'ഒരു ഗ്ലാസ് ചായയോ കാപ്പിയോ കിട്ടണമെങ്കിൽ സ്‌നാക്‌സ് വാങ്ങണം'; എയർലൈനിനെതിരെ പരാതിയുമായി യാത്രക്കാരൻ
ചായയോ കാപ്പിയോ, ജ്യൂസോ മാത്രമായി വാങ്ങാൻ സാധിക്കില്ല പകരം മറ്റേതെങ്കിലും ലഘു ഭക്ഷണം വാങ്ങുമ്പോൾ അതിനൊപ്പം കോംബോ ആയി മാത്രമേ ഇവ ലഭിക്കൂ.
ഇന്ത്യയിലെ ചെലവുകുറഞ്ഞ മുൻനിര എയർലൈനുകളിലൊന്നായ ഇൻഡിഗോയിൽ പാനീയങ്ങൾ ലഭിക്കാത്തത് ഉപഭോക്തക്കളെ വലയ്ക്കുന്നതായി പരാതി. മൈക്രോ-ബ്ലോഗിംഗ് സൈറ്റായ 'എക്സ്' വഴി ഇൻഡിഗോയുടെ ഈ നയത്തിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.
പാനീയ ക്യാനുകളുടെ വിൽപ്പന മൂന്ന് മാസം മുൻപ് ഇൻഡിഗോ അവസാനിപ്പിച്ചിരുന്നു. ഇപ്പോൾ ഒരു ഗ്ലാസ് ചായയോ കാപ്പിയോ വാങ്ങണമെങ്കിൽ യാത്രക്കാർ ഏതെങ്കിലും ഒരു ലഘു ഭക്ഷണം വാങ്ങണമെന്നത് നിർബന്ധിതരാണ്. അതായത് വ്യക്തിഗത പാനീയ ക്യാനുകളുടെ വിൽപ്പനയാണ് ഇൻഡിഗോ അവസാനിപ്പിച്ചത്. ചായയോ കാപ്പിയോ, ജ്യൂസോ മാത്രമായി വാങ്ങാൻ സാധിക്കില്ല പകരം മറ്റേതെങ്കിലും ലഘു ഭക്ഷണം വാങ്ങുമ്പോൾ അതിനൊപ്പം കോംബോ ആയി മാത്രമേ ഇവ ലഭിക്കൂ.
എക്‌സിൽ ഉപയോക്താവ് ഇൻഡിഗോയുടെ സ്നാക്സ് മെനുവിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു, ഒരു കോമ്പോയുടെ ഭാഗമായി മാത്രം പാനീയ ഓപ്ഷനുകൾ ലഭിക്കുന്നത് പരിതാപകരമാണെന്നും അദ്ദേഹം കുറിച്ചു. 'പലരും ചായ/കാപ്പി കുടിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ അത് ലഭിക്കാത്തതിൽ ഒരാൾക്ക് 200 രൂപയ്ക്ക് ഒരു ലഘുഭക്ഷണവും പാനീയവും വാങ്ങേണ്ടി വരും,'
എയർലൈനിന്റെ സേവനത്തോടുള്ള അതൃപ്തി ഈ പോസ്റ്റിൽ പ്രകടമാണ്. മറ്റ് അനുഭവസ്ഥരും ഈ അഭിപ്രായത്തോട് യോജിച്ചതിനാൽ പോസ്റ്റ് പെട്ടെന്ന് ശ്രദ്ധ നേടി.
മുൻ രാജ്യസഭാ എംപി സ്വപൻ ദാസ് ഗുപ്ത ഇൻഡിഗോയുടെ പുതിയ നയത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. “ഇൻഡിഗോ വിമാനത്തിൽ നിങ്ങൾക്ക് ശീതളപാനീയം വാങ്ങാൻ കഴിയില്ല. നിങ്ങൾക്ക് ആവശ്യമുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ ലഘുഭക്ഷണം വാങ്ങുന്നത് എയർലൈൻ നിർബന്ധമാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ഇത് തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷൻ പുനഃസ്ഥാപിക്കണം എന്ന് ഞാൻ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് അഭ്യർത്ഥിക്കുന്നു" സ്വപൻ ദാസ് ഗുപ്ത ട്വീറ്റ് ചെയ്തു.
ഗോ ഗ്രീനിനോടുള്ള ഞങ്ങളുടെ പ്രതിബദ്ധതതയാണ് ശീതള പാനീയങ്ങളുടെ ക്യാനികൾ ഒഴിവാക്കാൻ കാരണമെന്ന് ഇൻഡിഗോ പറഞ്ഞു. ലഘു ഭക്ഷണത്തിനൊപ്പം ഒരു ഗ്ലാസ് ജ്യൂസ് നൽകുന്നത് ആയിരക്കണക്കിന് ക്യാനുകള്‍ വലിച്ചെറിയുന്നതിൽ നിന്ന് തടഞ്ഞതായി എയർലൈൻ പറഞ്ഞു.