മണിക്കൂറുകള്‍ വൈകും! പുതിയ യുപിഐ ഇടപാട് 2000 രൂപയില്‍ കൂടുതലാണെങ്കില്‍ അക്കൗണ്ടിലെത്താൻ 4 മണിക്കൂര്‍?

രണ്ട് അക്കൗണ്ടുകള്‍ തമ്മില്‍ ഓണ്‍ലൈന്‍ ഇടപാട് നടക്കുന്നത് ആദ്യമായിട്ടാണെങ്കില്‍, ആ തുക 2000 രൂപയ്ക്ക് മുകളിലാണെങ്കില്‍ പണം ട്രാന്‍സ്ഫറാകാന്‍ നാല് മണിക്കൂര്‍ എന്ന സമയ പരിധി നിശ്ചയിക്കാനാണ് നീക്കം

central government plans four hour delay if upi transfer between two users is first time and amount is above 2000 SSM

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് സമയ നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. രണ്ട് അക്കൗണ്ടുകള്‍ തമ്മില്‍ ഓണ്‍ലൈന്‍ ഇടപാട് നടക്കുന്നത് ആദ്യമായിട്ടാണെങ്കില്‍, ആ തുക 2000 രൂപയ്ക്ക് മുകളിലാണെങ്കില്‍ പണം ട്രാന്‍സ്ഫറാകാന്‍ നാല് മണിക്കൂര്‍ എന്ന സമയ പരിധി നിശ്ചയിക്കാനാണ് കേന്ദ്രം ആലോചിക്കുന്നതെന്ന് ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പ്രാബല്യത്തിലായാല്‍ ഐഎംപിഎസ്, ആർ‌ടി‌ജി‌എസ്, യു‌പി‌ഐ തുടങ്ങിയ ഓണ്‍ലൈന്‍ പെയ്മെന്‍റുകള്‍ക്കാണ് ഇത് ബാധകമാവുക. 

സൈബര്‍ തട്ടിപ്പ് തടയുക എന്നതാണ് ലക്ഷ്യം. പണം ട്രാന്‍സ്ഫറാകാന്‍ നാല് മണിക്കൂര്‍ എടുക്കും എന്നതിനാല്‍ പണമയച്ചത് പിന്‍വലിക്കാനോ മാറ്റം വരുത്താനോ സാവകാശം കിട്ടും. രണ്ട് യൂസര്‍മാര്‍ തമ്മിലുള്ള ആദ്യത്തെ എല്ലാ പണമിടപാടുകള്‍ക്കും ഈ നിബന്ധന വരുമ്പോള്‍ ചെറുകിട കച്ചവടക്കാരെയും മറ്റും ദോഷകരമായി ബാധിക്കും. അതിനാലാണ് 2000 രൂപയില്‍ കൂടുതലുള്ള പണമിടപാട് എന്ന നിബന്ധന കൊണ്ടുവരുന്നത്. അതായത് ഇതിനകം നമ്മള്‍ ഇടപാട് നടത്തിയിട്ടുള്ള അക്കൌണ്ടുകളുമായി ഇനിയും ഈ നിയന്ത്രണമില്ലാതെ ഇടപാട് നടത്താം. ഇതുവരെ ഇടപാടൊന്നും നടത്താത്ത അക്കൌണ്ടിലേക്ക് ആദ്യമായി 2000 രൂപ അയക്കുമ്പോഴാണ് ട്രാന്‍സഫറാകാന്‍ സമയമെടുക്കുക. റിസര്‍വ്വ് ബാങ്ക്, വിവിധ പൊതു സ്വകാര്യ മേഖലാ ബാങ്കുകൾ, ഗൂഗിൾ, റേസർപേ പോലുള്ള ടെക് കമ്പനികൾ എന്നിവയുൾപ്പെടെയുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തുമെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. 

ഒടിപിയും ലിങ്കും ഒന്നുമില്ല എന്നിട്ടും പോയി ഒരു ലക്ഷം; അധ്യാപികയുടെ പണം പോയതെങ്ങനെ? ഉത്തരം തേടി പൊലീസ്

ഒരു പുതിയ യുപിഐ അക്കൗണ്ട് നിലവില്‍ ആദ്യത്തെ 24 മണിക്കൂറിനുള്ളിൽ പരമാവധി 5000 രൂപയാണ് അയക്കാന്‍ കഴിയുക. നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്സ് ട്രാന്‍സ്ഫര്‍ (NEFT) വഴിയാണെങ്കില്‍ 50,000 രൂപയും. റിസര്‍വ് ബാങ്കിന്‍റെ വാർഷിക റിപ്പോർട്ട് പ്രകാരം 2022-23 സാമ്പത്തിക വർഷത്തിലാണ് ഡിജിറ്റൽ പേയ്‌മെന്റ് വഴി ഏറ്റവും അധികം തട്ടിപ്പുകള്‍ നടന്നത്. ബാങ്കിംഗ് സംവിധാനത്തിലാകെ 13,530 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 30,252 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. ഇതില്‍ 49 ശതമാനം ഡിജിറ്റൽ പേയ്‌മെന്റ് തട്ടിപ്പാണ്. അതായത് 6,659 കേസുകൾ.  ഈ സാഹചര്യത്തിലാണ് ഡിജിറ്റല്‍ പെയ്മെന്‍റ് മേഖലയില്‍ പുതിയ നിയന്ത്രണം കൊണ്ടുവരാന്‍ നീക്കം നടക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios