റെയ്മണ്ട് ചെയർമാന്റെ ഭാര്യ 11,000 കോടിയിലധികം വരുന്ന സ്വത്തിന്റെ 75 ശതമാനം ആവശ്യപ്പെട്ടു, റിപ്പോർട്ട്
32 വർഷത്തെ ബന്ധത്തിന് ശേഷം ഏറെ നാൾ നീണ്ട ഊഹാപോഹങ്ങൾക്കൊടുവിൽ താൻ നവാസുമായി വേർപിരിഞ്ഞതായി റെയ്മണ്ട് ചെയർമാൻ സിംഘാനിയ കഴിഞ്ഞ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.
ദില്ലി: റെയ്മണ്ട് കമ്പനിയുടെ ചെയർമാനും എംഡിയുമായ കോടീശ്വര വ്യവസായി ഗൗതം സിംഘാനിയയുടെ ഭാര്യ നവാസ് മോദി സിംഘാനിയ ഡിവോഴ്സിന് ശേഷം 75 ശതമാനം സ്വത്തവകാശം ചോദിച്ചതായി റിപ്പോർട്ട്. ഗൌതം സിംഘാനിയയുടെ 1.4 ബില്യൺ ഡോളർ ആസ്തിയിൽ 75 ശതമാനം തനിക്കും രണ്ട് പെൺമക്കൾക്കുമായി സെറ്റിൽമെന്റിൽ ആവശ്യപ്പെട്ടതായാണ് എക്കണോമിക് ടൈംസ് റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ ഇതിൽ പാതി സമ്മതം പറഞ്ഞ ഗൌതം, കുടുംബ ട്രസ്റ്റ് സൃഷ്ടിക്കാനും അതിന്റെ ഏക മാനേജിങ് ട്രസ്റ്റി താനാകണമെന്നുമുള്ള നിർദേശം മുന്നോട്ടുവച്ചു. എന്നാൽ നവാവ് ഇത് അസ്വീകാര്യമാണെന്ന് അറിയിച്ചതായും എക്കണോമിക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. നിലവിൽ അദ്ദേഹത്തിന്റെ ആസ്തി 11,000 കോടി രൂപയിലധികമാണെന്നാണ് റിപ്പോർട്ട്.
32 വർഷത്തെ ബന്ധത്തിന് ശേഷം ഏറെ നാൾ നീണ്ട ഊഹാപോഹങ്ങൾക്കൊടുവിൽ താൻ നവാസുമായി വേർപിരിഞ്ഞതായി റെയ്മണ്ട് ചെയർമാൻ സിംഘാനിയ കഴിഞ്ഞ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ഞങ്ങൾ പ്രതിബദ്ധതയോടെയും ദൃഢനിശ്ചയത്തോടെയുംവിശ്വാസത്തോടെയും സഞ്ചരിച്ചു, ജീവിതത്തിലെ ഏറ്റവും മനോഹരമായ രണ്ട് കൂട്ടിച്ചേർക്കലുകൾ വന്നു, ഇത് മുന്‍കാലത്തെ പോലുള്ള ദീപാവലിയല്ലെന്നും നവാസുമായി പിരിയുകയാണെന്നും അദ്ദേഹം കുറിച്ചിരുന്നു.
Read more: '32 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നു'; നവാസ് മോദിയുമായി വേർപിരിയുകയാണെന്ന് ഗൗതം സിംഘാനിയ
മുംബൈ ആസ്ഥാനമായുള്ള നിയമ സ്ഥാപനമായ രശ്മി കാന്തിനെ നവാസ് നിയമിച്ചിരിക്കുകയാണെന്നും ഖൈതാൻ ആൻഡ് കോയിലെ ഹൈഗ്രേവ് ഖൈതാനെ സിംഘാനിയ നിയമോപദേശത്തിനായി ചുമതലപ്പെടുത്തിയതായും ഇടി റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതേസമയം, ശാർദുൽ അമർചന്ദ് മംഗൾദാസ് ആൻഡ് കമ്പനിയുടെ അക്ഷയ് ചുദസമ, സാധ്യമായ അനുരഞ്ജനത്തിനും, പരസ്പര സമ്മതത്തോടെയുള്ള പരിഹാരത്തിന് മധ്യസ്ഥത വഹിക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുണ്ട്. സോളിസിറ്ററായ നാടാര്‍ മോദിയുടെ മകള്‍ നവാസ് മോദിയെ 1999 -ലാണ് ഗൗതം വിവാഹം കഴിക്കുന്നത്. എട്ടുവര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു 29 -കാരിയായ നവാസിനെ ഗൗതം സിംഘാനിയ വിവാഹം ചെയ്തത്.