ജിഎസ്ടി വിഹിതം, കേരളത്തിന് കേന്ദ്രത്തിന്റെ ഇരുട്ടടി; കേന്ദ്രം 332 കോടി വെട്ടിക്കുറച്ചെന്ന് ധനമന്ത്രി

സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ധനവകുപ്പ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് കത്തയച്ചിട്ടുണ്ട്.

central government reduce IGST share of Kerala by 332 crores  nbu

തിരുവനന്തപുരം: ജിഎസ്ടി വിഹിതത്തിൽ കേരളത്തിന് കേന്ദ്രത്തിന്റെ ഇരുട്ടടി. 332 കോടി രൂപ ഒരു മുന്നറിയിപ്പും ഇല്ലാതെ കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ധനവകുപ്പ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് കത്തയച്ചിട്ടുണ്ട്.

അന്തർ സംസ്ഥാന ചരക്ക്‌, സേവന നികുതി വിഹിതമായി ആദ്യം ഒരു തുക അനുവദിക്കുകയും പിന്നീടത് ക്രമപ്പെടുത്തുകയുമാണ് സാധാരണ ചെയ്യാറുള്ളത്. ഐജിഎസ്ടി സെറ്റിൽമെന്‍റിൽ നംബറിലെ വിഹിതത്തിലാണ് 332 കോടി രൂപയുടെ കുറവ്. ഐജിഎസ്ടി ബാലൻസിലെ കുറവ് നികത്തുന്നതിനായി മുൻകൂർ വിഹിതം ക്രമീകരിക്കുന്നതിനാണ് നടപടിയെന്നാണ് ധനവകുപ്പിന് കിട്ടിയ അറിയിപ്പ്. എന്താണ് കാരണമെന്നോ ഏത് കണക്കിന്‍റെ അടിസ്ഥാനത്തിലാണ് തുകയിൽ വെട്ടിക്കുറവ് വരുത്തിയതെന്നോ വ്യക്തമല്ല. തുക വെട്ടിക്കുറച്ചതിന്‍റെ അനുപാത കണക്കിൽ അടക്കം വ്യക്തത ആവശ്യപ്പെട്ടാണ് കേരളം കേന്ദ്രത്തിന് കത്തയച്ചിട്ടുള്ളത്.

കേരളത്തിനുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുന്നതും കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട കുടിശിക അനുവദിക്കുന്നതും സംബന്ധിച്ച് കേന്ദ്ര സംസ്ഥാന തര്‍ക്കങ്ങൾ നിലനിൽക്കുകയാണ്. ഐജിഎസ്ടി സെറ്റിൽമെന്റുകളുടെ കണക്കുകൂട്ടൽ രീതികൾ സംബന്ധിച്ച് ജിഎസ്ടി കൗൺസിൽ യോഗത്തിൽ വ്യക്തത വരുത്തണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഐജിഎസ്ടി സെറ്റിൽമെന്റിൽ ഇപ്പോൾ വരുത്തിയിട്ടുള്ള കുറവ് സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ കൂടുതൽ വഷളാക്കുന്നതാണെന്നാണ് കേരളം കേന്ദ്രത്തിന് അയച്ച കത്തിൽ പറയുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios