ഇത് ഒർജിനൽ, ചീസിൽ ചീറ്റിംഗില്ലെന്ന് കണ്ടെത്തി; മക്‌ഡൊണാൾഡ്‌സിന് ആശ്വാസം
മക്ഡൊണാൾഡ്സ് ഇന്ത്യക്ക് ചീസ് അടങ്ങിയ ഉൽപ്പന്നങ്ങളുടെ പേരുകളിൽ "ചീസ്" എന്ന വാക്ക് നിലനിർത്താം.
മക്ഡൊണാൾഡ്സ് ഉപയോഗിക്കുന്ന ചീസ് 100% യഥാർത്ഥ ചീസ് ആണെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ സ്ഥിരീകരിച്ചതായി ഇന്ത്യയിലെ മക്‌ഡൊണാൾഡ് റെസ്റ്റോറൻറ് ശൃംഖല നടത്തിപ്പുകാരായ വെസ്റ്റ്‌ലൈഫ് ഫുഡ് വേൾഡ്. ഇതോടൊപ്പം, നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ് അംഗീകാരമുള്ള ലാബ് നടത്തിയ പരിശോധനകളുടെ ഫലങ്ങളും മക്‌ഡൊണാൾഡ്സ് ഇന്ത്യയ്ക്ക് അനുകൂലമാണ്.
ഇതോടെ മക്ഡൊണാൾഡ്സ് ഇന്ത്യക്ക് ചീസ് അടങ്ങിയ ഉൽപ്പന്നങ്ങളുടെ പേരുകളിൽ "ചീസ്" എന്ന വാക്ക് നിലനിർത്താം. ചില ബർഗറുകളിലും നഗറ്റുകളിലും യഥാർത്ഥ ചീസ് ഉപയോഗിക്കുന്നില്ലെന്ന ആരോപണത്തെ തുടർന്ന് മഹാരാഷ്ട്രയിലെ മക്ഡൊണാൾഡ്സ് റെസ്റ്റോറൻറുകളിലെ മെനുവിൽ നിന്ന് "ചീസ്" എന്ന വാക്ക് താൽക്കാലികമായി നീക്കം ചെയ്തിരുന്നു.
കൂടാതെ മഹാരാഷ്ട്രയിലെ ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്ട്രേഷൻ അഹമ്മദ്‌നഗറിലെ ഒരു മക്‌ഡൊണാൾഡ് ഔട്ട്‌ലെറ്റിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു . എഫ്എസ്എസ്എഐയിൽ നിന്നുള്ള പരിശോധന ഫലം പുറത്തു വന്നതോടെ വെസ്റ്റ്ലൈഫ് ഫുഡ്വേൾഡ് ഓഹരികൾ 6 ശതമാനത്തിലധികം ഉയർന്ന് 785.00 രൂപയിലെത്തി. ലോകത്തിലെ ഏറ്റവും വലിയ ഹാംബർഗർ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റായ മക്‌ഡൊണാൾഡ് വിവാദങ്ങളിൽ പെട്ടതോടെ പിസ ഹട്ട്, കെഎഫ്സി, ബർജർ കിംഗ് തുടങ്ങിയവുമായി ബന്ധപ്പെട്ട ഓഹരികളും ഇടിഞ്ഞിരുന്നു. വാർത്ത വന്ന ദിവസം മക്ഡൊണാൾഡ് ഫ്രൈഞ്ചൈസിയായ വെസ്റ്റ്ലൈഫ് ഫുഡ് വേൾഡിൻറെ ഓഹരി വില 2.78 ശതമാനമാണ് ഇടിഞ്ഞത്.
ശുദ്ധമായ ചീസിനേക്കാൾ ചീസ് പോലുള്ള വസ്തുക്കളാണ് മക്ഡൊണാൾഡ്സ് ഉപയോഗിക്കുന്നതെന്ന് അധികൃതർ ആരോപിച്ചിരുന്നു. സാങ്കേതികമായി, ഇതിനെ ചീസ് അനലോഗ് എന്നാണ് വിളിക്കുന്നത്. ശുദ്ധമായ ചീസിൽ പാൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്, അതേസമയം ചീസ് അനലോഗുകളിൽ പാൽ കൊഴുപ്പും പച്ചക്കറി കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കമ്പനിയോട് വിശദീകരണം തേടിയത്.