വന്‍ തിരിച്ചുവരവിന് ബിസ്‌ലേരി; ബ്രാൻഡ് അംബാസഡറായി ദീപിക പദുകോൺ
50 വർഷത്തിലേറെ പഴക്കമുള്ള ബിസ്‌ലേരി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പാക്കേജ്ഡ് കുടിവെള്ളത്തിന്റെ നിർമ്മാതാക്കളാണ്,
ഒരു കാലത്ത് വില്‍പനയ്ക്ക് വച്ച കുടിവെള്ള കമ്പനിയായ ബിസ്‌ലേരി വന്‍ തിരിച്ചുവരവിനൊരുങ്ങുന്നു. കമ്പനിയെ നയിക്കുന്നതിന് ഉടമായ രമേഷ് ചൗഹാന്‍റെ മകളായ ജയന്തി ചൗഹാന്‍റെ നേതൃത്വത്തിലാണ് പുതിയ ബിസിനസ് തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ബിസ്‌ലേരിയുടെ ആഗോള ബ്രാൻഡ് അംബാസഡറായി ദീപിക പദുകോണിനെ തിരഞ്ഞെടുത്തു. വളരെ വ്യത്യസ്തമായ പ്രചാരണ പരിപാടിയാണ് ദീപിക പദുകോണിനെ മുന്‍നിര്‍ത്തി ബിസ്‌ലേരി പ്ലാന്‍ ചെയ്യുന്നത്. ബിസ്‌ലേരിയെപ്പോലെയുള്ള ബ്രാൻഡുമായി സഹകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ദീപിക പദുകോൺ പറഞ്ഞു .ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം പാനീയ കമ്പനികളിലൊന്നാണ്. 50 വർഷത്തിലേറെ പഴക്കമുള്ള ബിസ്‌ലേരി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പാക്കേജ്ഡ് കുടിവെള്ളത്തിന്റെ നിർമ്മാതാക്കളാണ്, 114 ഗുണനിലവാര പരിശോധനകളാണ് നടത്തുന്നത്. 10-ഘട്ടമുള്ള ശുദ്ധീകരണവും നടത്തുന്നുണ്ട്.
ബിസ്‌ലേരി ഇന്റർനാഷണലിന് 128 നിർമാണ പ്ലാന്റുകളാണുള്ളത്. ഇന്ത്യയിലും യുഎഇ വിപണിയിലുമായി 6,000 വിതരണക്കാരുമുണ്ട്. 7,500 വിതരണ ട്രക്കുകളുള്ളതിനാൽ ശക്തമായ വിതരണ ശൃംഖലയാണ് ബിസ്‌ലേരിക്കുള്ളത്. പല ഫ്ലേവറുകളിൽ ലഭ്യമായ വൈവിധ്യമാർന്ന കാർബണേറ്റഡ് പാനീയങ്ങളും കമ്പനി പുറത്തിറക്കുന്നുണ്ട്. പാക്കേജുചെയ്ത കുടിവെള്ള വ്യവസായത്തിലെ കടുത്ത മത്സരം ഉണ്ടായിരുന്നിട്ടും, കുപ്പിവെള്ള വിഭാഗത്തിൽ 60% വിഹിതവുമായി ബിസ്‌ലേരി ഇന്ത്യയിലെ വിപണിയിൽ ഒന്നാമനാണ്. കൊക്കകോള ഇന്ത്യയുടെ ബ്രാൻഡായ കിൻലി, പെപ്‌സികോയുടെ അക്വാഫിന, ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (ഐആർസിടിസി) റെയിൽ നീർ, പാർലെ ആഗ്രോയിൽ നിന്നുള്ള ബെയ്‌ലി എന്നിവയാണ് ഈ മേഖലയിൽ മത്സരിക്കുന്ന മറ്റ് പ്രധാന കമ്പനികൾ.
നേരത്തെ ടാറ്റ കൺസ്യൂമർ പ്രൊഡക്‌ട്‌സ് ബിസ്‌ലേരി ഇന്റർനാഷണലിനെ 6,000-7,000 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. റിലയൻസ് റീട്ടെയിൽ, നെസ്ലെ, ഫ്രഞ്ച് മൾട്ടിനാഷണൽ ഫുഡ്-പ്രൊഡക്ട്സ് കമ്പനിയായ ഡാനോൺ എന്നിവയും ബിസ്‌ലേരിയെ ഏറ്റെടുക്കാൻ രംഗത്തുണ്ടായിരുന്നു. എന്നാൽ ബിസ്‌ലേരി ബ്രാൻഡിന്റെ ഉടമ രമേഷ് ചൗഹാന്റെ ഏക മകളായ ജയന്തി ചൗഹാൻ കമ്പനിയെ നയിക്കുന്നതിന് രംഗത്തെത്തിയതോടെ വിൽപന നീക്കങ്ങൾ അവസാനിക്കുകയായിരുന്നു.