വായ്പ എഴുതിത്തള്ളല്‍: നാണംകെട്ട രീതിയില്‍ ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു; രാഹുല്‍ ഗാന്ധിക്കെതിരെ ധനമന്ത്രി
അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കാന്‍ ഭരണപക്ഷത്തിരുന്നപ്പോഴും പ്രതിപക്ഷത്തിരുന്നപ്പോഴും കോണ്‍ഗ്രസ് ശ്രമിച്ചിട്ടുണ്ടോയെന്ന് നിര്‍മ്മല സീതാരാമന്‍ ചോദിക്കുന്നു. ശുദ്ധീകരണ നടപടികളും തടസ്സപ്പെടുത്താനാണ് ഇപ്പോള്‍ അവര്‍ ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധി ലോക്സഭയില്‍ ഉന്നയിച്ച നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ടെന്നും നിര്‍മ്മല സീതാരാമന്‍
ദില്ലി: വന്‍തുക വായ്പയെടുത്ത് കുടിശ്ശിക വരുത്തിയവരുടെ വായ്പ എഴുതത്തള്ളിയെന്ന ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് വക്താവും നാണംകെട്ട രീതിയില്‍ രാജ്യത്തെ തെറ്റിധരിപ്പിക്കുന്നുവെന്നാണ് നിര്‍മ്മല സീതാരാമന്‍ ട്വിറ്ററില്‍ വിശദമാക്കിയത്. രാജ്യത്തെ പ്രമുഖരായ അന്‍പത് പേരുടെ കോടിക്കണക്കിന് രൂപയുടെ വായ്പ എഴുതത്തള്ളിയെന്ന റിസര്‍വ്വ് ബാങ്കിന്‍റെ വിവരാവകാശ മറുപടി വന്നതിന് പിന്നാലെയാണ് നിര്‍മ്മല സീതാരാമന്‍റെ വിമര്‍ശനം.
അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കാന്‍ ഭരണപക്ഷത്തിരുന്നപ്പോഴും പ്രതിപക്ഷത്തിരുന്നപ്പോഴും കോണ്‍ഗ്രസ് ശ്രമിച്ചിട്ടുണ്ടോയെന്ന് നിര്‍മ്മല സീതാരാമന്‍ ചോദിക്കുന്നു. ശുദ്ധീകരണ നടപടികളും തടസ്സപ്പെടുത്താനാണ് ഇപ്പോള്‍ അവര്‍ ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധി ലോക്സഭയില്‍ ഉന്നയിച്ച നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ടെന്നും നിര്‍മ്മല സീതാരാമന്‍ പറയുന്നു.
വലിയ തോതില്‍ ഇത്തരത്തില്‍ വായ്പകള്‍ അനുവദിച്ചത് 2006 മുതല്‍ 2008 വരെയാണെന്ന് മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ വിശദമാക്കിയത് ഈ അവസരത്തില്‍ ഓര്‍ക്കുന്നുവെന്നും നിര്‍മ്മല സീതാരാമന്‍ ട്വീറ്റില്‍ പറയുന്നു. 2009 മുതല്‍ 2010വരെ, 2013 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ എഴുതിത്തള്ളിയത് 145226 കോടി രൂപയുടെ വായ്പ എഴുതത്തള്ളിയെന്നാണ് രാഹുല്‍ പറയുന്നത്. ഇവയെന്താണെന്ന് രാഹുല്‍ ഗാന്ധി മന്‍മോഹന്‍ സിംഗിനോട് ചോദിച്ച മനസിലാക്കണമെന്നും നിര്‍മ്മല സീതാരാമന്‍ പരിഹസിക്കുന്നു.
സാകേത് ഗോഖലെ സമര്‍പ്പിച്ച വിവരാവകാശ രേഖയ്ക്കാണ് 68607 കോടി രൂപയുടെ വായ്പ ഇത്തരത്തില്‍ എഴുതി തള്ളിയതായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ മറുപടി നല്‍കിയത്. വിജയ് മല്യയും മെഹുൽ ചോക്സിയും അടക്കമുള്ളവരുടെ വായ്പയാണ് എഴുതി തള്ളിയത്. ചോക്സിയുടെ ഗീതാഞ്ജലി ജെംസ് ലിമിറ്റഡ് ആണ് 5492 കോടി രൂപയുടെ കടവുമായി ഈ പട്ടികയിൽ ഒന്നാമതുള്ളത്. ഗ്രൂപ്പ് കമ്പനികളായ ഗിലി ഇന്ത്യ ലിമിറ്റഡിന് 1447 കോടിയും നക്ഷത്ര ബ്രാൻഡ്സ് ലിമിറ്റഡിന് 1109 കോടി രൂപയുമാണ് കടം.
എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നിരീക്ഷണത്തിലുള്ള സന്ദീപ് ഝുഝുൻവാലയും സഞ്ജയ് ഝുഝുൻവാലയും ഡയറക്ടറായുള്ള ആർഇഐ അഗ്രോ ലിമിറ്റഡ് 4314 കോടി രൂപ കടവുമായി ഈ പട്ടികയില്‍ രണ്ടാമതുണ്ട്. ബാബാ രാംദേവ് ആൻഡ് ബാലകൃഷ്ണ ഗ്രൂപ്പിന്റെ ഇൻഡോറിലുള്ള രുചി സോയ ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ 2212 കോടി രൂപ വായ്പയാണ് റിസര്‍വ്വ് ബാങ്ക് എഴുതി തള്ളിയിട്ടുണ്ട്. 2000 കോടി രൂപയ്ക്കു മുകളിൽ കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങളില്‍ ജതിൻ മെഹ്തയുടെ വിൻസം ഡയമണ്ട്സ് ആൻഡ് ജ്വല്ലറി, ക്യൂഡോസ് കെമി, സൂം ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളുമുണ്ട്.
1000 കോടി രൂപയ്ക്കു മുകളിലുള്ള വായ്പാ കുടിശ്ശിക വരുത്തിയ വിഭാഗത്തിലാണ് വിവാദ വ്യവസായി വിജയ് മല്യയുടെ കിങ്ഫിഷർ എയർലൈൻസുള്ളത്. വലിയ തുക വായ്പ കുടിശഅശിക വരുത്തിയ അമ്പതുപേരുടെ ഈ പട്ടികയില്‍ അദ്യ സ്ഥാനത്തുള്ളത് വജ്ര, സ്വര്‍ണ വ്യാപാരികളാണ്. കേന്ദ്ര സര്‍ക്കാര്‍ വിശദമാക്കാന്‍ മടിച്ച കാര്യങ്ങളാണ് ആര്‍ബിഐ വ്യക്തമാക്കിയതെന്നാണ് സാകേത് ഗോഖലെ ഈ മറുപടിയേക്കുറിച്ച് പറയുന്നത്. ശനിയാഴ്ചയാണ് സാകേത് ഗോഖലെയ്ക്ക് ആര്‍ബിഐ വിവരാവകാശ രേഖപ്രകാരമുള്ള മറുപടി നല്‍കിയത്.