രണ്ടാംഘട്ട പിരിച്ചുവിടലുമായി മീഷോ; പണി പോകുക ആർക്കൊക്കെ?
ജീവനക്കാർക്ക് അവരുടെ നോട്ടീസ് പീരീഡിലെ മുഴുവൻ വേതനവും ഒരു മാസത്തെ അധിക ശമ്പളവും ലഭിക്കും, 2024 മാർച്ച് 31 വരെ ഫാമിലി ഇൻഷുറൻസ് പരിരക്ഷയും നീട്ടുമെന്ന് കമ്പനി അറിയിച്ചു.
മുംബൈ: സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ മീഷോ രണ്ടാംഘട്ട പിരിച്ചുവിടൽ പ്രഖ്യാപിച്ചു. ഒരു വർഷത്തിനുള്ളിലാണ് മീഷോ രണ്ടാമത്തെ പിരിച്ചുവിടലിനൊരുങ്ങുന്നത്. 251 ജീവനക്കാരെ അതായത് കമ്പനിയുടെ15 ശതമാനം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് റിപ്പോർട്ട്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചെലവ് ചുരുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ വിദിത് ആത്രേ മെയ് 5 ന് പിരിച്ചുവിടൽ തീരുമാനത്തെ മെയിൽ വഴി ജീവനക്കാരെ അറിയിച്ചു.
ബെംഗളൂരു ആസ്ഥാനമായുള്ള നവയുഗ കമ്പനികളിൽ ഒന്നായ മീഷോ കഴിഞ്ഞ വർഷം 250 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. നിലവിൽ ബാധിക്കപ്പെട്ട ജീവനക്കാർക്ക് ഉടനെ മെയിലുകൾ ലഭിച്ച് തുടങ്ങുമെന്നും തുടർന്ന് സ്റ്റാഫ് അംഗങ്ങളും അവരുടെ മാനേജർമാരും തമ്മിലുള്ള മീറ്റിങ്ങുകൾ സുഗമമാക്കുന്നതിന് മീറ്റിംഗ് ലിങ്കുകൾ വ്യക്തിപരമായി പങ്കിടും എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. തൊഴിലാളികൾക്ക് ഞായറാഴ്ച വൈകുന്നേരം വരെ അവരുടെ ജിമെയിൽ സ്ലാക്ക് ചാനലുകളിലേക്ക് ആക്‌സസ് ഉണ്ടായിരിക്കും എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
പുറത്തുപോകുന്ന ജീവനക്കാർക്കുള്ള പാക്കേജിന്റെ ഭാഗമായി, ജീവനക്കാർക്ക് അവരുടെ നോട്ടീസ് പീരീഡിലെ മുഴുവൻ വേതനവും ഒരു മാസത്തെ അധിക ശമ്പളവും ലഭിക്കും, കൂടാതെ 15 ദിവസത്തെ ശമ്പളത്തിന്റെ കാലാവധി അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റിനൊപ്പം, 2024 മാർച്ച് 31 വരെ ഫാമിലി ഇൻഷുറൻസ് പരിരക്ഷയും നീട്ടുമെന്ന് കമ്പനി അറിയിച്ചു.
ആളുകളുടെ എണ്ണം കുറയുന്നതിനൊപ്പം, നേരത്തെ റിപ്പോർട്ട് ചെയ്തതുപോലെ, മീഷോ അതിന്റെ ക്ലൗഡ് ചെലവുകൾ 50 ശതമാനം കുറച്ചു. യഥാർത്ഥത്തിൽ, കഴിഞ്ഞ വർഷം ഡിസംബറിൽ, മീഷോ അതിന്റെ പ്രതിമാസ പണമിടപാട് 90% കുറച്ചുകൊണ്ട് ഏകദേശം 4 മില്യൺ ഡോളറിലെത്തിയതായി കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ധീരേഷ് ബൻസാൽ കഴിഞ്ഞ വർഷം പറഞ്ഞിരുന്നു.