ഗോ ഫസ്റ്റ് മെയ് 12 വരെയുള്ള ഫ്ലൈറ്റുകള്‍ റദ്ദാക്കി; യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും ലഭിക്കും
ഫ്‌ളൈറ്റ് റദ്ദാക്കിയതിനെത്തുടർന്ന് യാത്രാ തടസ്സം നേരിട്ടവർക്ക് മുഴുവൻ റീഫണ്ടും നൽകുമെന്ന് എയർലൈൻ
ദില്ലി: സാമ്പത്തിക പ്രതിസന്ധിയിൽ തുടരുന്ന ഗോ ഫസ്റ്റ് എയർലൈൻ എല്ലാ ഫ്ലൈറ്റുകളുടെയും റദ്ദാക്കൽ മെയ് 12 വരെ നീട്ടി. ഫ്‌ളൈറ്റ് റദ്ദാക്കിയതിനെത്തുടർന്ന് യാത്രാ തടസ്സം നേരിട്ടവർക്ക് മുഴുവൻ റീഫണ്ടും നൽകുമെന്ന് എയർലൈൻ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ആദ്യം മെയ് 3 മുതൽ മൂന്ന് ദിവസത്തേക്ക് വിമാന സർവീസുകൾ നിർത്തിവച്ചിരുന്നുവെങ്കിലും പിന്നീട് മെയ് 9 വരെ ഫ്ലൈറ്റുകൾ റദ്ദാക്കിയിരുന്നു. മെയ് 15 വരെ ഗോ ഫസ്റ്റ് ടിക്കറ്റ് വിൽപ്പന നിർത്തിവച്ചതായും റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് റീഫണ്ട് ചെയ്യാൻ ആവശ്യപ്പെട്ടതായും വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വ്യാഴാഴ്ച അറിയിച്ചു.
ALSO READ: ഗോ ഫസ്റ്റിന് ശേഷം ലുഫ്താൻസയും? ഫ്ലൈറ്റുകൾ നിലത്തിറക്കുന്നതിന് പിന്നിൽ ഒരേ കാരണം
മുമ്പ് ഗോ എയർ എന്നറിയപ്പെട്ടിരുന്ന വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈൻ, നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന് (എൻസിഎൽടി) മുമ്പാകെ സ്വമേധയാ പാപ്പരത്ത പരിഹാര നടപടികൾക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
2019 ന് ശേഷമുണ്ടായ ആദ്യത്തെ വലിയ എയർലൈൻ തകർച്ചയാണ് ഗോ ഫസ്റ്റ് നേരിടുന്നത്. വിമാനത്തിന്റെ എഞ്ചിനുകൾ നിർമ്മിച്ച് വിതരണം ചെയ്യുന്നതിൽ അമേരിക്കൻ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ ഇന്റർനാഷണൽ എയ്‌റോ എൻജിൻ കമ്പനിയുടെ പരാജയമാണ് ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്.
ALSO READ: വാട്ട്‌സ്ആപ്പ് വഴി വായ്പയായി10 ലക്ഷം; എങ്ങനെ അപേക്ഷിക്കണമെന്ന് അറിയാം
2019 ഡിസംബറിൽ പ്രാറ്റ് ആൻഡ് വിറ്റ്നി നൽകിയ എൻജിനുകളിൽ ഏഴ് ശതമാനം തകരാറിലായിരുന്നു. 2020 ഡിസംബറില്‍ ഇത് 31 ശതമാനമായും 2022 ഡിസംബറിൽ 50 ശതമാനമായും ഉയര്‍ന്നു. പുതിയ എൻജിൻ സമയബന്ധിതമായി ലഭ്യമാക്കാമെന്ന ഉറപ്പുകളും ലംഘിക്കപ്പെട്ടു. ഇത് കമ്പനിയുടെ പണലഭ്യതയെ ബാധിക്കുകയായിരുന്നു. അടുത്ത മൂന്നുനാലു മാസങ്ങളിൽ കൂടുതൽ എൻജിനുകൾ തകരാറിലാകാനുള്ള സാധ്യത നിലനിൽക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം, പാപ്പരത്ത നടപടികൾ ആരംഭിക്കുന്നതിനുള്ള ശ്രമം പ്രാറ്റ് ആൻഡ് വിറ്റ്നിയുമായുള്ള തർക്കത്തിലേക്ക് നയിച്ചു. അവർ തങ്ങളുടെ ചില വിമാനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ ഏവിയേഷൻ റെഗുലേറ്ററോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് വിമാനങ്ങൾ തിരികെ കൊണ്ടുപോകുന്നതിനുള്ള നടപടിയായി.