'ഇനി കാണപ്പോകത് നിജം', കളം മാറ്റി ചവിട്ടാൻ ആമസോണ്‍; ഇത് വമ്പൻ പ്രഖ്യാപനം
ബ്രാന്‍റഡ് അല്ലാത്ത ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനായി ആമസോണ്‍ ബസാര്‍ എന്ന പേരില്‍ പ്രത്യേക വിഭാഗം ആരംഭിക്കാൻ ആമസോണ്‍
ഓണ്‍ലൈനായി വില കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് ചൂടപ്പം പോലെ വിറ്റഴിയുമ്പോള്‍ ആ മേഖലയിലേക്ക് കൂടി പ്രവേശിക്കാനൊരുങ്ങി ഇ കോമേഴ്സ് ഭീമനായ ആമസോണ്‍. ബ്രാന്‍റഡ് അല്ലാത്ത ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനായി ആമസോണ്‍ ബസാര്‍ എന്ന പേരില്‍ പ്രത്യേക വിഭാഗം ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. 600 രൂപയിൽ താഴെ വിലയുള്ള വസ്ത്രങ്ങൾ, വാച്ചുകൾ, ഷൂ , ആഭരണങ്ങൾ, ലഗേജുകൾ എന്നിവയുൾപ്പെടെ ബ്രാൻഡ് ചെയ്യാത്ത ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ ഉൽപ്പന്നങ്ങൾ ആയിരിക്കും ആമസോൺ ബസാറിൽ ലഭിക്കുക. ഇത്തരം ഉൽപ്പന്നങ്ങള്‍ വിൽക്കുന്നവരുടെ ഓൺബോർഡിംഗ് പ്രക്രിയ ആരംഭിച്ചു.
കുറഞ്ഞ വിലയുള്ളതും ബ്രാൻഡ് ചെയ്യപ്പെടാത്തതുമായ ഉൽപ്പന്നങ്ങള്‍ വിൽപന നടത്തുന്നവരിൽ മുൻനിരയിലുള്ള മീഷോ, ഫ്ലിപ്പ്കാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പ്സി എന്നിവയ്ക്ക് വെല്ലുവിളിയുയർത്തിയാണ് ആമസോൺ ബസാർ എത്തുന്നത്. കൂടാതെ, മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ പ്ലാറ്റ്‌ഫോമായ അജിയോയുമായും ആമസോൺ ബസാർ മത്സരിക്കും.
2023 ഡിസംബറിൽ ആമസോൺ ഇന്ത്യയ്ക്ക് 13 ശതമാനം വളർച്ച മാത്രമാണ് കൈവരിക്കാനായത്. ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും പിന്നിലാണ് ആമസോൺ എന്ന് വിപണി ഗവേഷണ സ്ഥാപനമായ ബെർൺസ്റ്റൈന്റെ ജനുവരി മാസത്തിലെ റിപ്പോർട്ട് വ്യക്തമാക്കുന്നു. വ്യാപാരികൾക്ക് സീറോ റഫറൽ ഫീസ് വാഗ്ദാനം ചെയ്യാനും കമ്പനി പദ്ധതിയിടുന്നു . ഒരു വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം, ആമസോൺ ഇന്ത്യയിൽ ₹ 830 കോടിയും ആമസോൺ പേയിൽ ₹ 350 കോടിയും നിക്ഷേപിച്ചു. ഇന്ത്യൻ വിപണിയിലെ വളർച്ചയിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിക്ഷേപം.