വിമാന കമ്പനികൾ ഇനി ഈ കാര്യത്തിൽ യാത്രക്കാരെ ബുദ്ധിമുട്ടിക്കില്ല; കർശന നിർദേശം നൽകി കേന്ദ്രം
എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ, സ്പൈസ് ജെറ്റ്, വിസ്താര, എയർ ഇന്ത്യ എക്സ്പ്രസ് കണക്ട്, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ ഏഴ് എയർലൈനുകള്‍ക്കും നിർദേശം നൽകി ബിസിഎഎസ്.
വിമാനം ലാൻഡ് ചെയ്തതിന് ശേഷം എയർപോർട്ടിൽ ചെക്ക്-ഇൻ ബാഗ് എടുക്കാൻ കൺവെയർ ബെൽറ്റിൽ ദീർഘനേരം കാത്തിരിക്കുന്നതാണ് വിമാന യാത്രയുടെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാര്യം. ഈ പ്രശ്‌നത്തിൽ ഇടപെട്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഓപ്പറേഷൻ, മാനേജ്‌മെന്റ് ആൻഡ് ഡെലിവറി എഗ്രിമെന്റ്(ഒഎംഡിഎ) അനുസരിച്ച് വിമാനം ലാൻഡ് ചെയ്ത് 10 മിനിറ്റിനുള്ളിൽ ആദ്യത്തെ ചെക്ക്-ഇൻ ബാഗും 30 മിനിറ്റിനുള്ളിൽ അവസാന ബാഗും ബെൽറ്റിൽ ഉണ്ടെന്ന് ഉറപ്പാക്കാൻ വിമാനക്കമ്പനികൾക്ക് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) നിർദേശം നൽകി. ഈ നിയമങ്ങൾ പാലിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ഫെബ്രുവരി 26 വരെ എയർലൈനുകൾക്ക് സമയം നൽകിയിട്ടുണ്ട്. എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ, സ്പൈസ് ജെറ്റ്, വിസ്താര, എയർ ഇന്ത്യ എക്സ്പ്രസ് കണക്ട്, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ ഏഴ് എയർലൈനുകളും ഇത് പാലിക്കേണ്ടതുണ്ട്. ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്ന് ബിസിഎഎസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ജനുവരി മുതൽ ആറ് പ്രധാന വിമാനത്താവളങ്ങളിൽ ബാഗേജ് എത്തിച്ചേരൽ സമയം നിരീക്ഷിച്ചിരുന്നു. നിരീക്ഷണം ഇപ്പോഴും നടക്കുന്നുണ്ട്, ഈ എയർലൈനുകൾ സേവനമെത്തിക്കുന്ന എല്ലാ വിമാനത്താവളങ്ങളിലും ബഗേജ് കൈമാറുന്നതിനുള്ള സമയം പാലിക്കാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.
എന്താണ് ബിസിഎഎസ്?
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻറെ (ഡിജിസിഎ) കീഴിൽ 1978-ലാണ് ബിസിഎഎസ് സ്ഥാപിതമായത്. ആ സമയത്ത് വിമാനങ്ങൾ തട്ടിക്കൊണ്ടുപോകലും അക്രമവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇവ നിയന്ത്രിക്കുന്നതിനാണ് ബിസിഎഎസ് രൂപീകരിച്ചത്. 1987 ഏപ്രിലിൽ ഇത് സ്വയംഭരണ വകുപ്പായി. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ICAO) മാനദണ്ഡങ്ങളും സമ്പ്രദായങ്ങളും പ്രോട്ടോക്കോളുകളും നിരീക്ഷിക്കുക എന്നതാണ് ഇതിന്റെ ചുമതല.