അനന്ത് അംബാനിയുടെ പ്രീ വെഡിങ് പാർട്ടിയിൽ താരമായത് ട്രംപിന്റെ മകൾ; കാരണം ഇതാണ്
അനന്ത് അംബാനിയുടെ വിവാഹത്തിന് മുൻപുള്ള ആഘോഷ ചടങ്ങിൽ സാരി ധരിച്ചാണ് ഇവാൻക ട്രംപ് എത്തിയത്.
ലോകത്തെ ഏറ്റവും വലിയ സമ്പന്ന കുടുംബങ്ങളിൽ ഒന്നാണ് അംബാനി കുടുംബം. രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഇളയ മകനായ അനന്ത് അംബാനിയുടെ വിവാഹത്തിന് മുൻപുള്ള ആഘോഷ ചടങ്ങുകൾ നടക്കുകയാണ് ഗുജറാത്തിലെ ജാംനഗറിൽ. ലോകത്തെ പ്രമുഖ വ്യക്തികളെ മുകേഷ് അംബാനി ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇന്നലെ ആരംഭിച്ച ആഘോഷ ചടങ്ങിൽ ബോളിവുഡ് താരങ്ങളും വ്യവസായ പ്രമുഖരും എത്തിയിട്ടുണ്ട്. അതിൽ ബിൽ ഗേറ്റ്സും മാർക്ക് സക്കർബർഗും ഉൾപ്പെടും. എന്നാൽ ശ്രദ്ധകേന്ദ്രമായിരിക്കുന്നത് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപ് എത്തിയതിലാണ്.
പരമ്പരാഗത ഗുജറാത്തി ചടങ്ങുകളാണ് അനന്ത് അംബാനിയുടെ വിവാഹത്തിൽ അംബാനി കുടുംബം പിന്തുടരുന്നത്. ചടങ്ങിൽ സാരി ധരിച്ചാണ് ഇവാൻക ട്രംപ് എത്തിയത്. സ്വർണ്ണ- വെള്ളി നിറങ്ങൾ ഇടകലർന്ന സാരി ധരിച്ച് ജാരെഡ് കുഷ്നറിനും മകൾ അരബെല്ലയ്ക്കുമൊപ്പം ആണ് ഇവാൻക ചടങ്ങിനെത്തിയത്. ഇവാൻകയുടെ ഇന്ത്യൻ വസ്ത്രധാരണം ഏവരുടെയും ശ്രദ്ധ ആകർഷിക്കാൻ പോന്നതായിരുന്നു.
മൂന്ന് ദിവസത്തെ ആഘോഷങ്ങളാണ് വിവാഹത്തിന് മുന്നോടിയായി മുകേഷ് അംബാനി ഒരുക്കിയിരിക്കുന്നത്. ഇന്നലെ ആരംഭിച്ച പരിപാടികൾ നാളെ അവസാനിക്കും. ഇളയമകന്റെ പ്രീ വെഡിങ് പാർട്ടിക്കായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും ശതകോടീശ്വരനുമായ മുകേഷ് അംബാനി ഒരുക്കിയിരിക്കുന്നത് ലോകത്തിലെ മികച്ച സൗകര്യങ്ങളാണ്. ഏകദേശം 120 ദശലക്ഷം പൗണ്ട് അതായത് 1250 കോടിയിലധികം രൂപയാണ് മുകേഷ് അംബാനി വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങൾക്ക് മാത്രമായി ചെലവഴിക്കുന്നത് എന്നാണ് റിപ്പോർട്ട്.
ഭക്ഷണമൊരുക്കുന്നതിനായി പ്രശസ്തരായ ഇരുപത്തിയഞ്ച് പാചക വിദഗ്ദരെയാണ് അംബാനി വരുത്തിയിരിക്കുന്നത്. ഭക്ഷണത്തിന് തായ്, മെക്സിക്കൻ, ജപ്പാനീസ് തുടങ്ങി രുചിവൈവിധ്യം നിറയും. മൂന്നു ദിവസത്തെ പരിപാടിയ്ക്കായി 2500 വിഭവങ്ങളുടെ മെനു ആണ് ഒരുക്കിയത്.