്നിട്ട് സംസാരിക്കാം. നിഷേധാത്മകമായ സമീപനമൊന്നും സർക്കാരിനില്ല എന്നും തോമസ് ഐസക്
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വ്യാപാരികളെ വേണ്ട വിധം പരിഗണിച്ചില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീൻ ആരോപിച്ചു. കഴിഞ്ഞ മൂന്നു വർഷം പ്രളയം, കൊവിഡ് തുടങ്ങിയവയെയൊക്കെ അതിജീവിച്ചവരാണ് തങ്ങളെന്ന് ധനമന്ത്രി മറന്നുപോയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നികുതികൾ കുറയ്ക്കുകയോ നികുതി സംവിധാനത്തിൽ പിഴ ഈടാക്കുന്നത് കുറയ്ക്കുകയോ ചെയ്തില്ല. പുതിയ ആശ്വാസപദ്ധതികൾ പ്രഖ്യാപിച്ചില്ല. കേരളാ ബാങ്കിൽ നിന്ന് എല്ലാവർക്കും പലിശ കുറച്ച് കൊടുത്തതു പോലെ വ്യാപാരികൾക്ക് കൊടുത്തില്ല. കേരളത്തിലെ പത്തു ലക്ഷം വ്യാപാരികൾ പ്രതീക്ഷിക്കുന്ന തോമസ് ഐസക് ഭരിക്കുന്ന കാലത്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സമരം ചെയ്യില്ല, എന്തു പറഞ്ഞാലും അവസാനം തീരുമാനം ആകും എന്നാണ്. ഈ ബജറ്റ് കേട്ടപ്പോ മുഖത്തടിയേറ്റ പോലെ ആയി എന്നും നസറുദ്ദീൻ ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ പറഞ്ഞു.
Read Also: സമഗ്ര സാമ്പത്തിക പാക്കേജ് ഇടം നേടിയില്ല; ബജറ്റിൽ നിരാശയോടെ വിനോദസഞ്ചാര മേഖല സംരംഭകർ...
അക്കാര്യത്തിൽ നമുക്കിരുന്ന് ചർച്ച ചെയ്യാമെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. നേരത്തെ ചർച്ച ചെയ്തിരുന്നു. പക്ഷേ, അന്ന് തിരക്കു കാരണം നേരിട്ട് പങ്കെടുക്കാൻ കഴിഞ്ഞില്ല. ലഭ്യമായ വിവരങ്ങളനുസരിച്ച് കാര്യങ്ങളൊക്കെ പരിഗണിച്ചിട്ടുണ്ട്. നമുക്കൊരു പരിശോധന നടത്താം. എന്നിട്ട് സംസാരിക്കാം. നിഷേധാത്മകമായ സമീപനമൊന്നും സർക്കാരിനില്ല എന്നും തോമസ് ഐസക് മറുപടി പറഞ്ഞു.
Read Also: കടം കയറി ജനത്തിന്‍റെ നടുവൊടിഞ്ഞു; തള്ള് ബജറ്റെന്ന് പികെ കുഞ്ഞാലിക്കുട്ടി...