ആറാം ബജറ്റെന്ന റെക്കോർഡിലേക്ക് നിർമ്മല സീതാരാമൻ; ഈ നേട്ടം മുൻപ് കൈവരിച്ച ധനമന്ത്രി ആരാണ്?
തുടർച്ചയായി ആറ് തവണ ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ ധനമന്ത്രിയാണ് നിർമ്മല സീതാരാമൻ. അഞ്ച് വാർഷിക ബജറ്റുകളും ഒരു ഇടക്കാല ബജറ്റും ആണ് നിർമ്മല സീതാരാമന്റെ നേട്ടം.
വെറും രണ്ട് ദിവസങ്ങൾക്ക് ശേഷം ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ ആറാമത്തെ ബജറ്റ് പാർലിമെന്റിൽ അവതരിപ്പിക്കും. പാർലമെൻ്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ, ഇടക്കാല ബജറ്റിൽ വലിയ നയപരമായ മാറ്റങ്ങളൊന്നും ഉണ്ടായേക്കില്ല. ജൂണിൽ രൂപീകരിക്കാൻ സാധ്യതയുള്ള പുതിയ സർക്കാർ 2024-25 വർഷത്തേക്കുള്ള അന്തിമ ബജറ്റ് ജൂലൈയിൽ അവതരിപ്പിക്കും. തുടർച്ചയായി ആറ് തവണ ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ ധനമന്ത്രിയാണ് നിർമ്മല സീതാരാമൻ. അഞ്ച് വാർഷിക ബജറ്റുകളും ഒരു ഇടക്കാല ബജറ്റും ആണ് നിർമ്മല സീതാരാമന്റെ നേട്ടം. മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി ആണ് മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
മൻമോഹൻ സിംഗ്, അരുൺ ജെയ്റ്റ്‌ലി, പി ചിദംബരം, തുടർച്ചയായി അഞ്ച് ബജറ്റുകൾ അവതരിപ്പിച്ച യശ്വന്ത് സിൻഹ എന്നിവരുടെ റെക്കോർഡുകൾ നിർമ്മല സീതാരാമൻ മറികടക്കും. ധനമന്ത്രി എന്ന നിലയിൽ ദേശായി 1959-1964 കാലയളവിൽ അഞ്ച് വാർഷിക ബജറ്റുകളും ഒരു ഇടക്കാല ബജറ്റും അവതരിപ്പിച്ചിരുന്നു.
2014-ൽ മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം അരുൺ ജെയ്റ്റ്‌ലി ധനമന്ത്രാലയത്തിൻ്റെ ചുമതല ഏറ്റെടുക്കുകയും 2014-15 മുതൽ 2018-19 വരെ തുടർച്ചയായി അഞ്ച് ബജറ്റുകൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ജെയ്റ്റ്‌ലി ആണ് ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിവസം ബജറ്റ് അവതരിപ്പിക്കുന്ന കൊളോണിയൽ പാരമ്പര്യത്തെ മാറ്റിയത്. 2017 മുതൽ ഫെബ്രുവരി ആദ്യം ബജറ്റ് അവതരിപ്പിക്കാൻ തുടങ്ങി.
ജെയ്റ്റ്‌ലിയുടെ അനാരോഗ്യത്തെത്തുടർന്ന് മന്ത്രാലയത്തിൻ്റെ അധിക ചുമതല വഹിച്ചിരുന്ന പിയൂഷ് ഗോയൽ 2019-20 ലെ ഇടക്കാല ബജറ്റ് 2019 ഫെബ്രുവരി 1 ന് അവതരിപ്പിച്ചു. 2019 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം, നിർമ്മല സീതാരാമൻ ധനമന്ത്രിയായി. 1970-71 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ച ഇന്ദിരാഗാന്ധിക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിതയായി അവർ. പരമ്പരാഗത ബജറ്റ് ബ്രീഫ്‌കേസ് ഒഴിവാക്കി ബജറ്റ് രേഖകൾ വഹിക്കാൻ ദേശീയ ചിഹ്നത്തോടുകൂടിയ ചുവന്ന തുണി നിർമ്മല സീതാരാമൻ ഉപയോഗിച്ചു.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആദ്യത്തെ ധനമന്ത്രി ആർ കെ ഷൺമുഖം ചെട്ടിയാണ്.