ഗോ ഫസ്റ്റ് ഇനി പറക്കില്ലേ? ഏറ്റെടുക്കുന്നതിൽ നിന്ന് പിൻമാറി ജിന്‍ഡാല്‍
6500 കോടി രൂപയുടെ കടബാധ്യതയാണ് ഗോ ഫസ്റ്റിനുള്ളത്.സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും , ബാങ്ക് ഓഫ് ബറോഡയുമാണ് ഫസ്റ്റിന് ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയിരിക്കുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് സര്‍വീസ് നിലച്ച വിമാന കമ്പനിയായ ഗോ ഫസ്റ്റ് എയര്‍ലൈനിനെ ഏറ്റെടുക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് ജിന്‍ഡാല്‍ പവര്‍ ലിമിറ്റഡ് പിന്‍മാറി. ഗോ ഫസ്റ്റിന്‍റെ സാമ്പത്തിക ബാധ്യതകള്‍ വിശദമായി വിലയിരുത്തിയ ജിന്‍ഡാല്‍ ഏറ്റെടുക്കലുമായി മുന്നോട്ട് പോകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഗോ ഫസ്റ്റിനെ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷ നല്‍കാനുള്ള അവസാന തീയതി ഇന്നലെ അവസാനിച്ചിരുന്നു. കോടതിയെ സമീപിച്ച് സമയപരിധി നീട്ടി വാങ്ങാമെങ്കിലും ഗോ ഫസ്റ്റിന് വായ്പ നല്‍കിയ ബാങ്കുകള്‍ ഇതുമായി മുന്നോട്ട് പോകില്ലെന്നാണ് സൂചന. നേരത്തെ ഗോ ഫസ്റ്റിനെ വാങ്ങുന്നതിന് ജിന്‍ഡാല്‍ താല്‍പര്യം പ്രകടിപ്പിച്ചതോടെ വായ്പ നല്‍കിയ ബാങ്കുകള്‍ പ്രതീക്ഷയിലായിരുന്നു. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍ ഇന്ന് വായ്പ നല്‍കിയവര്‍ യോഗം ചേര്‍ന്നേക്കും.
ALSO READ: 'എന്തിനിങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നു'; പതഞ്ജലിക്ക് സുപ്രീം കോടതിയുടെ താക്കീത്
6500 കോടി രൂപയുടെ കടബാധ്യതയാണ് ഗോ ഫസ്റ്റിനുള്ളത്.സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും , ബാങ്ക് ഓഫ് ബറോഡയുമാണ് ഫസ്റ്റിന് ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയിരിക്കുന്നത്. സെന്‍ട്രല്‍ ബാങ്ക് 1,987 കോടി രൂപയും ബാങ്ക് ഓഫ് ബറോഡ 1,430 കോടിയുമാണ് ഗോ ഫസ്റ്റിന് നല്‍കിയത്. ഇവയ്ക്ക് പുറമേ ഐ.ഡി.ബി.ഐ. ബാങ്ക്, ആക്‌സിസ് ബാങ്ക്, ഡോയിച്ചെ ബാങ്ക് എന്നിവയാണ് വായ്പ നല്‍കിയ ബാങ്കുകള്‍.
വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് പാപ്പരത്തനടപടിക്കായി മേയിലാണ് അപേക്ഷ നല്‍കിയിരുന്നത്. തകരാറിലായവയ്ക്ക് പകരമുള്ള എന്‍ജിനുകള്‍ അമേരിക്കന്‍ എന്‍ജിന്‍ കമ്പനിയായ പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി ലഭ്യമാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഗോ ഫസ്റ്റിന്റെ നിലപാട്