പേടിഎം പേയ്‌മെൻ്റ് ബാങ്കുമായി ഒരു ഇടപാടിനും ഇല്ലെന്ന് ഇപിഎഫ്ഒ; നിയന്ത്രണങ്ങൾ ഇങ്ങനെ
പേടിഎം പേയ്‌മെൻ്റ് ബാങ്കിൻ്റെ ഉപഭോക്തൃ അക്കൗണ്ടുകളിലെ നിക്ഷേപത്തിനും ക്രെഡിറ്റ് ഇടപാടുകൾക്കും ആർബിഐ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ ആണ് ഇപിഎഫ്ഒയുടെ നടപടി
മുംബൈ: പേടിഎം പേയ്‌മെൻ്റ് ബാങ്ക് അക്കൗണ്ടുകളിൽ നിന്നുള്ള നിക്ഷേപങ്ങള്‍ക്കും ക്രെഡിറ്റ് ഇടപാടുകള്‍ക്കും നിയന്ത്രങ്ങൾ ഏർപ്പെടുത്തി എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ. ഇപിഎഫ്ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ആണ് നിയന്ത്രങ്ങളെ കുറിച്ച് പറയുന്നത്.
2024 ഫെബ്രുവരി 23 മുതൽ പേടിഎം പേയ്‌മെൻ്റ് ബാങ്കിലെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ക്ലെയിമുകൾ സ്വീകരിക്കുന്നത് നിർത്തണമെന്ന് സർക്കുലർ എല്ലാ ഫീൽഡ് ഓഫീസുകളേയും ഇപിഎഫ്ഒ അറിയിച്ചിട്ടുണ്ട്. 2024 ഫെബ്രുവരി 8-ന് പുറപ്പെടുവിച്ച സർക്കുലറിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്.
2024 ഫെബ്രുവരി 29 ന് ശേഷം പേടിഎം പേയ്‌മെൻ്റ് ബാങ്കിൻ്റെ ഉപഭോക്തൃ അക്കൗണ്ടുകളിലെ നിക്ഷേപത്തിനും ക്രെഡിറ്റ് ഇടപാടുകൾക്കും ആർബിഐ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ ആണ് ഇപിഎഫ്ഒയുടെ നടപടി.
പേടിഎം പേയ്മെന്റ്സ് ബാങ്കിന് പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാൻ ജനുവരി 31 നാണു ആർബിഐ വിലക്ക് ഏർപ്പെടുത്തിയത്. പേടിഎം പേയ്മെന്റ് ബാങ്ക് ഫെബ്രുവരി 29ന് ശേഷം അക്കൗണ്ടുകളിലും വാലറ്റുകള്‍, ഫാസ്റ്റാഗുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള മറ്റ് രീതികളിലും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് പൂര്‍ണമായി റിസര്‍വ് ബാങ്ക് തടഞ്ഞിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ പേയ്മെന്റ് സ്ഥാപനങ്ങളിലൊന്നായ പേടിഎം പേയ്മെന്റ്സ് ബാങ്കിന് ഇതോടെ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ, ക്രെഡിറ്റ് ഇടപാടുകള്‍ അനുവദിക്കാനോ, യുപിഐ ഉള്‍പ്പെടെയുള്ള പണമിടപാടുകള്‍ നടത്താനോ സാധിക്കില്ല. ഫെബ്രുവരി 29 മുതലാണ് റിസര്‍വ് ബാങ്കിന്റെ ഈ നിയന്ത്രണങ്ങള്‍ പ്രാബല്യത്തിൽ വരുന്നത്. ഉപഭോക്താക്കളുടെ എല്ലാ തരത്തിലുമുള്ള അക്കൗണ്ടുകള്‍, പ്രീപെയ്ഡ് സംവിധാനങ്ങള്‍, വാലറ്റുകള്‍, ഫാസ്റ്റാഗുകള്‍, നാഷണൽ കോമൺ മൊബിലിറ്റി കാര്‍ഡുകള്‍ തുടങ്ങിയവയിലൊന്നും നിക്ഷേപങ്ങള്‍ നടത്താനോ ക്രെഡിറ്റ് ഇടപാടുകള്‍ നടത്താനോ അനുവദിക്കില്ലെന്ന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ പറയുന്നു