നിങ്ങൾ എന്ത് വാങ്ങണം, തീരുമാനിക്കുന്നത് ഇൻസ്റ്റാഗ്രാം: റിപ്പോർട്ട്
സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ വാങ്ങുന്നവർ എന്ത് വാങ്ങണമെന്ന് തീരുമാനിക്കുന്നതിൽ ഇൻസ്റ്റാഗ്രാം റീലുകൾ പ്രധാന പങ്ക് വഹിക്കുന്നതായി റിപ്പോർട്ട്
സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ വാങ്ങുന്നവർ എന്ത് വാങ്ങണമെന്ന് തീരുമാനിക്കുന്നതിൽ ഇൻസ്റ്റാഗ്രാം റീലുകൾ പ്രധാന പങ്ക് വഹിക്കുന്നതായി റിപ്പോർട്ട്. മെറ്റാ ജിഡബ്ല്യുഐ ബ്യൂട്ടി റിപ്പോർട്ട് 2023 പ്രകാരം, സർവേയിൽ പങ്കെടുത്ത മൂന്നിലൊന്ന് സൗന്ദര്യ വർദ്ധക ഉൽപ്പന്ന ഉപഭോക്താക്കൾ ഇൻസ്റ്റാഗ്രാം റീലുകൾ കണ്ടാണ് ഉൽപ്പന്നം വാങ്ങിയതെന്ന് വ്യക്തമാക്കി. കൊവിഡ് കാലത്ത് കൂടുതൽ ഉപഭോക്താക്കൾ ഓൺലൈനായി ഉൽപ്പന്നങ്ങൾ വാങ്ങാൻ തുടങ്ങിയതോടെയാണ് ട്രെന്റ് മാറിയത്.
സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ വാങ്ങുന്നവരിൽ 68% പേർക്കും ഓൺലൈൻ പർച്ചേസിലാണ് താൽപര്യം. കോവിഡിന് മുമ്പുള്ളതിനേക്കാൾ 15% വർദ്ധനയാണ് ഓൺലൈൻ ഷോപ്പിംഗിലുണ്ടായിരിക്കുന്നത്. ഈ വിഭാഗത്തിലുള്ള 80% ബ്രാൻഡുകളും സോഷ്യൽ മീഡിയയിലൂടെയാണ് ആളുകൾ കണ്ടെത്തുന്നത്. ഇതിൽ 92% പേരും മെറ്റാ പ്ലാറ്റ്‌ഫോമുകളെയാണ് ആശ്രയിക്കുന്നത്.
ഉപഭോക്താക്കളുമായി ഇടപഴകുന്നതിന് ഫേയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവ ഉപയോഗിക്കുന്ന പരസ്യദാതാക്കളുടെ എണ്ണം വർദ്ധിക്കുകയാണ്. സെപ്റ്റംബറിൽ ഏകദേശം 3.14 ബില്യൺ ആളുകൾ പ്രതിദിനം ഒരു മെറ്റാ ആപ്പെങ്കിലും ഉപയോഗിച്ചുവെന്നാണ് കണക്ക്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ആഗോളതലത്തിൽ ചില്ലറ വ്യാപാരമേഖലയെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. ഓൺലൈനായാലും ഓഫ്‌ലൈനായാലും ഒരു ഉൽപ്പന്നം വാങ്ങുന്നതിന് മുമ്പ് തീരുമാനങ്ങൾ എടുക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപഭോക്താക്കളെ സഹായിക്കുന്നുണ്ട്. ബ്യൂട്ടി കണ്ടന്റ് കാഴ്ചക്കാരിൽ 10ൽ 7 പേരെയും ഫാഷൻ കണ്ടന്റ് കാഴ്ചക്കാരിൽ 3ൽ 2 പേരെയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു
ഫാഷൻ ഉൽപ്പന്ന ഉപഭോക്താക്കളിൽ, 76% പേർ സോഷ്യൽ മീഡിയയിലാണ് ഫാഷൻ ബ്രാൻഡുകൾ കണ്ടെത്തുന്നത്. ഇതിൽ 97% പേരും മെറ്റാ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് അവ കണ്ടെത്തുന്നത്, അതിൽ തന്നെ 52% പേർ ഇൻസ്റ്റാഗ്രാം റീലുകളാണ് തങ്ങളുടെ തീരുമാനത്തെ സ്വാധീനിച്ചതെന്ന് വ്യക്തമാക്കി.