ഇലോൺ മസ്കിന് ഇത് 'കഷ്ടകാലം'; നഷ്ടം 3 ലക്ഷം കോടി, സമ്പന്ന പദവിയിൽ നിന്നും താഴേക്ക്
2022-ൽ ഏറ്റെടുത്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ മസ്കിന് വലിയ തലവേദനയായിരിക്കുകയാണ്. 2022 മുതൽ പരസ്യദാതാക്കളെ നിലനിർത്താൻ ട്വിറ്റർ പാടുപെടുകയാണ്.
ആസ്തി കണക്കിൽ കുതിച്ചയരുക.പിന്നീട് അതെല്ലാം തകർന്ന് താഴേക്ക് വരുക. സ്പേസ് എക്സിന്റെ ചില റോക്കറ്റുകൾ പോലെയാണ് അതിന്റെ ഉടമ ഇലോൺ മസ്‌കിന്റെ സമ്പത്തിന്റെ കണക്കുകളും. ബ്ലൂംബെർഗ് ബില്യണയർ ഇൻഡക്‌സ് പ്രകാരം ഇലോൺ മസ്‌കിന്റെ ആസ്തി ഈ വർഷം ഏകദേശം 40 ബില്യൺ ഡോളർ ആണ് കുറഞ്ഞത്. രൂപ കണക്കിലിത് 3.3 ലക്ഷം കോടിയാണ്. ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിന്റെ ഉടമയുമായ മസ്കിന്റെ ആസ്തി 189 ബില്യൺ ഡോളറാണ്. ലൂയി വിറ്റൺ മേധാവി ബെർണാഡ് അർനോൾട്ടിനും ആമസോണിന്റെ ഉടമ ജെഫ് ബെസോസിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ മസ്ക് . ഈ ആഴ്ച ആദ്യമാണ് ബെസോസ് എലോൺ മസ്‌കിനെ മറികടന്നത്. ലൂയി വിറ്റൺ മേധാവിയുടെ ആസ്തി 197 ബില്യൺ ഡോളറാണെങ്കിൽ, ബെസോസിന്റെ ആസ്തി 196 ബില്യൺ ഡോളറാണ്. ടെസ്‌ലയുടെ ഓഹരി വില ഇടിഞ്ഞതാണ് മസ്‌കിന്റെ സമ്പത്ത് ഇടിയുന്നതിന് കാരണമായത്. മോശം പാദ ഫലം പുറത്തുവിട്ടതിനെ തുടർന്ന് ടെസ്‌ലയുടെ ഓഹരി വില 9.8 ശതമാനം ഇടിഞ്ഞു. ടെസ്‌ലയുടെ പ്രവർത്തന വരുമാനം 2023 ന്റെ ആദ്യ പാദത്തിൽ 24 ശതമാനം കുറഞ്ഞ് 2.7 ബില്യൺ ഡോളറായി . ടെസ്‌ലയിലെ 21 ശതമാനം ഓഹരികളാണ് മസ്‌കിന്റെ സമ്പത്തിന്റെ പ്രധാന ആസ്തി. ഈ വർഷം ഇതുവരെ മസ്കിന്റെ ആസ്തിയിൽ 29 ശതമാനം ഇടിവുണ്ടായതായി ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു.
2022-ൽ ഏറ്റെടുത്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ മസ്കിന് വലിയ തലവേദനയായിരിക്കുകയാണ്. 2022 മുതൽ പരസ്യദാതാക്കളെ നിലനിർത്താൻ ട്വിറ്റർ പാടുപെടുകയാണ്.2021 അവസാനത്തോടെ മസ്‌കിന്റെ സമ്പത്ത് 320 ബില്യൺ ഡോളറിലെത്തിയിരുന്നു. അതിൽ നിന്നാണ് പിന്നീട്, 200 ബില്യൺ ഡോളറിലധികം നഷ്ടപ്പെടുന്ന ചരിത്രത്തിലെ ആദ്യത്തെ വ്യക്തിയായി മസ്ക് മാറിയത്.