ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി എച്ച്ഡിഎഫ്സി; സ്ഥിരനിക്ഷേപങ്ങൾക്ക് പരിരക്ഷ
എച്ച്‌ഡിഎഫ്‌സിയിലെ നിലവിലുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഇപ്പോൾ ആർബിഐയുടെ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷൻ (ഡിഐസിജിസി) നിയമങ്ങൾ പ്രകാരം പരിരക്ഷ ലഭിക്കും
എച്ച്ഡിഎഫ്സി ലിമിറ്റഡും, എച്ച്ഡിഎഫ്സി ബാങ്കുമായുള്ള ലയന വാർത്തകൾ വരുമ്പോൾ സ്വാഭാവികമായും ആശങ്കയിലായിരുന്നു നിക്ഷേപകർ. എന്നാൽ എച്ച്ഡിഎഫ്സി ബാങ്കിൽ സ്ഥിരനിക്ഷേപമുള്ളവർക്ക് സന്തോഷവാർത്തയുമായി എത്തുകയാണ് എച്ച്ഡിഎഫ്സി. റിപ്പോർട്ടുകൾ പ്രകാരം എച്ച്‌ഡിഎഫ്‌സിയിലെ നിലവിലുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഇപ്പോൾ ആർബിഐയുടെ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷൻ (ഡിഐസിജിസി) നിയമങ്ങൾ പ്രകാരം 5 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. ഡിഐസിജിസി നിയമങ്ങൾ പ്രകാരം, ഒരു ഷെഡ്യൂൾഡ് ബാങ്കിലെ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് (മുതലും പലിശയും ഉൾപ്പെടെ) പരിരക്ഷ ലഭിക്കുന്നതാണ്. നിലവിൽ എച്ച്ഡിഎഫ്സി ലിമിറ്റഡ് എച്ച്ഡിഎഫ്സി ബാങ്കുമായി ലയിച്ചതിനാൽ, എച്ച്ഡിഎഫ്സി ലിമിറ്റഡിന്റെ സ്ഥിര നിക്ഷേപ ഉപഭോക്താക്കൾക്കും ഈ സൗകര്യം ലഭ്യമാകും.
ALSO READ:മഴക്കാലത്ത് വാഹനം ഓടിക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക; അഭ്യർത്ഥനയുമായി രത്തൻ ടാറ്റ
എച്ച്‌ഡിഎഫ്‌സി ബാങ്ക് മുന്നോട്ടുവെയ്ക്കുന്ന വ്യവസ്ഥകൾ പ്രകാരം, എച്ച്‌ഡിഎഫ്‌സി ലിമിറ്റഡ് നൽകുന്ന നിലവിലുള്ള നിക്ഷേപ രസീത് സ്ഥിരനിക്ഷേപങ്ങളുടെ കാലാവധി പൂർത്തിയാകുന്നതുവരെ സാധുതയുള്ളതാവും. എന്നാൽ, പലിശ നിരക്കുകൾ, പലിശ കണക്കുകൂട്ടുന്ന രീതി, കാലാവധി, മെച്യൂരിറ്റി നിർദ്ദേശങ്ങൾ, പേ-ഔട്ടുകൾ എന്നിവയിൽ മാറ്റങ്ങൾ ഉണ്ടാകില്ല. സ്ഥിരനിക്ഷേപങ്ങളുടെ മെച്യൂരിറ്റി അല്ലെങ്കിൽ പുതുക്കൽ എന്നിവ അതേപടി തുടരും. സ്ഥിരനിക്ഷേപ അക്കൗണ്ട് നമ്പറുകളും മാറില്ല.
എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ നെറ്റ്‌ബാങ്കിംഗ് പ്ലാറ്റ്‌ഫോം നിക്ഷേപകർക്ക് ഉപയോഗിക്കാമോ?
എച്ച്‌ഡിഎഫ്‌സി ലിമിറ്റഡിലെ എഫ്‌ഡികളുമായി ബന്ധപ്പെട്ട വിവരങ്ങൾ സെൽഫ് സർവ്വീസ് പോർട്ടലിലൂടെ കാണിക്കുന്നതും സേവനം നൽകുന്നതും തുടരും.എന്നാൽ എച്ച്‌ഡിഎഫ്‌സി ബാങ്ക് നെറ്റ്ബാങ്കിംഗ മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാകില്ല. കസ്റ്റമർ പോർട്ടൽ വഴി ബുക്ക് ചെയ്യുന്ന പുതിയ നിക്ഷേപങ്ങൾക്കായുള്ള സേവനം തുടരും.എച്ച്ഡിഎഫ്സി ലിമിറ്റഡിൽ നിക്ഷേപമുള്ള എച്ച്ഡിഎഫ്സി ബാങ്കിന്റെ നിലവിലുള്ള ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന സേവനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
*2023 ജൂൺ 30-ന് മുമ്പ് എച്ച്ഡിഎഫ്സി ലിമിറ്റഡിൽ നിക്ഷേപം ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് എച്ച്ഡിഎഫ്സി ലിമിറ്റഡ് കസ്റ്റമർ പോർട്ടൽ ലഭ്യമാകും.
*എച്ച്ഡിഎഫ്സി ബാങ്കിന്റെ എഫ്ഡി സംബന്ധിച്ച വിവരങ്ങൾ നെറ്റ്ബാങ്കിംഗിലും മൊബൈൽ ബാങ്കിംഗിലും ലഭ്യമാകും
*2023 ജൂൺ 30-ന് ശേഷം കസ്റ്റമർ പോർട്ടൽ വഴി ബുക്ക് ചെയ്ത നിക്ഷേപങ്ങൾ, എച്ച്ഡിഎഫ്സി ലിമിറ്റഡിന്റെ കസ്റ്റമർ പോർട്ടലിലും, ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് സേവനങ്ങളിലും ലഭ്യമാകും.