2500 പേർ പുറത്തേക്ക്; മൂന്ന് മാസത്തിനിടെ മൂന്നാം ഘട്ട പിരിച്ചുവിടലുമായി ഡിസ്നി

രണ്ടാം ഘട്ടപിരിച്ചുവിടലിൽ കനത്ത തിരിച്ചടി നേരിട്ട ടെലിവിഷൻ ഡിവിഷനിൽ നിന്നും ഇത്തവണ കൂടുതൽപേരെ പിരിച്ചുവിടുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

Disney begins 3rd job cut round apk

മൂന്നാം റൗണ്ട് പിരിച്ചുവിടലുമായി എന്റർടെയ്ൻമെന്റ് രംഗത്തെ ഭീമൻ കമ്പനിയായ ഡിസ്നി.  മൂന്നാം റൗണ്ട് പിരിച്ചുവിടലിന്റ ഭാഗമായി 2,500-ലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടും.ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത്. രണ്ടാം ഘട്ടപിരിച്ചുവിടലിൽ കനത്ത തിരിച്ചടി നേരിട്ട ടെലിവിഷൻ ഡിവിഷനിൽ നിന്നും ഇത്തവണ കൂടുതൽപേരെ പിരിച്ചുവിടുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

ഏകദേശം 7,000 തൊഴിലാളികളെ വെട്ടികുറയ്ക്കാൻ കമ്പനി ലക്ഷ്യമിടുന്നതിനാൽ മാർച്ചിൽ ഡിസ്നി സിഇഒ ബോബ് ഇഗർ മൂന്ന് റൗണ്ട് പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചതോടെയാണ് പിരിച്ചുവിടൽ നടപടികൾക്ക് തുടക്കമായത്.  നിലവിൽ ഡിസ്നിയിൽ ഏകദേശം 1,90,000 ജീവനക്കാരുണ്ട്.  ചെലവ് കുറയ്ക്കുന്നതിനായും കമ്പനിയുടെ പ്രവർത്തന ഘടന പുനസംഘടിപ്പിക്കാനുമാണ് തീരുമാനം.  5.5 ബില്യൺ ഡോളർ അതായത് ഏകദേശം 45,000 കോടി രൂപയുടെ ചെലവ് ചുരുക്കാനായി 7,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. മാർച്ച് മാസത്തിലാണ് ആദ്യഘട്ട പിരിച്ചുവിടൽ നടന്നത്. ഏപ്രിൽ മാസത്തിലെ രണ്ടാംഘട്ട പിരിച്ചുവിടലിന്റെ ഭാഗമായി 4000 ജീവനക്കാരെ ഡിസ്നിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

2022 നവംബറിലാണ് മുൻ സിഇഒ ബോബ് ചാപെക്കിൽ നിന്നും കമ്പനിയുടെ സിഇഒ സ്ഥാനം റോബർട്ട് ഇഗർ ഏറ്റെടുത്തത്. കമ്പനിയുടെ സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്തുന്നതിന്റ ഭാഗമായി,  ചെലവ് ചുരുക്കലിനും പിരിച്ചുവിടലിനുമുള്ള പദ്ധതികളും ആരംഭിച്ചു.ഹുലുവിലെയും ഫ്രീഫോം നെറ്റ്‌വർക്കിലെയും നിർമ്മാണത്തിന് നേതൃത്വം നൽകിയ രണ്ട് മുതിർന്ന വൈസ് പ്രസിഡന്റുമാരെ ആദ്യ ഘട്ടത്തിൽ പിരിച്ചുവിട്ടതായാണ് റിപ്പോർട്ട്. ടിവി ഷോകൾക്കായി പുസ്‌തകങ്ങൾ, പോഡ്‌കാസ്റ്റുകൾ, മറ്റ് സ്റ്റോറികൾ എന്നിവയ്ക്ക് ലൈസൻസ് നൽകിയ യൂണിറ്റിനെയും  പിരിച്ചുവിട്ടതായാണ് സൂചന. തീം പാർക്കുകൾ, ഇഎസ്‌പിഎൻ സ്‌പോർട്‌സ് നെറ്റ്‌വർക്കുകൾ എന്നിവയുൾപ്പെടെ കമ്പനിയുടെ എല്ലാ വിഭാഗങ്ങളെയും പുനഃസംഘടിപ്പിക്കും. 2022 ഡിസംബറിൽ അവസാനിച്ച പാദത്തിൽ 1 ബില്യൺ ഡോളർ നഷ്ടമായ കമ്പനിയുടെ സ്ട്രീമിംഗ് ടിവി ബിസിനസുകളെ ലാഭകരമാക്കുക എന്നതാണ് ഇഗറിന് മുന്നിലുള്ള വലിയ വെല്ലുവിളി.
 

Latest Videos
Follow Us:
Download App:
  • android
  • ios