ഏറ്റവും ധനികനായ പ്രധാനമന്ത്രി, വരുമാനം 23 കോടി; ബ്രിട്ടനില്‍ ചരിത്രമെഴുതുന്ന ഇന്ത്യൻ വംശജൻ അടച്ച നികുതി
ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ധനികനായ പ്രധാനമന്ത്രിയാണ് ഋഷി സുനക്. കഴിഞ്ഞ സാമ്പത്തിക വർഷം നികുതിയായി അടച്ചത് ഏകദേശം അഞ്ചര കോടി രൂപയ്ക്ക് മുകളിലാണ്
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ സാമ്പത്തിക വർഷം നികുതിയായി അടച്ചത് 508,000 പൗണ്ട്, അതായത് ഏകദേശം അഞ്ചര കോടി രൂപയ്ക്ക് മുകളിൽ. നിക്ഷേപത്തിൽ നിന്നുള്ള വരുമാനം അദ്ദേഹത്തിൻ്റെ ഔദ്യോഗിക ശമ്പളത്തിൽ കുറവുണ്ടാക്കിയതായി ഋഷി സുനകിൻ്റെ അക്കൗണ്ടൻ്റുമാരുടെ റിപ്പോർട്ട് പറയുന്നു. എത്രയാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ വരുമാനം എന്നറിയണ്ടേ.. ശമ്പളമായും ബിസിനെസ്സിൽ നിന്നുമെല്ലാമായി കഴിഞ്ഞവർഷത്തെ വരുമാനം 2.2 മില്യൻ പൗണ്ട് ആണ്. അതായത് ഏകദേശം 22 കോടി രൂപ.
ഇന്ത്യൻ ഐടി സേവന കമ്പനിയായ ഇൻഫോസിസിന്റെ സഹ സ്ഥാപകരിൽ ഒരാളായ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയെയാണ് ഋഷി സുനക് വിവാഹം ചെയ്തിരിക്കുന്നത്. ഭാര്യയുടെ ആസ്തി കൂടി കണക്കിലെടുക്കുമ്പോൾ ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ധനികനായ പ്രധാനമന്ത്രിയാണ് ഋഷി സുനക്.
2022 23 സാമ്പത്തിക വർഷത്തിൽ ശമ്പളമായി 139,000 പൗണ്ടും നിക്ഷേപത്തിൽ നിന്നുള്ള വരുമാനമായി 2.1 ദശലക്ഷം പൗണ്ടും സുനക് നേടിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനു പുറമേ അമേരിക്കയിലെ ഇൻവെസ്റ്റ്മെന്റ് ഫണ്ടിൽനിന്നുള്ള 1.8 മില്യൻ വരുമാനത്തിന് ക്യാപിറ്റൽ ഗെയിൻ ടാക്സായി 359,240 പൗണ്ടും നൽകി. സുനക്കിൻ്റെ അക്കൗണ്ടൻ്റുമാരായ എവ്‌ലിൻ പാർട്‌ണേഴ്‌സിൻ്റെ റിപ്പോർട്ട് പ്രകാരം, പ്രധാനമന്ത്രിയുടെ എല്ലാ നിക്ഷേപ വരുമാനവും മൂലധന നേട്ടവും "ഒറ്റ, യുഎസ് അധിഷ്ഠിത നിക്ഷേപ ഫണ്ടുമായി" ബന്ധപ്പെട്ടിരിക്കുന്നു.
അടച്ച മൊത്തം നികുതിയുടെ 70 ശതമാനവും ഓഹരികൾ പോലുള്ള നിക്ഷേപങ്ങളുടെ വിൽപ്പനയിൽ നിന്നുള്ള ലാഭത്തിൻ്റെ നികുതിയാണ്. തൻ്റെ വരുമാനത്തിൻ്റെ വിശദാംശങ്ങൾ നൽകാൻ ബാധ്യസ്ഥനല്ലെങ്കിലും, തൻ്റെ സ്വകാര്യ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ സുതാര്യത നൽകുന്നതിന് വരുമാന കണക്കുകൾ പുറത്തുവിടുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ചെയ്തത്.