ഇന്ത്യയുടെ ഉള്ളി കയറ്റുമതി നിരോധനം; 'പണി' കിട്ടിയത് ഈ രാജ്യങ്ങൾക്ക്
അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുൻപ് കേന്ദ്രം കയറ്റുമതിയിലുള്ള നിയന്ത്രങ്ങൾ നീക്കാൻ സാധ്യത ഇല്ലാത്തതിനാൽ ബദലുകൾ തേടുകയാണ് ഏഷ്യൻ രാജ്യങ്ങൾ.
ആഭ്യന്തര വിപണിയിൽ വില കുതിച്ചുയർന്നതോടെ ഇന്ത്യ ഉള്ളിയുടെ കയറ്റുമതി നിരോധിച്ചത് മറ്റ് ഏഷ്യൻ രാജ്യങ്ങൾക്ക് തിരിച്ചടിയായി. ഇതോടെ ഏഷ്യൻ വിപണികളിൽ ഉള്ളിയുടെ വില കുത്തനെ ഉയർന്നതായാണ് റിപ്പോർട്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുൻപ് കേന്ദ്രം കയറ്റുമതിയിലുള്ള നിയന്ത്രങ്ങൾ നീക്കാൻ സാധ്യത ഇല്ലാത്തതിനാൽ ബദലുകൾ തേടുകയാണ് ഏഷ്യൻ രാജ്യങ്ങൾ.
ഉള്ളിയുടെ ഉൽപ്പാദനം കുറഞ്ഞതിനെത്തുടർന്ന് മൂന്ന് മാസത്തിനിടെ ആഭ്യന്തര വില ഇരട്ടിയിലധികം വർദ്ധിച്ചിരുന്നു. തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ ഉള്ളി കയറ്റുമതിക്കാരായ ഇന്ത്യ ഡിസംബർ 8 ന് ഉള്ളി കയറ്റുമതി നിരോധിച്ചു.
ഇപ്പോൾ കാഠ്മണ്ഡു മുതൽ കൊളംബോ വരെയുള്ള റീട്ടെയിൽ വിപണി ഉള്ളിയുടെ വർദ്ധിച്ചുവരുന്ന വിലയിൽ ബുദ്ധിമുട്ടുകയാണ്. ബംഗ്ലാദേശ്, മലേഷ്യ, നേപ്പാൾ തുടങ്ങിയവരും യുണൈറ്റഡ് അറബ് എമിറേറ്റുകളും, ആഭന്തര ഉത്പാദനത്തിൽ കുറവുകൾ നികത്താൻ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നു.
മലേഷ്യയിലെയും ബംഗ്ലാദേശിലെയും ബിരിയാണിയിലെയും ബെലാക്കൻ ചെമ്മീൻ പേസ്റ്റ് മുതൽ നേപ്പാളിലെ ചിക്കൻ കറി മുതൽ ശ്രീലങ്കൻ മീൻ കറിയിൽ വരെ ഉള്ളി ഒരു പ്രധാന ഘടകമാണ്. ഏഷ്യൻ രാജ്യങ്ങൾ ഇറക്കുമതി ചെയ്യുന്ന ഉള്ളിയുടെ പകുതിയിലധികവും ഇന്ത്യയിലാണെന്നാണ് വ്യാപാരികൾ കണക്കാക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യ 2.5 ദശലക്ഷം മെട്രിക് ടൺ ഉള്ളി കയറ്റുമതി ചെയ്തിട്ടുണ്ട്. ഉള്ളി ഏറ്റവും കൂടുതൽ വാങ്ങുന്ന അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് 671,125 ടൺ കയറ്റുമതി ചെയ്തു. ഉള്ളിയുടെ ദൗർലഭ്യം മറികടക്കാൻ ചൈന, ഈജിപ്ത്, തുർക്കി എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ സ്രോതസ്സുകൾ കണ്ടെത്താനാണ് ബംഗ്ലാദേശ് ശ്രമിക്കുന്നതെന്ന് വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ തപൻ കാന്തി ഘോഷ് പറഞ്ഞു.
ഭൂരിഭാഗവും ഉള്ളി ഇറക്കുമതി ചെയ്യുന്ന നേപ്പാളിലെ സ്ഥിതി അതിലും മോശമാണ്. ചൈനയിൽ നിന്നുള്ള ഇറക്കുമതി നേപ്പാൾ പരിഗണിക്കുന്നുണ്ടെന്നും ഇത് ഒഴിവാക്കി, കയറ്റുമതി അനുവദിക്കാൻ ഇന്ത്യയോട് ആവശ്യപ്പെട്ടേക്കുമെന്ന് മന്ത്രാലയ വക്താവ് ഗജേന്ദ്ര കുമാർ താക്കൂർ പറഞ്ഞു.