100 കോടിയോളം രൂപ രാജ്യത്തെത്താതെ വിദേശത്തേക്ക് കൊണ്ടുപോയി; കൊച്ചിയിലെ സ്ഥാപനത്തില്‍ ആദായ നികുതി റെയ്ഡ്

കൊച്ചിയിലെ അടക്കം ഔട് സോഴ്സിങ് ജോലികൾക്കായി അമേരിക്കയിൽ നിന്ന് ലഭിച്ച പ്രതിഫലം വ്യാജ കമ്പനികളുണ്ടാക്കി ബ്രിട്ടീഷ് വെർജിൻ ഐലന്റിലേക്ക് കൊണ്ടു പോയെന്നായിരുന്നു കണ്ടെത്തൽ. 

Income tax raids a company in kochi that face the allegation routing 100 crore rupees to foreign country afe

കൊച്ചി: 2021 ലെ പാണ്ടോര പേപ്പറിൽ പേരുവന്ന മലയാളികളുടെ ഔട്സോഴ്സിങ് സ്ഥാപനത്തിൽ ഇൻകംടാക്സ് റെയ്ഡ്. കൊച്ചിയിലെ സ്‍പെക്ട്രം സോഫ് ടെക്കിലാണ് പരിശോധന നടന്നത്. രാജ്യത്തേക്ക് എത്തേണ്ട നൂറു കോടിയോളം രൂപ കടലാസ് കമ്പനികളുണ്ടാക്കി ബ്രിട്ടീഷ് വെർജിൻ ഐലന്റിൽ നിക്ഷേപിച്ചെന്നാണ് കണ്ടെത്തൽ. ആം ആദ്മി പാർടിയുടെ മുൻ കോഡിനേറ്റർ മനോജ് പദ്മനാഭനെതിരെയും ഇതില്‍ അന്വേഷണമുണ്ട്.

കൊച്ചി എം.ജി റോ‍ഡിലെ സ്‍പെക്ട്രം സോഫ്ട് ടെക് എന്ന സ്ഥാപനത്തില്‍ മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ അടക്കം അമേരിക്കയിലേക്കുളള ഔട് സോഴ്സിങ്ങാണ് പ്രധാനമായും ചെയ്യുന്നത്. 2021ൽ പുറത്തുവന്ന പാണ്ടോര പേപ്പറിലാണ് സ്ഥാപനത്തെപ്പറ്റി ആദ്യ സൂചനകള്‍ വന്നത്. കൊച്ചിയിലെ അടക്കം ഔട് സോഴ്സിങ് ജോലികൾക്കായി അമേരിക്കയിൽ നിന്ന് ലഭിച്ച പ്രതിഫലം വ്യാജ കമ്പനികളുണ്ടാക്കി ബ്രിട്ടീഷ് വെർജിൻ ഐലന്റിലേക്ക് കൊണ്ടു പോയെന്നായിരുന്നു കണ്ടെത്തൽ. ഇത് കേന്ദ്രീകരിച്ച് കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണത്തിലാണ് നൂറുകോടിയോളം രൂപ രാജ്യത്തെത്താതെ വഴിതിരിച്ചു വിട്ടതെന്ന് വ്യക്തമായത്. 

ഇതിനായി ദുബായിലും ഷെൽ കമ്പനികളുണ്ടാക്കി. മലയാളികളായ മനോജ് പദ്മനാഭൻ, ക്ലീറ്റസ് ജോബ്, ജോസഫ് കുരിശിങ്കൽ തുടങ്ങിയവരാണ് സ്ഥാപനത്തിന്റെ സാരഥികൾ. ആം ആദ്മി പാർടിയുടെ കേരള കോ‍ഡിനേറ്ററായി മനോജ് പദ്മനാഭൻ മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചിയിലെ സ്ഥാപനത്തിൽ റെയ്ഡ് നടത്തിയ ആദായ നികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗം നിരവധി രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. നികുതി വെട്ടിച്ച് രാജ്യത്തിന് പുറത്തേക്ക് പണം കടത്തിയതിന്റെ രേഖകളും ഇക്കൂട്ടത്തിലുണ്ട്.

അമ്മാവനുമായി വഴക്കിട്ടെന്ന പേരില്‍ വിദ്യാർത്ഥിയെ പൊലീസ് ക്രൂരമായി മര്‍ദിച്ചു; അന്വേഷണം തുടങ്ങിയെന്ന് ഡിവൈഎസ്പി

കോഴിക്കോട്: ആദിവാസി വിഭാഗക്കാരനായ വിദ്യാർത്ഥിയെ പോലീസ് മർദ്ദിച്ചതായി പരാതി. കോഴിക്കോട് കട്ടാങ്ങലിലാണ് സംഭവം. അമ്മാവനുമായി വഴക്കിട്ടെന്ന പേരിലാണ് കുന്ദമംഗലം എസ്ഐയുടെ നേതൃത്വത്തിലുളള സംഘം തന്നെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി താമരശേരി ഡിവൈഎസ്‍പി അറിയിച്ചു.

കോഴിക്കോട് കട്ടാങ്ങലിലെ അമ്മ വീട്ടില്‍ വച്ച് അമ്മാവനുമായി വഴക്കുണ്ടാക്കിയെന്ന പേരില്‍ കുന്ദമംഗലം സ്റ്റേഷനില്‍ നിന്നെത്തിയ എസ്ഐയും രണ്ട് പൊലീസുകാരും തന്നെ മര്‍ദ്ദിച്ചെന്നാണ് പട്ടിഗവര്‍ഗ്ഗ വിഭാഗക്കാരനായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ പരാതി. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. മാതാപിതാക്കള്‍ ജോലി സ്ഥലത്തായിരുന്നതിനാല്‍ അമ്മ വീട്ടിലായിരുന്നു കുട്ടി കുറച്ച് നാളായി താമസിച്ചിരുന്നത്.

പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വൈകിയെന്ന പേരില്‍ മദ്യ ലഹരിയിലായിരുന്ന അമ്മാവന്‍ മകനെ കൈയ്യേറ്റം ചെയ്യുകയായിരുന്നെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. മകന്‍ മര്‍ദ്ദനം ചെറുക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം രൂക്ഷമായി. പ്രശ്നപരിഹാരത്തിനായി ബന്ധുക്കള്‍ കുന്ദമംഗലം പൊലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ സ്ഥലത്തെത്തിയ പൊലീസ് മകനോട് കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ച് മര്‍ദ്ദിക്കുകയുമായിരുന്നെന്ന് പിതാവ് പറയുന്നു.

ആദ്യം എസ്ഐയും പിന്നീട് കൂടെ ഉണ്ടായിരുന്ന പൊലീസുകാരും മര്‍ദ്ദിച്ചുവെന്ന് കുട്ടി പറയുന്നു. മര്‍ദ്ദനത്തില്‍ കുട്ടിയുടെ തലയ്ക്കും ശരീത്തിന്റെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റുവെന്നും മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും കാട്ടി പിതാവ് ചൈല്‍ഡ് ലൈനിലും പട്ടികവര്‍ഗ്ഗ വകുപ്പിലും പരാതി നല്‍കി. തുടര്‍ന്ന് കുന്ദമംഗംലം ഇന്‍സ്പെക്ടര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി താമരശേരി ഡിവൈഎസ്പി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios