'ഭാര്യ നോർത്ത് ഇന്ത്യനാ...?' ബസിന് പിന്നിലെ പരസ്യത്തെച്ചൊല്ലി വിവാദം കടുക്കുന്നു
രാജ്യത്തെ രണ്ടായി വിഭജിച്ചു എന്നത് പോലുള്ള ഗുരുതരമായ ആരോപണങ്ങളാണ് പരസ്യത്തിനെതിരെ ചിലര്‍ ഉയര്‍ത്തുന്നത്.
ബംഗളുരു: ബംഗളുരുവിലെ ബസിന് പിന്നില്‍ പതിച്ചിരിക്കുന്ന ഒരു പരസ്യത്തെച്ചൊല്ലി രൂപംകൊണ്ട വിവാദം സോഷ്യല്‍ മീഡിയയിലും പുറത്തുമൊക്കെ ശക്തമാവുകയാണ്. ഇന്‍സ്റ്റന്റ് രസം നിര്‍മാണ കമ്പനിയാണ് മാര്‍ക്കറ്റിങ് തന്ത്രത്തില്‍ പുലാവാല് പിടിച്ചത്. രാജ്യത്തെ വിഭജിക്കുന്ന തരത്തിൽ പരസ്യം നൽകിയെന്നും തെക്കേ ഇന്ത്യക്കാരെയും വടക്കേ ഇന്ത്യക്കാരെയും ഒരുപോലെ അധിക്ഷേപിച്ചെന്നും ഒക്കെയാണ് ആരോപണം.
ഭാര്യ വടക്കേ ഇന്ത്യക്കാരിയാണെങ്കില്‍ ഇൻസ്റ്റന്റ് രസം വാങ്ങൂ എന്നതാണ് ഇന്ദിരാസ് ഇന്‍സ്റ്റന്റ് രസത്തിന്റെ പരസ്യ വാചകം. സെക്കന്റുകള്‍ക്കുള്ളില്‍ രസം തയ്യാറാക്കാമെന്ന വാഗ്ദാനവുമുണ്ട്. എന്നാല്‍ പരസ്യം രാജ്യത്തെ രണ്ടായി വിഭജിച്ചെന്ന തരത്തില്‍ ചിലര്‍ ആദ്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. തെക്കേ ഇന്ത്യക്കാരെയും വടക്കേ ഇന്ത്യക്കാരെയും ഒരുപോലെ അധിക്ഷേപിച്ചെന്നും ആരോപണം ഉയർത്തി. ആൺ, പെണ്‍ വിവേചനവും പരസ്യത്തിലുണ്ടെന്ന ആരോപണം മറ്റ് ചിലര്‍ ഉന്നയിച്ചു. ഭാര്യ തന്നെ രസം ഉണ്ടാക്കണം എന്ന് ഇത്ര നിര്‍ബന്ധമെന്താണെന്ന് ചിലര്‍ കമന്റുകളില്‍ ചോദിക്കുന്നു.
ചിലര്‍ പലതരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് വിവാദം കടുപ്പിച്ചപ്പോള്‍ തെക്കേ ഇന്ത്യക്കാരും വടക്കേ ഇന്ത്യക്കാരും പരസ്പരം വിവാഹം ചെയ്യുന്ന ദേശീയോദ്ഗ്രഥന സങ്കല്‍പമാണ് പരസ്യം മുന്നോട്ട് വെയ്ക്കുന്നതെന്ന് മറ്റു ചിലരും വാദിച്ചു. എല്ലാത്തിലും വിവാദം കണ്ടെത്താന്‍ ശ്രമിക്കുന്ന പ്രവണതയാണ് എത്രയും വേഗം അവസാനിപ്പിക്കേണ്ടതെന്നും കമന്റുകളുണ്ട്. ഇത്തരക്കാര്‍ എവിടെയും വിവാദമുണ്ടാക്കാനും അതില്‍ കയറി അഭിപ്രായം പറയാനുമുള്ള അവസരം കാത്തിരിക്കുകയാണെന്നും പറയുമ്പോള്‍, ഇതെല്ലാം രസത്തിനെയാണ് അപമാനിക്കുന്നതെന്ന അഭിപ്രായമുള്ളവരും ഉണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...