മുൻകൂർ നികുതി നൽകേണ്ടവർ 'ജാഗ്രതൈ'; അവസാന തീയതി നാളെ
സമയപരിധിക്കുള്ളിൽ മുൻകൂർ നികുതി അടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ, പിഴ അടയ്‌ക്കേണ്ടിവരും. ഇതിനുപുറമെ, കാലതാമസത്തിന് പലിശയും നൽകേണ്ടിവരും
2024 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലെ മുൻകൂർ നികുതിയുടെ രണ്ടാം ഗഡു അടയ്ക്കേണ്ട അവസാന തീയതി നാളെ അവസാനിക്കും. സമയപരിധിക്കുള്ളിൽ മുൻകൂർ നികുതി അടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ, പിഴ അടയ്‌ക്കേണ്ടിവരും. ഇതിനുപുറമെ, കാലതാമസത്തിന് പലിശയും നൽകേണ്ടിവരും. ആദായനികുതി നിയമത്തിലെ സെക്ഷൻ 208 പ്രകാരം, 10,000 രൂപയിൽ കൂടുതൽ നികുതി ബാധ്യതയുള്ളവർ മുൻകൂർ നികുതി അടയ്‌ക്കേണ്ടതാണ്. ജോലിയുള്ള ആളുകൾ, ഫ്രീലാൻസർമാർ, ബിസിനസുകാർ, മറ്റേതെങ്കിലും രീതിയിൽ പണം സമ്പാദിക്കുന്ന ആളുകൾ എന്നിവർക്ക് ഇത് ബാധകമാണ്. പ്രായം 60 വയസ്സിന് മുകളിലാണെങ്കിലോ, ഏതെങ്കിലും തരത്തിലുള്ള ബിസിനസ്സ് ചെയ്യാത്തവരോ ആണെങ്കിൽ മുൻകൂർ നികുതി അടയ്ക്കേണ്ട.
ഒരു സാമ്പത്തിക വർഷാവസാനത്തിന് മുമ്പ് നികുതി ബാധ്യതകൾ അടയ്ക്കുന്നതാണ് മുൻകൂർ നികുതി അഥവാ അഡ്വാൻസ് ടാക്‌സ് .വരുമാനത്തെ അടിസ്ഥാനമാക്കിയാണ് മുൻകൂർ നികുതി കണക്കാക്കുന്നത് എന്നതിനാൽ, നികുതിദായകർ നിശ്ചിത വർഷത്തേക്കുള്ള അവരുടെ വരുമാനം കണ്ടെത്തേണ്ടതുണ്ട്. - മൂലധന നേട്ടം, പലിശ വരുമാനം, വാടക, പ്രൊഫഷണൽ വരുമാനം മുതലായവ പോലുള്ള സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം കണക്കിലെടുക്കണം
സാധാരണ നികുതി പോലെ വർഷത്തിൽ ഒരിക്കൽ ഒറ്റത്തവണയായി അഡ്വാൻസ് ടാക്സ് അടക്കേണ്ടതില്ല, ഗഡുക്കളായി അടക്കാം. ഇത് എല്ലാ പാദത്തിലും അടയ്‌ക്കേണ്ടതാണ്. അതിന്റെ തീയതി ആദായ നികുതി വകുപ്പാണ് തീരുമാനിക്കുന്നത്. 2022-23, 2023-24 സാമ്പത്തിക വർഷങ്ങളിൽ, ഈ തീയതികൾ ജൂൺ 15, സെപ്റ്റംബർ 15, ഡിസംബർ 15, മാർച്ച് 15 എന്നിവയാണ്.മുൻകൂർ നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ, സെക്ഷൻ 234 ബി, 234 സി എന്നിവ പ്രകാരം പിഴ ചുമത്തും. മുൻകൂർ നികുതി അടയ്ക്കുന്നതിലെ കാലതാമസത്തിനോ നികുതി അടയ്‌ക്കുന്നതിൽ കുറവുണ്ടായതിനോ സെക്ഷൻ 234 ബി ചുമത്തുന്നു.