വില കുറഞ്ഞ സ്ക്രൂ ഇവിടെ വേണ്ട; ഇറക്കുമതിക്ക് തടയിട്ട് കേന്ദ്രം
കോച്ച് സ്ക്രൂ, മെഷീൻ സ്ക്രൂകൾ, വുഡ് സ്ക്രൂകൾ, ഹുക്ക് സ്ക്രൂകൾ, സെൽഫ് ടാപ്പിംഗ് സ്ക്രൂകൾ എന്നിവയാണ് നിരോധനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഉൽപ്പന്നങ്ങൾ.
വില കുറഞ്ഞ സ്ക്രൂകളുടെ രാജ്യത്തേക്കുള്ള ഒഴുക്ക് തടങ്ങ് കേന്ദ്ര സർക്കാർ. കിലോയ്ക്ക് 129 രൂപയിൽ താഴെ വിലയുള്ള ചിലതരം സ്ക്രൂകളുടെ ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തി. ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് നടപടി. സ്ക്രൂകളുടെ ഇറക്കുമതി നയം പരിഷ്കരിച്ചതായും സൗജന്യ ഇറക്കുമതി അവസാനിപ്പിക്കുകയാണെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കി. ഈ നടപടി പ്രാദേശിക സ്ക്രൂ നിർമ്മാതാക്കൾക്ക് ഗുണം ചെയ്യും. രാജ്യത്തിനകത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും തീരുമാനം സഹായിക്കും എന്നാണ് പ്രതീക്ഷ.
കോച്ച് സ്ക്രൂ, മെഷീൻ സ്ക്രൂകൾ, വുഡ് സ്ക്രൂകൾ, ഹുക്ക് സ്ക്രൂകൾ, സെൽഫ് ടാപ്പിംഗ് സ്ക്രൂകൾ എന്നിവയാണ് നിരോധനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഉൽപ്പന്നങ്ങൾ. അതേ സമയം ഇറക്കുമതി ചെയ്യുന്ന സ്ക്രൂവിന്റെ മൂല്യം കിലോയ്ക്ക് 129 രൂപയോ അതിൽ കൂടുതലോ ആണെങ്കിൽ ഇറക്കുമതി സൗജന്യമായിരിക്കും.
ഈ വിഭാഗത്തിലുള്ള 827 മില്യൺ യുഎസ് ഡോളർ മൂല്യമുള്ള ഉൽപ്പന്നങ്ങളാണ് 2022-23ൽ രാജ്യത്തേക്കെത്തിയത്. ഈ സാമ്പത്തിക വർഷം ഏപ്രിൽ-ഒക്ടോബർ കാലയളവിൽ 468.15 മില്യൺ ഡോളർ വിലമതിക്കുന്ന സ്ക്രൂകൾ, ബോൾട്ടുകൾ, നട്ട്‌സ്, വാഷറുകൾ, എന്നീ സാധനങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തു. ഫ്രാൻസ്, ചൈന, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ബ്രസീൽ, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇവ ഇറക്കുമതി ചെയ്യുന്നത്.