കേരളത്തിലെ വിനോദ സഞ്ചാരത്തിന് പുതിയ കരുത്ത്; ഇനി കൊച്ചിയിൽ നിന്ന് വിയറ്റ്നാമിലേക്ക് നേരിട്ട് പറക്കാം
ഇന്ത്യൻ സമയം രാത്രി 11.50ന് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന വിയറ്റ്ജെറ്റ് വിമാനം വിയറ്റ്നാമിലെ പ്രാദേശിക സമയം രാവിലെ 6.40നാണ് എത്തിച്ചേരുക
കൊച്ചി: കൊച്ചിയിൽ നിന്ന് വിയറ്റ്നാമിലേക്ക് നേരിട്ട് വിമാന സർവീസ് തുടങ്ങുന്നു. ഓഗസ്റ്റ് 12 മുതൽ കൊച്ചിയെയും വിയറ്റ്നാമിലെ ഹോച്ചുമിൻ സിറ്റിയേയും ബന്ധിപ്പിച്ചാണ് പുതിയ വിമാന സർവീസ് ആരംഭിക്കുന്നത്. വിയറ്റ്ജെറ്റ് വിമാനക്കമ്പനിയാണ് സർവീസ് ആരംഭിക്കുന്നത്. വിനോദസഞ്ചാര മേഖലയിൽ ഇന്ത്യക്കും വിയറ്റ്നാമിനും വിമാന സർവീസ് ഏറെ പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്.
വിയറ്റ്നാമിൽ നിന്നെത്തുന്ന വിനോദസഞ്ചാരികൾ കേരളത്തിലേക്ക് എളുപ്പത്തിൽ എത്താൻ ഇതിലൂടെ സാധിക്കും. കേരളത്തിൽ നിന്നടക്കം ഇന്ത്യാക്കാർക്ക് നേരിട്ട് വിയറ്റ്നാമിലേക്കും പറക്കാം. കൊച്ചി - ഹോച്ചുമിൻ സിറ്റി വിമാന സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടന്ന ചടങ്ങിൽ ഇന്ത്യയിലെ വിയറ്റ്നാം അമ്പാസിഡർ വിമാന സർവീസിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
ഇന്ത്യൻ സമയം രാത്രി 11.50ന് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന വിയറ്റ്ജെറ്റ് വിമാനം വിയറ്റ്നാമിലെ പ്രാദേശിക സമയം രാവിലെ 6.40നാണ് എത്തിച്ചേരുക. ഹോച്ചുമിൻ സിറ്റിയിൽ നിന്ന് കൊച്ചിയേലേക്കുള്ള വിയറ്റ്ജെറ്റ് വിമാനം വിയറ്റ്നാമിലെ പ്രാദേശിക സമയം രാത്രി 7.20 ന് പുറപ്പെടും. ഇന്ത്യൻ സമയം രാത്രി 10.50 ന് വിമാനം കൊച്ചിയിൽ എത്തിച്ചേരുമെന്നും അധികൃതർ വ്യക്തമാക്കി.