അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനം, അവധി പ്രഖ്യാപനവുമായി ആർബിഐ, ഓഹരി വിപണികൾക്കും അവധി
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും തിങ്കളാഴ്ച പൂർണ അവധിയായിരിക്കും. പകരം ശനിയാഴ്ച ഓഹരി വിപണികൾ പ്രവർത്തിക്കും.
ദില്ലി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് ഓഹരി വിപണികൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപനവുമായി ആർബിഐ. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും തിങ്കളാഴ്ച പൂർണ അവധിയായിരിക്കും. പകരം ശനിയാഴ്ച ഓഹരി വിപണികൾ പ്രവർത്തിക്കും. മണി മാർക്കറ്റ്, വിദേശ വിനിമയം, ഗവൺമെൻ്റ് സെക്യൂരിറ്റിസ് സെറ്റിൽമെൻറ് എന്നീ ഇടപാടുകൾക്കെല്ലാം 22 ന് അവധിയാണ്. ആക്സിസ് ബാങ്ക് എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയ്ക്കും 22ന് സമ്പൂർണ്ണ അവധിയായിരിക്കും.
അതേസമയം, അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് കൂടുതൽ സംസ്ഥാനങ്ങൾ പൊതു അവധി പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ്. മധ്യപ്രദേശിലും സർക്കാർ സ്ഥാപനങ്ങൾക്കടക്കം ഉച്ചവരെ അവധി പ്രഖ്യാപിച്ചു. ബിജെപി ഭരിക്കുന്ന 10 സംസ്ഥാനങ്ങളാണ് ഇതിനോടകം ജനുവരി 22 ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് ഇതിനോടകം ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അയോധ്യയിൽ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച ചടങ്ങുകൾ അഞ്ചാം ദിവസവും തുടരും.