ഇപിഎഫ്ഒയിൽ പരാതികൾ എങ്ങനെ രജിസ്റ്റർ ചെയ്യും; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ
ഇപിഎഫ്ഒയിൽ അംഗമായ ഒരു വ്യക്തി പരാതികൾ ഉണ്ടെങ്കിൽ അത് എങ്ങനെ കൈകാര്യം ചെയ്യും? പരാതികൾ ഉന്നയിക്കാനും നിർദ്ദേശങ്ങൾ സമർപ്പിക്കാനും ഫീഡ്‌ബാക്ക് നൽകാനുമുള്ള വഴി ഇതാ
ഇന്ത്യാ ഗവൺമെന്റിന്റെ തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള ഒരു നിയമപരമായ സ്ഥാപനമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). രാജ്യത്തെ ജീവനക്കാർക്ക് സാമ്പത്തിക സുരക്ഷിതത്വവും വിരമിക്കൽ ആനുകൂല്യങ്ങളും ഉറപ്പുനൽകുന്നതിൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഇപിഎഫ്ഒ ആണ് ജീവനക്കാരുടെ നിർബന്ധിത സംഭാവന പദ്ധതിയായ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്കീം കൈകാര്യം ചെയ്യുന്നത്. തൊഴിലുടമയും ജീവനക്കാരനും പ്രതിമാസ സംഭാവനകൾ നൽകുന്ന പദ്ധതിയാണിത്. കേന്ദ്രസർക്കാർ സുരക്ഷിതത്വത്തിൽ, വരുമാനം ഉറപ്പാക്കുന്ന ഈ സ്‌കീം ജോലി ചെയ്യുന്നവർക്കുള്ള മികച്ച നിക്ഷേപ ഓപ്ഷനാണ്. ഇപിഎഫ്ഒയിൽ അംഗമായികൊണ്ട് ഒരു വ്യക്തി പരാതികൾ ഉണ്ടെങ്കിൽ അത് എങ്ങനെ കൈകാര്യം ചെയ്യും?
ഏതെങ്കിലും അംഗത്തിന് പരാതി ഉണ്ടെങ്കിൽ, അവർക്ക് ഒന്നിലധികം മാര്ഗങ്ങളിലൂടെ പ്രശ്നങ്ങൾ ഉന്നയിക്കാം. അംഗത്തിന് EPFiGMS-ൽ https://epfigms.gov.in/) പരാതി ഫയൽ ചെയ്യാം. ഓൺലൈൻ ആയി ലഭിച്ച പ്രതികരണത്തിൽ അംഗത്തിന് അതൃപ്തിയുണ്ടെങ്കിൽ പരാതി അടുത്ത ഉന്നത അധികാരിയിലേക്ക് എത്തിക്കാൻ സംവിധാനവും ഉണ്ട്. പരാതി പരിഹരിക്കുന്നതിന് സമയക്രമവും ഉണ്ട്. EPFiGMS-ൽ പരാതി നൽകുന്നതിന് പുറമേ, ഇന്ത്യാ ഗവൺമെന്റ് സംരംഭമായ CPGRAMS-ലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്
ഇപിഎഫ്ഒയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ https://www.epfindia.gov.in/site_en/Contact.php എന്നതിൽ ലഭ്യമായ ഇമെയിൽ ഐഡികളിൽ പരാതി അയക്കാവുന്നതാണ്. ഇപിഎഫ്ഒയുമായുള്ള അംഗങ്ങളുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് 'നിധി ആപ്‌കെ നികാത്ത് ' എല്ലാ മാസവും 10-ന് എല്ലാ ഇപിഎഫ്ഒ ഓഫീസുകളിലും നടക്കുന്നു, അതിൽ അംഗങ്ങൾക്ക് അവരുടെ പരാതികൾ ഉന്നയിക്കാനും നിർദ്ദേശങ്ങൾ സമർപ്പിക്കാനും ഫീഡ്‌ബാക്ക് നൽകാനും കഴിയും.