ആരോഗ്യ ഇൻഷുറൻസ് എങ്ങനെ ക്ലെയിം ചെയ്യാം; റീഇംബേഴ്സ്മെന്റ്  ക്യാഷ്ലെസ് ക്ലെയിമുകള്‍ എങ്ങനെ ഫയല്‍ ചെയ്യാം

ഏറ്റവും മികച്ച പോളിസി തീരുമാനിക്കുമ്പോൾ, അത് ക്ലെയിം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളെന്തൊക്കെയാണെന്ന് കൃത്യമായി പരിശോധിക്കണം.
 

How to claim your health insurance

രാജ്യത്ത് വ്യത്യസ്തമായ ധാരാളം ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ നിലവിലുണ്ട്.  എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം നിങ്ങളുടെ ആവശ്യങ്ങൾ ഏറ്റവും നന്നായി നിറവേറ്റുന്ന പോളിസി തിരഞ്ഞെടുക്കുക എന്നതാണ്.  നിരവധി മെഡിക്കൽ പോളിസി ദാതാക്കൾ കാരണം ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ ഇൻഷുറൻസ് കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. ഏറ്റവും മികച്ച പോളിസി തീരുമാനിക്കുമ്പോൾ, അത് ക്ലെയിം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളെന്തൊക്കെയാണെന്ന് കൃത്യമായി പരിശോധിക്കണം.

പ്രധാനമായും രണ്ട് തരത്തിലുള്ള ഇൻഷുറൻസ് ക്ലെയിമുകൾ ഉണ്ട്: റീഇംബേഴ്സ്മെന്റ് ക്ലെയിമുകളും  ക്യാഷ്ലെസ് ക്ലെയിമുകളും.  

1. ക്യാഷ്ലെസ് ആരോഗ്യ ഇൻഷുറൻസ്

ക്യാഷ്ലെസ് ഇൻഷുറൻസിനായി ഒരു ക്ലെയിം സമർപ്പിക്കുമ്പോൾ, പേര് സൂചിപ്പിക്കുന്നത് പോലെ,  മുഴുവൻ ആശുപത്രി ചാർജും നൽകേണ്ടതില്ല. ക്യാഷ്ലെസ് മെഡിക്ലെയിം ഉപയോഗിക്കുമ്പോൾ, ക്യാഷ്ലെസ് ഹെൽത്ത് കാർഡ് കയ്യിൽ സൂക്ഷിച്ചാൽ മതി. ക്യാഷ്ലെസ്  മെഡിക്ലെയിം ഒരു നെറ്റ്‌വർക്ക് ഹോസ്പിറ്റലിൽ മാത്രമേ സമർപ്പിക്കാൻ കഴിയൂ .  ഇത് കാരണം ഇൻഷുറൻസ് കമ്പനിയ്ക്ക് ആശുപത്രിയിൽ നേരിട്ട് പണമടയ്ക്കാനും മധ്യസ്ഥരെ ഒഴിവാക്കാനും സാധിക്കും

2. റീഇംബേഴ്സ്മെന്റ് ക്ലെയിമുകൾ

നിങ്ങൾക്ക് ഇഷ്ടമുള്ളതോ സൗകര്യപ്രദമായതോ ആയ ഏത് ആശുപത്രിയിലും സേവനം തേടാം.ഇതിനായി ഒരു നെറ്റ്‌വർക്ക് ആശുപത്രിയിൽ തന്നെ പോകണമെന്നില്ല.   ചികിത്സയുടെ ആകെ ചെലവ്  ആദ്യം  സ്വന്തം പക്കൽ നിന്ന് നൽകണം. ബില്ലുകളും  മറ്റ് രേഖകളും ശേഖരിക്കുകയും തുടർന്ന് ഒരു റീഇംബേഴ്സ്മെന്റ് ക്ലെയിം സമർപ്പിക്കുകയും വേണം.  ഇൻഷുറൻസ് കമ്പനി നിങ്ങളുടെ ക്ലെയിം സ്വീകരിച്ചതിന് ശേഷം കിഴിക്കാനുള്ള തുക കുറച്ചതിന് ശേഷം ക്ലെയിം തുക നൽകും.

 ഇൻഷുറൻസ് ക്ലെയിം ചെയ്യുമ്പോൾ ചെയ്യേണ്ട നടപടി ക്രമങ്ങൾ

ഘട്ടം 1: പോളിസി പരിശോധിക്കുക

 ചില ഇൻഷുറൻസ് പോളിസികൾക്ക് കവറേജിൽ ചില രോഗങ്ങൾ ഒഴിവാക്കിയിട്ടുണ്ടാകാം. അതുകൊണ്ട് പോളിസി കൃത്യമായി പരിശോധിക്കണം

ഘട്ടം 2: ആവശ്യമായ രേഖകൾ ശേഖരിക്കുക

ഒരു പോളിസി ക്ലെയിം ചെയ്യാൻ, ഇൻഷുറൻസ് കാർഡ്, മെഡിക്കൽ ബിൽ,മറ്റ് ബില്ലുകൾ എന്നിവയുൾപ്പെടെയുള്ള ആവശ്യമായ രേഖകൾ  എല്ലാം സൂക്ഷിക്കണം  . കൂടാതെ,  രോഗനിർണയവും ചികിത്സയും സൂചിപ്പിക്കുന്ന  ഡോക്ടറുടെ സർട്ടിഫിക്കറ്റും സമർപ്പിക്കണം.  

ഘട്ടം 3: ക്ലെയിം സമർപ്പിക്കുക

ആവശ്യമായ എല്ലാ രേഖകളും  ലഭിച്ചുകഴിഞ്ഞാൽ,  ഇൻഷുറൻസ് കമ്പനിക്ക് ഇൻഷുറൻസ് ക്ലെയിം സമർപ്പിക്കേണ്ടതുണ്ട്. സാധാരണഗതിയിൽ വ്യക്തിഗത വിവരങ്ങൾ,   ചികിത്സയുടെ വിശദാംശങ്ങൾ,   ക്ലെയിം ചെയ്യുന്ന തുക എന്നിവ ആവശ്യപ്പെടുന്ന ഒരു ക്ലെയിം ഫോം പൂരിപ്പിക്കണം.

ഘട്ടം 4: പ്രോസസ്സിംഗിനായി കാത്തിരിക്കുക

ക്ലെയിം സമർപ്പിച്ചുകഴിഞ്ഞാൽ, ഇൻഷുറൻസ് കമ്പനി അത് പ്രോസസ്സ് ചെയ്യുകയും അവർ എത്ര തുക നൽകുമെന്ന് തീരുമാനിക്കുകയും ചെയ്യും. ഇൻഷുറൻസ് കമ്പനിയെയും ക്ലെയിമിന്റെ സങ്കീർണ്ണതയെയും ആശ്രയിച്ച്, പ്രോസസ്സിംഗ് സമയം വ്യത്യാസപ്പെടുന്നു. ഈ സമയത്ത്, കൂടുതൽ വിവരങ്ങൾക്കോ വിശദീകരണത്തിനോ ഇൻഷുറൻസ് കമ്പനി നിങ്ങളെ ബന്ധപ്പെട്ടേക്കാം.

ഘട്ടം 5: ഇൻഷുറൻസ് കമ്പനിയുടെ തീരുമാനം പരിശോധിക്കുക

ക്ലെയിം പ്രോസസ്സ് ചെയ്തതിന് ശേഷം, ആരോഗ്യ ഇൻഷുറൻസ് കമ്പനി, അവർ കവർ ചെയ്യുന്ന തുകയോ ഏതെങ്കിലും കിഴിവുകളോ ഉൾപ്പെടെ അവരുടെ തീരുമാനത്തെക്കുറിച്ച് നിങ്ങളെ അറിയിക്കും. എല്ലാം കൃത്യമാണെന്ന് ഉറപ്പാക്കാൻ നിങ്ങളുടെ മെഡിക്കൽ ബില്ലുമായി താരതമ്യം ചെയ്യുക.

ഘട്ടം 6: ബാക്കിയുള്ള ബാലൻസ് അടയ്ക്കുക

ഇൻഷുറൻസ് കമ്പനി ബില്ലിന്റെ ഒരു ഭാഗം മാത്രമേ കവർ ചെയ്യുന്നുള്ളൂ എങ്കിൽ, ബാക്കിയുള്ള തുക നിങ്ങൾ അടയ്‌ക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ, നിങ്ങൾക്ക് ഹെൽത്ത് കെയർ പ്രൊവൈഡറിൽ നിന്നോ ആശുപത്രിയിൽ നിന്നോ ബാക്കി തുക സൂചിപ്പിക്കുന്ന ഒരു ഇൻവോയ്സ് ലഭിക്കും. വൈകിയ പേയ്‌മെന്റ് ഫീസോ മറ്റ് പിഴകളോ ഒഴിവാക്കാൻ ബാക്കി തുക ഉടനടി അടയ്ക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios