കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ കേസും; ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി ഇഡി

നിരവധി കേസുകളിൽ അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ ബൈജു രാജ്യം വിടാതിരിക്കാനാണ് നോട്ടീസ് പുറത്തുവിട്ടത്

ED issues Lookout notice against Byju Raveendran kgn

ബാംഗ്ലൂര്‍: ബൈജൂസ് ആപ്പിന്‍റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രനെതിരെ ഇഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ബൈജൂസ് വിദേശനാണ്യ വിനിമയ ചട്ട ലംഘനം അടക്കം നിരവധി കേസുകൾ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇദ്ദേഹം രാജ്യം വിടാതിരിക്കാനാണ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം.

നാളെ ബൈജു രവീന്ദ്രനെ കമ്പനിയിൽ നിന്ന് നീക്കാനായി മാര്‍ക് സക്കർബർഗ് അടക്കമുള്ള നിക്ഷേപകർ അസാധാരണ ജനറൽ ബോഡി മീറ്റിംഗ് വിളിച്ചിരിക്കുകയാണ്. ഈ യോഗത്തിലേക്ക് ബൈജു രവീന്ദ്രനെ ക്ഷണിച്ചിട്ടില്ല. ഈ യോഗത്തിനെതിരെ ബൈജു കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ നാളെ ചേരാനിരിക്കുന്ന ഓഹരി ഉടമകളുടെ ജനറൽ ബോഡി യോഗത്തിൽ എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഇതിനിടെയാണ് ബൈജു രവീന്ദ്രനെതിരെ ഇഡിയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ ബെംഗളുരുവിലെ പ്രസ്റ്റീജ് പാർക്കെന്ന കെട്ടിടത്തിലെ നാല് ലക്ഷം സ്ക്വയർ ഫീറ്റ് വരുന്ന ഓഫീസ് കഴിഞ്ഞയാഴ്ചയാണ് ബൈജൂസ് ഒഴിഞ്ഞത്. കൊവിഡിന് ശേഷം ബൈജൂസിന്‍റെ ഓഹരി മൂല്യത്തിൽ തുടർച്ചയായി ഇടിവ് മാത്രമാണ് രേഖപ്പെടുത്തിയത്. 1.2 ബില്യൺ ഡോളറിന്‍റെ വായ്പാ തുകയുടെ പേരിലും വിവിധ ധനകാര്യസ്ഥാപനങ്ങളുമായി നിയമയുദ്ധത്തിലാണ് ബൈജൂസ്. കഴിഞ്ഞ ഒന്നരവർഷമായി ബൈജു രവീന്ദ്രൻ ദുബായിലും ദില്ലിയിലുമായി മാറി മാറിയാണ് താമസിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കക്കള്ളി ഇല്ലാതായാൽ ബൈജു രാജ്യം വിട്ടേക്കുമെന്ന സൂചനയുള്ളതിനാലാണ് ഇഡി നോട്ടീസ് പുറപ്പെടുവിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

Latest Videos
Follow Us:
Download App:
  • android
  • ios