രാജ്യം വിട്ട ചോക്‌സിയും മല്യയും അടക്കം 50 പേരുടെ വായ്പ ബാങ്കുകള്‍ എഴുതിത്തള്ളി

68607 കോടി രൂപയുടെ വായ്പ ഇത്തരത്തില്‍ എഴുതി തള്ളിയതായാണ് വിവരാവകാശ ചോദ്യങ്ങള്‍ക്ക് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ മറുപടി. ഫെബ്രുവരി 16ന് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ക്ക് ധനമന്ത്രി നിർമല സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും മറുപടി നല്‍കിയിരുന്നില്ല.

indian banks have technically written off a staggering amount of Rs 68,607 crore due from 50 top wilful defaulters, including absconding diamantaire Mehul Choksi

മുംബൈ: വന്‍തുക വായ്പയെടുത്ത് രാജ്യം വിട്ട വമ്പന്‍മാരുടെ വായ്പകൾ എഴുതിത്തള്ളി. 68607 കോടി രൂപയുടെ വായ്പ ഇത്തരത്തില്‍ എഴുതി തള്ളിയതായാണ് വിവരാവകാശ ചോദ്യങ്ങള്‍ക്ക് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ മറുപടി വ്യക്തമാക്കുന്നത്. വിജയ് മല്യയും മെഹുൽ ചോക്സിയും അടക്കമുള്ളവരുടെ വായ്പയാണ് എഴുതി തള്ളിയത്. സാകേത് ഗോഖലെ സമര്‍പ്പിച്ച വിവരാവകാശ രേഖയ്ക്കാണ് ആര്‍ബിഐ മറുപടി നല്‍കിയത്. ആര്‍ബിഐയുടെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍ അഭയ് കുമാറാണ് വായ്പയെടുത്ത അന്‍പത് പേരുടെയായി 68607 കോടി രൂപ എഴുതി തള്ളിയ കാര്യം വിശദമാക്കിയത്.

വായ്പ എഴുതി തള്ളുന്നത് സംബന്ധിച്ച് ഫെബ്രുവരി 16ന് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ക്ക് ധനമന്ത്രി നിർമല സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും മറുപടി നല്‍കിയിരുന്നില്ല. ഇതോടെയാണ് സാകേത് ഗോഖലെ  വിവരാവകാശപ്രകാരം അപേക്ഷ നൽകിയത്. ചോക്സിയുടെ ഗീതാഞ്ജലി ജെംസ് ലിമിറ്റഡ് ആണ് 5492 കോടി രൂപയുടെ കടവുമായി ഈ പട്ടികയിൽ ഒന്നാമതുള്ളത്. ഗ്രൂപ്പ് കമ്പനികളായ ഗിലി ഇന്ത്യ ലിമിറ്റഡിന് 1447 കോടിയും നക്ഷത്ര ബ്രാൻഡ്സ് ലിമിറ്റഡിന് 1109 കോടി രൂപയുമാണ് കടം.  

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നിരീക്ഷണത്തിലുള്ള സന്ദീപ് ഝുഝുൻവാലയും സഞ്ജയ് ഝുഝുൻവാലയും ഡയറക്ടറായുള്ള ആർഇഐ അഗ്രോ ലിമിറ്റഡ്  4314 കോടി രൂപ കടവുമായി ഈ പട്ടികയില്‍ രണ്ടാമതുണ്ട്. ബാബാ രാംദേവ് ആൻഡ് ബാലകൃഷ്ണ ഗ്രൂപ്പിന്റെ ഇൻഡോറിലുള്ള രുചി സോയ ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ  2212 കോടി രൂപ വായ്പയാണ് റിസര്‍വ്വ് ബാങ്ക് എഴുതി തള്ളിയിരിക്കുന്നത്. 2000 കോടി രൂപയ്ക്കു മുകളിൽ കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങളില്‍ ജതിൻ മെഹ്തയുടെ വിൻസം ഡയമണ്ട്സ് ആൻഡ് ജ്വല്ലറി, ക്യൂഡോസ് കെമി, സൂം ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളുണ്ട്.

1000 കോടി രൂപയ്ക്കു മുകളിലുള്ള വായ്പാ കുടിശ്ശിക വരുത്തിയ വിഭാഗത്തിലാണ് വിവാദ വ്യവസായി വിജയ് മല്യയുടെ കിങ്ഫിഷർ എയർലൈൻസുള്ളത്. ഈ അമ്പതുപേരുടെ പട്ടികയില്‍ അദ്യ സ്ഥാനത്തുള്ളത് വജ്ര, സ്വര്‍ണ വ്യാപാരികളാണ്. കേന്ദ്ര സര്‍ക്കാര്‍ വിശദമാക്കാന്‍ മടിച്ച കാര്യങ്ങളാണ് ആര്‍ബിഐ വ്യക്തമാക്കിയതെന്നാണ് സാകേത് ഗോഖലെ ഈ മറുപടിയേക്കുറിച്ച് പറയുന്നത്. ശനിയാഴ്ചയാണ് സാകേത് ഗോഖലെയ്ക്ക് ആര്‍ബിഐ വിവരാവകാശ രേഖപ്രകാരമുള്ള മറുപടി നല്‍കിയത്. 

Latest Videos
Follow Us:
Download App:
  • android
  • ios