എഥനോൾ ചില്ലറക്കാരനല്ല; ലാഭിച്ചത് 24,300 കോടി രൂപയുടെ വിദേശനാണ്യം

കാർബൺ പുറന്തള്ളൽ കുറയ്ക്കാനും കർഷകരുടെ വരുമാനം വർധിപ്പിക്കാനും ആണ് പെട്രോളിൽ എഥനോൾ കലർത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്.

Ethanol blending program saved 24,300 crore foreign exchange in 2022-23

പെട്രോളിൽ എഥനോൾ കലർത്തുന്നതിലൂടെ 2022-23 ൽ 24,300 കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കാനായതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം. പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ (ഒഎംസി) ഏകദേശം 509 കോടി ലിറ്റർ പെട്രോളാണ് ഇതിലൂടെ ലാഭിച്ചത്. 108 ലക്ഷം മെട്രിക് ടൺ കാർബൺ ഡൈ ഓക്‌സൈഡിന്റെ ബഹിർഗമനം കുറയ്ക്കാനും പെട്രോളിൽ എഥനോൾ കലർത്തുന്നതിലൂടെ സാധിച്ചു.

2024-25 ഓടെ എഥനോൾ കലർന്ന പെട്രോൾ 20 ശതമാനവും 2029-30 ആകുമ്പോഴേക്കും 30 ശതമാനവും എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2070 വർഷത്തോടെ സീറോ കാർബൺ എമിഷൻ ലക്ഷ്യം കൈവരിക്കാനാണ് ഇന്ത്യയുടെ പദ്ധതി. ഇത് മുൻനിർത്തി ഹരിത മാർഗങ്ങളിലേക്ക് മാറാൻ വിവിധ വ്യാവസായിക മേഖലകളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ബയോഗ്യാസ്-നാചുറൽ ഗ്യാസ് മിക്സിങ്, ബയോ ഡീസലിന്റെ ഉപയോഗം, ധാന്യങ്ങൾ, ഫാം വേസ്റ്റ് എന്നിവയിൽ നിന്നുള്ള എഥനോൾ ഉല്പാദനം തുടങ്ങിയവയ്ക്കും മുൻഗണന നൽകി വരുന്നു. പൊതുമേഖലാ എണ്ണക്കമ്പനികൾ, വിവിധ സംസ്ഥാനങ്ങളിലായി,ഫാം വേസ്റ്റ് ഉപയോഗിച്ച് എഥനോൾ ഉല്പാദിപ്പിക്കാനായി 12 പ്ലാന്റുകൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്.

എന്താണ് എഥനോൾ?

കരിമ്പ്, ചോളം, അരി, ഗോതമ്പ്, തുടങ്ങി വിവിധ സ്രോതസ്സുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ജൈവ ഇന്ധനമാണ് എഥനോൾ. എഥനോൾ 99.9% ശുദ്ധമായ ആൽക്കഹോൾ ആണ്, ഇത് പെട്രോളുമായി കലർത്തി ശുദ്ധമായ ബദൽ  ഇന്ധനം ഉണ്ടാക്കാം. ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാനും കാർബൺ പുറന്തള്ളൽ കുറയ്ക്കാനും കർഷകരുടെ വരുമാനം വർധിപ്പിക്കാനും ആണ് പെട്രോളിൽ എഥനോൾ കലർത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios