ഫീസടച്ചില്ല, ആപ്പുൾകൾക്ക് 'ആപ്പായി' ഗൂഗിളിന്റെ കടുത്ത നടപടി; പ്ലേ സ്റ്റോറിൽ ഇവ കിട്ടില്ല
മാട്രിമോണി ഡോട്ട് കോമിന്റെ ശാദി ആപ്പും, ജോഡിയും പ്ലേ സ്റ്റോറിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്. ഡേറ്റിംഗ് സേവനമായ ക്വാക് ക്വാകും പ്ലേ സ്റ്റോറിൽ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്.
സേവന ഫീസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങൾക്കിടയിൽ, മാട്രിമോണി ആപ്പുകൾ ഉൾപ്പെടെ 10 ഇന്ത്യൻ കമ്പനികളുടെ ആപ്പുകൾ ടെക് ഭീമനായ ഗൂഗിൾ നീക്കം ചെയ്‌തേക്കുമെന്ന് സൂചന. മാട്രിമോണി ഡോട്ട് കോം, ഇൻഫോ എഡ്ജ്, എന്നിവയും 10 ഇന്ത്യൻ കമ്പനികളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഈ ആപ്പുകൾക്ക് സേവന ഫീസ് അടയ്ക്കാൻ ഗൂഗിൾ ഇന്ത്യ നോട്ടീസ് നൽകിയിട്ടുണ്ട്. രാജ്യത്ത് ആപ്പ് വഴിയുള്ള പേയ്‌മെൻറുകൾക്ക് 11-26 ശതമാനം വരെ സേവന ഫീസ് ഗൂഗിൾ ചുമത്തുന്നതിനെതിരെ സ്റ്റാർട്ടപ്പുകൾ രംഗത്തെത്തിയതോടെയാണ് തർക്കം തുടങ്ങിയത്. സ്റ്റാർട്ടപ്പുകൾക്ക് ഇളവ് നൽകേണ്ടതില്ലെന്ന സുപ്രീം കോടതി വിധിയെ തുടർന്ന് ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ഫീസ് വാങ്ങാനോ ആപ്പുകൾ നീക്കം ചെയ്യാനോ ഗൂഗിളിന് സാധിക്കും. സർവീസ് ചാർജ് ചുമത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള ഞങ്ങളുടെ അവകാശത്തിൽ ഇടപെടാൻ ഫെബ്രുവരി 9ന് സുപ്രീം കോടതി വിസമ്മതിച്ചതായും ഗൂഗിൾ പറഞ്ഞു
വാർത്ത പുറത്തുവന്നതോടെ മാട്രിമോണി ഡോട്ട് കോം, ഇൻഫോ എഡ്ജ് എന്നിവയുടെ ഓഹരികൾ യഥാക്രമം 2.7 ശതമാനവും 1.5 ശതമാനവും ഇടിഞ്ഞു. അറിയിപ്പ് പരിശോധിച്ച് വരികയാണെന്നും തുടർനടപടികൾ പരിഗണിക്കുമെന്നും ഇരു കമ്പനികളും വ്യക്തമാക്കി. ഗൂഗിളിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി ഇൻഫോ എഡ്ജ് സ്ഥാപകൻ സഞ്ജീവ് ബിഖ്ചന്ദാനി സ്ഥിരീകരിച്ചു . ഗൂഗിൾ പ്ലേ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന 200,000-ത്തിലധികം ഇന്ത്യൻ ഡെവലപ്പർമാരിൽ വെറും 3 ശതമാനം പേർ മാത്രമേ ഏതെങ്കിലും സേവന ഫീസ് അടയ്‌ക്കേണ്ടതുള്ളൂ എന്ന് ഗൂഗിൾ വ്യക്തമാക്കി.
മാട്രിമോണി ഡോട്ട് കോമിന്റെ ശാദി ആപ്പും, ജോഡിയും പ്ലേ സ്റ്റോറിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്. ഡേറ്റിംഗ് സേവനമായ ക്വാക് ക്വാകും പ്ലേ സ്റ്റോറിൽ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്.