യുകെയിൽ ഉയർന്ന ഡിമാൻഡുള്ള ജോലികൾ ഏതൊക്കെ? വമ്പൻ വരുമാനം ഉറപ്പാക്കാം
യുകെയിൽ ഉയർന്ന ഡിമാൻഡുള്ള നിരവധി ജോലികൾ ഉണ്ട്. ധാരാളം അവസരങ്ങളുള്ള തൊഴിൽ മേഖലകൾ ഏതെല്ലാമെന്ന് നോക്കാം.
യുകെ സർക്കാരിന്റെ 2022 ലെ കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിലും വെയിൽസിലും താമസിക്കുന്ന ആറിലൊരാൾ സ്വദേശി അല്ലാത്തവരായിരുന്നു. ഇവരിലാകട്ടെ വലിയൊരു ഭാഗം ഇന്ത്യക്കാരാണ്. കൂടാതെ, 2022 ൽ ധാരാളം യുകെ വിസകളും (പഠനം, ജോലി, സന്ദർശനം) ഇന്ത്യക്കാർക്ക് നൽകിയിട്ടുണ്ട്.എന്താണ് ഇത്രയധികം പേരെ യുകെയിലേക്ക് ആകർഷിക്കുന്നത്?
യുകെയിൽ ഉയർന്ന ഡിമാൻഡുള്ള നിരവധി ജോലികൾ ഉണ്ട്. ധാരാളം അവസരങ്ങളുള്ള ഇത്തരം തൊഴിൽ മേഖലകൾ ഏതെല്ലാമെന്ന് നോക്കാം.
ഹെൽത്ത് കെയർ പ്രൊഫഷണലുകൾ
കോവിഡിന് ശേഷം, മിക്ക രാജ്യങ്ങളും ആരോഗ്യ സംരക്ഷണ വിദഗ്ധരുടെ അഭാവം മൂലം വലയുകയാണ്. നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ, കെയർ വർക്കർമാർ, ഹോംകെയർ നൽകുന്നവർ വരെ ഈ പട്ടികയിലുണ്ട്. വൈദഗ്ധ്യമുള്ള ഹെൽത്ത് കെയർ പ്രൊഫഷണലാണെങ്കിൽ, സ്‌കിൽഡ് വർക്കർ വിസ സ്‌കീമിന് കീഴിൽ യുകെയിൽ ജോലി ചെയ്യാൻ അർഹതയുണ്ടായേക്കും. ഈ വിസ യുകെയിൽ 5 വർഷം വരെ ജീവിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്നു. അത് പുതുക്കാനും കഴിയും. ജോലിക്ക് ആവശ്യമായ യോഗ്യതയും പരിചയവും ഉണ്ടായിരിക്കണം.
എഞ്ചിനീയർമാർ
സിവിൽ എഞ്ചിനീയർമാർ, മെക്കാനിക്കൽ എഞ്ചിനീയർമാർ, ഇലക്ട്രിക്കൽ എഞ്ചിനീയർമാർ, ഇലക്ട്രോണിക്സ് എഞ്ചിനീയർമാർ, ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ് എഞ്ചിനീയർമാർ എന്നിവർക്ക് യുകെയിലെ പരമ്പരാഗത എഞ്ചിനീയറിംഗ് മേഖലകളിൽ വലിയ ഡിമാൻഡുണ്ട്. ബിരുദമോ പ്രവൃത്തിപരിചയമോ ഉള്ളത് അത്തരം ജോലികൾക്ക് ഗുണകരമാണ്. എഞ്ചിനീയറിംഗ് യുകെയുടെ കണക്കനുസരിച്ച് 2022 മുതൽ 2027 വരെ യുകെയിലെ എഞ്ചിനീയറിംഗ് വ്യവസായത്തിന്റെ വളർച്ചാ നിരക്ക് പ്രതിവർഷം 2.7% ആണ്.
ഐടി ബിസിനസ് അനലിസ്റ്റുകൾ, ആർക്കിടെക്റ്റുകൾ, സിസ്റ്റം ഡിസൈനർമാർ
ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ ഐടി ബിസിനസ്സ് അനലിസ്റ്റുകൾ, ആർക്കിടെക്റ്റുകൾ, സിസ്റ്റം ഡിസൈനർമാർ എന്നിവരെല്ലാം ഐടി ടീമിൽ അവശ്യം വേണ്ടുന്നവരാണ്. ഐടി സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും അവർ ഒരുമിച്ച് പ്രവർത്തിക്കുന്നു. ഐടിയിൽ നിക്ഷേപം തുടരുന്ന സ്ഥാപനങ്ങൾക്കൊപ്പം ഈ റോളുകൾ വളരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ തൊഴിൽ സാധ്യത കൂടുതലാണ് . , യുകെയിലെ നാഷണൽ കരിയർ സർവീസസ്, ഈ മേഖലയിൽ 2027 ഓടെ 4.2% തൊഴിൽ വളർച്ച പ്രവചിക്കുന്നു. 5,200 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യാം. അതേ കാലയളവിൽ, 39.6% തൊഴിലാളികൾ വിരമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 49,600 തൊഴിലവസരങ്ങൾ സൃഷ്ടിക്കും
പ്രോഗ്രാമർമാരും സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് പ്രൊഫഷണലുകളും
ഈ മേഖലയിൽ 2027 ഓടെ 4.2% തൊഴിൽ വളർച്ച ഉണ്ടാകും. ഇത് 12,500 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും . അതേ കാലയളവിൽ, വിരമിക്കുന്ന തൊഴിലാളികളുടെ എണ്ണം പരിഗണിച്ചാൽ 1,18,900 തൊഴിലവസരങ്ങൾ ഉണ്ടായേക്കും.
സാമ്പത്തിക വിദഗ്ധർ, സ്റ്റാറ്റിസ്റ്റിഷ്യൻമാർ
ഇൻഷുറൻസ്, ധനകാര്യം, സർക്കാർ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ സാമ്പത്തിക വിദഗ്ധർ, സ്റ്റാറ്റിസ്റ്റിഷ്യൻമാർ എന്നിർ പ്രധാന പങ്ക് വഹിക്കുന്നു. സ്ഥിതിവിവരക്കണക്ക്, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ശക്തമായ അടിത്തറ ഉണ്ടെങ്കിൽ ഈ മേഖലയിൽ തൊഴിൽ അന്വേഷിക്കാം. 2027-ഓടെ ഈ മേഖലയിൽ 4.3% തൊഴിൽ വളർച്ച ഉണ്ടാകും. ഇത് 1,800 പുതിയ തസ്തിക സൃഷ്ടിക്കും. അതേ കാലയളവിൽ, 55.3% തൊഴിലാളികൾ വിരമിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് 23,200 തൊഴിലവസരങ്ങൾ ഒരുക്കും.