അയോധ്യയിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് വില അമ്പരപ്പിക്കുന്നത്; തായ്‌ലൻഡ്, ഹോങ്കോങ്ങ് എന്നിവയേക്കാൾ ചെലവേറിയത്
മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ജനുവരി 20നാണ് അയോധ്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് ഉയർന്ന നിലയിലുള്ളത്. ഭൂരിപക്ഷം ആളുകളും ചടങ്ങിന് ഒരു ദിവസം മുൻപ് അയോധ്യയിൽ എത്താൻ സാധ്യതയുണ്ട്.
രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തോട് അനുബന്ധിച്ച് അയോധ്യയിലേക്ക് പോകാൻ പ്ലാനുണ്ടോ? ട്രെയിൻ ടിക്കറ്റ് ലഭിക്കണമെങ്കിൽ വെയ്റ്റിംഗ് ലിസ്റ്റ് ഇപ്പോൾ തന്നെ നീണ്ടിട്ടുണ്ട്. ജനുവരി 22 ന് അയോധ്യയിൽ എത്തണമെങ്കിൽ വിമാനമാർഗമാണ് ഇനി അവശേഷിക്കുന്നത്. എന്നാൽ അയോധ്യയിലേക്കുള്ള വിമാനത്തിന്റെ നിരക്ക് കേട്ടാൽ നിങ്ങൾ ഞെട്ടും. തായ്‌ലൻഡ്, സിംഗപ്പൂർ, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് അയോധ്യയിലേക്ക് ഫ്ലൈറ്റ് ടിക്കറ്റ് നിരക്ക് കൂടുതലാണ്.
രാജ്യത്തിന്റെ നാല് കോണുകളിൽ നിന്നും അയോധ്യയിലേക്ക് വിമാന സർവീസ് ഉണ്ട്. ദില്ലിക്ക് പുറമെ അഹമ്മദാബാദ്, കൊൽക്കത്ത, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് വിമാന സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. പ്രതിഷ്ഠ ദിനനത്തിൽ മൂന്ന് ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ യാത്രക്കാർ അയോധ്യയിലേക്ക് എത്തുമെന്നാണ് സൂചന. രാമക്ഷേത്ര നിർമ്മാണത്തോടെ അയോധ്യ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമായും വിനോദസഞ്ചാര കേന്ദ്രമായും മാറുകയാണ്. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുമ്പ് തന്നെ വിനോദസഞ്ചാരികൾ നഗരത്തിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ജനുവരി 20നാണ് അയോധ്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് ഉയർന്ന നിലയിലുള്ളത്. ഭൂരിപക്ഷം ആളുകളും ചടങ്ങിന് ഒരു ദിവസം മുൻപ് അയോധ്യയിൽ എത്താൻ സാധ്യതയുണ്ട്.
ദില്ലിയിൽ നിന്നും സാധാരണ ദിവസങ്ങളിൽ 5000 മുതൽ 7000 രൂപ വരെയാണ് അയോധ്യയിലേക്കുള്ള ടിക്കറ്റ് നിരക്ക്. എന്നാൽ ജനുവരി 20ന് 15193 രൂപയാണ് നിരക്ക്. ബെംഗളൂരുവിൽ നിന്ന് അയോധ്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 19358 രൂപയുമാണ്. മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ നിന്ന് അയോധ്യയിലേക്ക് എത്തണമെങ്കിൽ ആദ്യം ദിലിയിൽ എത്തണം, ഉദാഹരണത്തിന്, മുംബൈയിൽ നിന്ന് അയോധ്യയിലേക്ക് പോകണമെങ്കിൽ, ആദ്യം ദില്ലിയിൽ വരണം. മുംബൈയിൽ നിന്ന് ദില്ലിവഴി അയോധ്യയിലേക്കുള്ള നിരക്ക് 33534 രൂപയാണ്.
അതേസമയം, ദില്ലിയിൽ നിന്നും തായ്‌ലൻഡിലേക്കുള്ള നിരക്ക് 16399 രൂപയും ദില്ലിയിൽ നിന്നും ഹോങ്കോങ്ങിലേക്ക് 9314 രൂപയും സിംഗപ്പൂരിലേക്ക് 12202 രൂപയുമാണ്.