ഹിൻഡൻബർഗ് റിപ്പോർട്ട് ഇന്ത്യൻ ഓഹരി വിപണിയെ തളർത്തിയോ; സർക്കാർ ഇടപെടൽ ഉടനടി ഉണ്ടായേക്കില്ല
നിഴൽ സ്ഥാപനങ്ങൾ ഏതെന്ന് കണ്ടെത്താൻ സെബിക്കായില്ലെന്ന് നേരത്തെ സുപ്രീംകോടതി വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ നിഴല്‍ കമ്പനികളെ കുറിച്ച് സെബി ചെയർപേഴ്സണ് അറിവുണ്ടായിരുന്നുവെന്ന സൂചനയാണ് ശക്തമാകുന്നത്.
ദില്ലി: സെബി മേധാവി മാധബി പുരി ബുച്ചിനും ഭർത്താവ് ധവൽ ബുച്ചിനും എതിരെയുള്ള ഹിൻഡൻബർഗ് റിപ്പോർട്ടിൽ ഇന്ത്യൻ സർക്കാർ ഉടനടി ഇടപെടാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്. ഹിൻഡൻബർഗിന് എതിരായി സെബിയുടെ നോട്ടീസിന് മറുപടിയായാണ് കുറ്റങ്ങൾ ചുമത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
അതേസമയം, ഹിൻഡൻബർഗ് അതിൻ്റെ സമീപകാല പ്രവർത്തനങ്ങളിലൂടെ ഇന്ത്യൻ വിപണികളിൽ നിന്ന് ലാഭമുണ്ടാക്കാൻ ശ്രമിക്കുമെന്നതായി ആരോപണമുണ്ട്. സ്ഥിതിഗതികൾ എങ്ങനെ മുന്നോട്ട് പോകുന്നുവെന്ന് സെബിയും സർക്കാരും സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നതായി വാർത്തവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
അദാനിക്ക് പങ്കാളിത്തമുള്ള നിഴൽകമ്പനികളിൽ സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിന് നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിൻഡൻബർഗ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ട്. സെബി ചെയര്‍ പേഴ്സണിനെ കുരുക്കുകയും അതു വഴി അദാനിയെ തന്നെ വീണ്ടും വെളിച്ചത്ത് കൊണ്ടുവരികയുമാണ് ഹിന്‍ഡന്‍ ബർഗിന്റെ രണ്ടാമത്തെ അന്വേഷണ റിപ്പോര്‍ട്ട്.
അദാനി ഗ്രൂപ്പിനെതിരെ സെബി അന്വേഷണം നടക്കുമ്പോള്‍ ഗ്രൂപ്പുമായി ബന്ധമുള്ള നിഴല്‍ കമ്പനികളില്‍ സെബി ചെയര്‍ പേഴ്സൺ മാധബി ബൂച്ചിനും ഭർത്താവിനും നിക്ഷേപമുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ട് വലിയ കോളിളക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. റിപ്പോർട്ട് പുറത്തു വന്നതോടെ ഓഹരി വിപണി ഇടിഞ്ഞു. അദാനി ഓഹരികൾ ഇടിവിലാണ് പല നിക്ഷേപകരും പിൻവാങ്ങിയതോടെ 7% വരെ ഇടിവാണ് അദാനി ഓഹരികളിലുണ്ടായത്. ഇതോടെ നിക്ഷേപകർക്ക് ഏകദേശം 53,000 കോടി രൂപ നഷ്ടപ്പെട്ടു, 10 അദാനി ഓഹരികളുടെ മൊത്തം വിപണി മൂലധനം 16.7 ലക്ഷം കോടി രൂപയായി കുറഞ്ഞു.
നിഴൽ സ്ഥാപനങ്ങൾ ഏതെന്ന് കണ്ടെത്താൻ സെബിക്കായില്ലെന്ന് നേരത്തെ സുപ്രീംകോടതി വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ നിഴല്‍ കമ്പനികളെ കുറിച്ച് സെബി ചെയർപേഴ്സണ് അറിവുണ്ടായിരുന്നുവെന്ന സൂചനയാണ് ശക്തമാകുന്നത്.