വിപണി പ്രതീക്ഷ എത്രത്തോളം, ആപ്പിൾ പേ ഇന്ത്യയിലേക്ക്! ടെക്ക് ഭീമനുമായി എൻപിസിഐ ചർച്ച നടത്തിയെന്ന് റിപ്പോർട്ട്
ആപ്പിൾ പേ യുടെ പ്രാദേശികവൽക്കരിച്ച പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള പദ്ധതികൾ ഒരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ
രാജ്യത്ത് ഡിജിറ്റൽ രൂപത്തിലുള്ള പേയ്മെന്റുകൾ ദിനം പ്രതി വർദ്ധിച്ചു വരികയാണ്. അതിനിടയിലാണ് ആപ്പിൾ പേ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻ പി സി ഐ) ആപ്പിൾ ചർച്ച നടത്തുന്നുവെന്ന പുതിയ റിപ്പോർട്ടും പുറത്തുവന്നത്. ടെക് ഭീമൻ പ്രാഥമിക ചർച്ചകൾ നടത്തിയെന്നും, ആപ്പിൾ പേ യുടെ പ്രാദേശികവൽക്കരിച്ച പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള പദ്ധതികൾ ഒരുങ്ങുകയാണെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഐ എ എൻ എസ് റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിലെ ഐഫോൺ ഉപയോക്താക്കൾക്ക് മറ്റ് ജനപ്രിയ ഡിജിറ്റൽ പേയ്‌മെന്റ് ആപ്ലിക്കേഷനുകൾക്ക് സമാനമായി ആപ്പിൾ പേ ഉപയോഗിച്ച് ക്യു ആർ കോഡുകൾ സ്‌കാൻ ചെയ്യാനും യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു പി ഐ) വഴി പേയ്‌മെന്റുകൾ നടത്താനും ഉടൻ കഴിഞ്ഞേക്കും. ചർച്ചകളുടെ വിശദാംശങ്ങളും, എപ്പോൾ ലോഞ്ച് ചെയ്യുമെന്നതുൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആപ്പിൾ പേയുടെ വരവോടെ ഇന്ത്യയിലെ ഐ ഫോൺ ഉപയോക്താക്കൾക്ക് സുഗമവും സുരക്ഷിതവുമായ പേയ്‌മെന്റ് അനുഭവം ലഭ്യമാക്കാൻ കഴിയുമെന്നാണ് വിപണി പ്രതീക്ഷ. നിരവധി രാജ്യങ്ങളിൽ ആപ്പിൾ പേ ഇതിനകം ലഭ്യമാണെങ്കിലും, ഇന്ത്യയിലെ ലോഞ്ച് അതിന്റെ വ്യാപ്തി കൂടുതൽ വിപുലീകരിക്കുകയും ഉപയോക്താക്കൾക്ക് ഡിജിറ്റൽ പേയ്‌മെന്റുകൾക്കായി കൂടുതൽ ഓപ്ഷനുകൾ നൽകുകയും ചെയ്യും. അതേസമയം ആപ്പിൾ ഇന്ത്യയിൽ ക്രെഡിറ്റ് കാർഡും പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്.
രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾക്കായി വ്യാപകമായി ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമാണ് യു പി ഐ. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻ പി സി ഐ) കണക്കുകൾ പ്രകാരം മെയിലെ അവസാന പത്ത് ദിവസങ്ങളിൽ ഏകദേശം 3.96 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ നടന്നു. കഴിഞ്ഞ സാമ്പത്തികവർഷം 8300 കോടി ഇടപാടുകളിലായി 139 ലക്ഷം കോടിരൂപയാണ് ഇടപാടാണ് നടന്നത്. 2016 ലാണ് യു പി ഐ സംവിധാനം രാജ്യത്ത് അവതരിപ്പിച്ചത്. നിലവിൽ, രാജ്യത്തെ ഏറ്റവും സ്വീകാര്യതയുള്ള പേയ്മെന്റ് രീതിയായി യു പി ഐ മാറിയിട്ടുണ്ട്. നഗരത്തിലെ വലിയ വലിയ ഷോപ്പിംഗ് മാളുകൾ മുതൽ നാട്ടിൻപുറത്തെ പെട്ടിക്കടകൾ വരെ ഇപ്പോൾ പ്രിയം യു പി ഐ ഇടപാടുകൾ ആണ്.2026-27 ഓടെ യു പി ഐ ഇടപാടുകൾ പ്രതിദിനം 1 ബില്ല്യണിലെത്തുമെന്ന് എൻ പി സി ഐ പ്രതീക്ഷിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...